26 April Friday

സ്‌ക്വാഡുകൾ സജീവം

വെബ് ഡെസ്‌ക്‌Updated: Sunday Apr 18, 2021

കൊട്ടാരക്കരയിൽ ബസുകളിൽ പൊലീസ്‌ പരിശോധന നടത്തുന്നു

കൊല്ലം
കോവിഡ് മാനദണ്ഡ പാലനം ഉറപ്പാക്കാൻ നടത്തുന്ന സ്‌ക്വാഡ് പരിശോധന  തുടരുന്നു. വീഴ്ചകൾക്ക് അവയുടെ തോത് കണക്കാക്കി താക്കീതും ശിക്ഷയും നൽകുന്നു. ജനക്കൂട്ട സാധ്യതാ മേഖലകളും വാണിജ്യ -വ്യാപാര സ്ഥാപനങ്ങളും ഇതര സ്ഥാപനങ്ങളുമെല്ലാം പരിശോധനയ്‌ക്ക് വിധേയമാക്കുന്നു. സാമൂഹ്യ അകലം പാലിക്കുന്നത് മുതൽ മാസ്‌ക്ധാരണവും സാനിറ്റൈസർ ഉപയോഗവും കൃത്യമാണെന്ന് തീർച്ചപ്പെടുത്താനാണ് സ്‌ക്വാഡുകൾ പ്രവർത്തിക്കുന്നത്. 
 അഞ്ചൽ മേഖലയിൽ 56 കടകളിൽ പരിശോധന നടത്തി. മാനദണ്ഡം പാലിക്കാത്ത  ഏഴു കടകൾക്ക് പിഴയിട്ടു.  എട്ടു കടകൾക്ക് താക്കീത്‌ നൽകി.  ആർഡിഒ ബി ശശികുമാർ, തഹസിൽദാർ പി വിനോദ് കുമാർ എന്നിവർ നേതൃത്വം നൽകി. എൽആർ ഡെപ്യൂട്ടി കലക്ടർ പി ബി സുനിൽകുമാർ, പത്തനാപുരം  തഹസിൽദാർ സജി എസ്‌ കുമാർ എന്നിവരുടെ നേതൃത്വത്തിൽ വിളക്കുടി, കുന്നിക്കോട് പ്രദേശങ്ങളിലായിരുന്നു പരിശോധന. 10 കടകൾക്കെതിരെ മാനദണ്ഡം മറികടന്നതിന് നടപടി സ്വീകരിച്ചു. 
കുന്നത്തൂർ താലൂക്കിലെ ശൂരനാട് നോർത്ത്-സൗത്ത്, ചക്കുവള്ളി, പതാരം എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ നാലു കടകളിൽ നിന്നും പിഴ ഈടാക്കി. എഡിഎം അലക്‌സ് പി തോമസ്, കുന്നത്തൂർ തഹസിൽദാർ (എൽആർ) എം നിസാം എന്നിവരാണ് നേതൃത്വം നൽകിയത്‌.
കൊട്ടാരക്കര  തഹസിൽദാർ ശ്രീകണ്ഠൻ നായരുടെ നേതൃത്വത്തിൽ പുത്തൂർ മേഖലയിലെ നാൽപതോളം കടകളിൽ പരിശോധന നടത്തി. 30 കടകൾക്ക് താക്കീതും നാലു കടകളിൽനിന്ന് പിഴയും ഈടാക്കി.  
ടെയ്ക്ക് എവേ കൗണ്ടറുകൾ രാത്രി 11 വരെ 
ഹോട്ടൽ- റസ്‌റ്റോറന്റുകളിലെ ടെയ്ക്ക് എവേ കൗണ്ടറുകൾക്ക് രാത്രി 11 വരെ പ്രവർത്തിക്കാൻ അനുമതി നൽകിയതായി കലക്ടർ അറിയിച്ചു. ഹോട്ടലുകൾക്ക് കോവിഡ് മാനദണ്ഡപാലനം സംബന്ധിച്ച മറ്റു നിബന്ധനകളിൽ മാറ്റമില്ലെന്നും വ്യക്തമാക്കി.
സമ്പർക്കപ്പട്ടികയിലുള്ളവർക്കും പരിശോധന 
കോവിഡ് ബാധിതരുമായി സമ്പർക്കത്തിലുള്ളവർ ആർടിപിസിആർ പരിശോധന നടത്താൻ ആരോഗ്യവകുപ്പ് നിർദേശം. സമ്പർക്ക വ്യാപനം തടയാനാണ്‌  നടപടി. സമ്പർക്ക റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ച് തുടർ പ്രവർത്തനം നടത്താനാണ് തീരുമാനം. നിയന്ത്രിത- ആൾക്കൂട്ട സാധ്യതാ മേഖലകളിൽ  പ്രത്യേക പരിശോധനയ്ക്കായി ക്യാമ്പയിനുകൾ തുടരും. ശനിയാഴ്‌ച എല്ലാ താലൂക്കാശുപത്രികളിലും ഞായറാഴ്‌ച എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും സ്‌പെഷ്യൽ ടെസ്റ്റ് ഡ്രൈവ് ഏർപ്പെടുത്തി. വൃദ്ധസദനങ്ങളിൽ രണ്ടു മാസത്തിലൊരിക്കൽ ചാക്രികമായി പരിശോധന നടത്തും.  
ഡ്രൈവിങ്‌ ടെസ്റ്റിന്  
കോവിഡ് പരിശോധന
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഞായറാഴ്‌ച മുതൽ  താലൂക്കുകളിലെ ഡ്രൈവിങ്‌ ടെസ്റ്റ് കേന്ദ്രങ്ങളിൽ ആരോഗ്യ വകുപ്പ് കോവിഡ് നിർണയ പരിശോധന നടത്തും.  ട്രക്ക്/ടാക്‌സി ഡ്രൈവർമാർക്കും കോവിഡ് പരിശോധനയ്‌ക്കുള്ള ക്രമീകരണമായെന്ന്‌  ആർടിഒ അറിയിച്ചു. 
സ്‌പെഷ്യൽ ടെസ്റ്റിങ്‌ ഡ്രൈവ്: 24,368 എണ്ണം 
രണ്ടു ദിവസങ്ങളിൽ ജില്ലയിലെ പ്രതിദിന പരിശോധന ഇരുപതിനായിരത്തിലധികം. ശനിയാഴ്‌ച 24,368 പേർക്ക്‌ പരിശോധന നടത്തി. ആരോഗ്യ വകുപ്പിലെ ജില്ലാ പ്രോഗ്രാം ഓഫീസർമാർക്ക് പ്രത്യേക ചുമതല നൽകിയാണിത്‌.  75 ശതമാനം ആർടിപിസിആർ പരിശോധനയും 25 ശതമാനം ആന്റിജൻ പരിശോധനയുമാണ് ലക്ഷ്യം. ടാർജറ്റ് ഉയരുന്നതനുസരിച്ച് മുൻകൂർ ഓർഡർ നൽകിയാൽ വേണ്ടത്ര ആന്റിജൻ കിറ്റുകളും സ്വാബുകളും വൈറൽ ട്രാൻസ്‌പോർട്ട് മീഡിയവും ലഭ്യമാക്കുമെന്ന് ഡിഎംഒ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top