27 April Saturday

സംസ്ഥാന നേതാവ് ഉൾപ്പെടെ ആർഎസ്‌പി വിട്ടു

സ്വന്തം ലേഖകൻUpdated: Tuesday Jan 18, 2022

ആർഎസ്‌പി വിട്ട നേതാക്കളെ സിപിഐ എം ജില്ലാ സെക്രട്ടറി എസ്‌ സുദേവൻ രക്തഹാരമണിയിച്ച്‌ സ്വീകരിച്ചപ്പോൾ

കൊല്ലം
ആർഎസ്‌പിക്ക്‌ കനത്ത തിരിച്ചടി നൽകി സംസ്ഥാന സെക്രട്ടറിയറ്റ്‌അംഗം ഉൾപ്പെടെയുള്ള നേതാക്കൾ പാർടിവിട്ടു. സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം ആർ ശ്രീധരൻപിള്ള, ജില്ലാ കമ്മിറ്റി അംഗം ബി പ്രശാന്ത്‌, ആർവൈഎഫ്‌ നേതാക്കളായ ആർ പ്രദീപ്‌, ആർ ശ്രീരാജ്‌ എന്നിവരാണ്‌ രാജിവച്ചത്‌. ഇവർ സിപിഐ എമ്മുമായി സഹകരിച്ച്‌ പ്രവർത്തിക്കും. 
സിപിഐ എം ജില്ലാകമ്മിറ്റി ഓഫീസായ എൻ എസ്‌ സ്‌മാരകത്തിൽ എത്തിയ നേതാക്കളെ ജില്ലാ സെക്രട്ടറി എസ്‌ സുദേവൻ രക്തഹാരമണിയിച്ച്‌ സ്വീകരിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എം എച്ച്‌ ഷാരിയർ, ജില്ലാ സെക്രട്ടറിയറ്റ്‌ അംഗങ്ങളായ എക്‌സ്‌ ഏണസ്‌റ്റ്‌, എം ശിവശങ്കരപ്പിള്ള, കൊട്ടിയം ഏരിയ സെക്രട്ടറി എൻ സന്തോഷ്‌, ജില്ലാ കമ്മിറ്റി അംഗം എം വിശ്വനാഥൻ എന്നിവരും പങ്കെടുത്തു. 
യുഡിഎഫിന്റെ ചട്ടുകമായ ആർഎസ്‌പിയുടെ രാഷ്‌ട്രീയ പ്രസക്തി നഷ്ടപ്പെട്ടുവെന്നും പാർടിയിൽ കാര്യങ്ങൾ വ്യക്തികേന്ദ്രീകൃതമാണെന്നും ശ്രീധരൻപിള്ള പറഞ്ഞു. യുടിയുസി സംസ്ഥാന വൈസ്‌ പ്രസിഡന്റും മോട്ടോർത്തൊഴിലാളി ക്ഷേമനിധി ബോർഡ്‌ മുൻ ചെയർമാനുമായ ശ്രീധരൻപിള്ള നേരത്തെ ആർഎസ്‌പി ബി ജില്ലാ സെക്രട്ടറിയായിരുന്നു. തൃക്കടവൂർ പഞ്ചായത്ത്‌ മുൻ പ്രസിഡന്റും കൊല്ലം കോർപറേഷൻ മുൻ കൗൺസിലറുമാണ്‌ ഡി പ്രശാന്ത്‌. ആർവൈഎഫ്‌ കുണ്ടറ മണ്ഡലം കമ്മിറ്റി അംഗമാണ്‌ ആർ പ്രദീപ്‌. ആർ ശ്രീരാജ്‌ പിഎസ്‌യു ബി മുൻ ജില്ലാ  പ്രസിഡന്റാണ്‌.
 
പ്രേമചന്ദ്രന്റെ വ്യക്തിതാൽപ്പര്യത്തിനൊപ്പമല്ല പ്രവർത്തകർ: 
എസ്‌ സുദേവൻ
കൊല്ലം
എൻ കെ പ്രേമചന്ദ്രന്റെ വ്യക്തിതാൽപ്പര്യത്തിനൊപ്പമല്ല ആർഎസ്‌പി പ്രവർത്തകരെന്ന് സിപിഐ എം ജില്ലാസെക്രട്ടറി എസ്‌ സുദേവൻ പറഞ്ഞു. ശ്രീധരൻപിള്ള ഉൾപ്പെടെയുള്ളവരുടെ രാജി ഇത്‌ തെളിയിക്കുന്നു. ജനകീയ പ്രശ്നങ്ങളിൽ ഇടപെടാൻ കഴിയാത്ത പാർടിയായി മാറിയ ആർഎസ്‌പി വലിയ പ്രതിസന്ധിയിലാണ്‌. 
ആർഎസ്‌പി യുഡിഎഫ് വിടണമെന്ന്‌ ആഗ്രഹിക്കുന്ന നിരവധി പേർ ആ പാർടിയിലുണ്ട്. ആർ എസ് ഉണ്ണിയുടെ സ്വത്ത് തട്ടിയെടുക്കാൻ നടത്തിയ കുതന്ത്രങ്ങൾ ആർഎസ്‌പിയെ കൂടുതൽ തകർച്ചയിലെത്തിക്കും. യുഡിഎഫിനൊപ്പം അധികകാലം തുടരാൻ അടിയുറച്ച ആർഎസ്‌പി പ്രവർത്തകർക്കാവില്ലെന്നും സുദേവൻ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top