27 April Saturday

കോവിഡ്‌ ബാധിച്ച ആരോഗ്യപ്രവർത്തകരിൽ ഏറെയും സ്ത്രീകൾ

വെബ് ഡെസ്‌ക്‌Updated: Friday Sep 18, 2020
കൊല്ലം
ജില്ലയിൽ കോവിഡ്‌ ബാധിതരായ ആരോഗ്യപ്രവർത്തകരിൽ 71.55 ശതമാനവും സ്‌ത്രീകൾ. 28.45 ശതമാനമാണ്‌ പുരുഷന്മാർ. രോഗം ബാധിച്ചവരിൽ 62.4 ശതമാനത്തിനും ലക്ഷണം പ്രകടമായിരുന്നില്ലെന്നും‌ ആരോഗ്യവിഭാഗം നടത്തിയ പഠന റിപ്പോർട്ടിൽ പറയുന്നു. 
രോഗബാധിതരായ ആരോഗ്യപ്രവർത്തകരിൽ 45 ശതമാനവും നേഴ്‌സുമാരാണ്‌. തൊട്ടുപിറകിൽ നേഴ്‌സിങ്‌ അസിസ്റ്റന്റ്‌, സെക്യൂരിറ്റി തുടങ്ങി ആശുപത്രികളിലെ മറ്റു വിഭാഗം ജീവനക്കാരാണ്‌ –-22 ശതമാനം. 
ഡോക്ടർമാരിൽ 16 ശതമാനം പേർക്കും കോവിഡ്‌ പോസിറ്റീവായി. കോവിഡ്‌ പ്രതിരോധത്തിന്‌ പരിശീലനം നേടിയവരായിരുന്നു ഇവരെല്ലാം. 2.49 ശതമാനമാണ് ആരോഗ്യപ്രവർത്തകരിൽ രോഗവ്യാപനത്തോത്‌‌.  
രോഗബാധിതരുടെ ശരാശരി വയസ്സ്‌‌ 37 ആണ്‌. ശക്തമായ പ്രതിരോധ സജ്ജീകരണങ്ങളുമായാണ്‌ ജീവനക്കാർ പ്രവർത്തിക്കുന്നതെങ്കിലും രോഗം പകരാൻ ഇടയാക്കിയത്‌ സാമൂഹിക അകലം പാലിക്കുന്നതിലും പിപിഇ കിറ്റ്‌ ധരിക്കുന്നതിലുമുണ്ടായ വീഴ്‌ചയാണെന്നും റിപ്പോർട്ടിലുണ്ട്‌. 
58 ശതമാനം പൊലീസുകാർക്കും  
പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട 58 ശതമാനം പൊലീസുകാരും കോവിഡ്‌ സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു. മറ്റു‌ വകുപ്പുകളിലെ ജീവനക്കാർ 27 ശതമാനമാണ്. 12 ശതമാനം ജനപ്രതിനിധികൾക്കും മൂന്നു‌ ശതമാനം ആംബുലൻസ്‌ ഡ്രൈവർമാർക്കും രോഗം പിടിപെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top