26 April Friday

നിധി ലഭിക്കാൻ പൂജ; 
രമേശന്റെ തട്ടിപ്പ്‌ ഇവിടെയും

ജി കൃഷ്‌ണപ്രസാദ്‌Updated: Sunday Oct 17, 2021
കുന്നിക്കോട്
പൂജയിലൂടെ നിധി ലഭിക്കുമെന്നും ചൊവ്വാദോഷം മാറ്റാമെന്നും വാഗ്‌ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയതിന്‌ അറസ്റ്റിലായ വയനാട്‌ ലക്കിടി അറമല സ്വദേശി കുപ്ലിക്കാട്ടിൽ രമേശൻ (24)പുനലൂരിലും പരിസരത്തും സമാനമായ നിരവധി തട്ടിപ്പു നടത്തിയതായി വിവരം. കഴിഞ്ഞദിവസം കുന്നിക്കോട്ടെ വാടക വീട്ടിൽനിന്ന്‌ നിലമ്പൂർ പൊലീസ്‌ അറസ്റ്റ് ചെയ്‌ത ഇയാളുടെ ഫോട്ടോ പത്രത്തിൽ വന്നതോടെയാണ്‌ പലരും ഇയാൾ തട്ടിപ്പുകാരനാണെന്ന്‌ മനസ്സിലാക്കിയത്‌. ഇയാൾക്കെതിരെ ഇവിടെ ആരും പരാതി നൽകിയിട്ടില്ലെങ്കിലും പൊലീസ്‌ അന്വേഷണം തുടങ്ങിയിട്ടുണ്ട്‌. 
പൊറോട്ടയടിക്കാരൻ 
മൂന്നുവർഷം മുമ്പാണ്‌ രമേശൻ കുന്നിക്കോട്‌ നരിക്കൽ കല്ലടമുക്കിലെ തട്ടുകടയിൽ പൊറോട്ടയടിക്കാരനായി എത്തിയത്. പതിവുകാരുടെ വിശ്വാസം പിടിച്ചുപറ്റിയ രമേശൻ, തന്നെ ഇടുക്കിയിലുള്ള രാമൻ എന്നയാൾ പൂജാവിധികൾ പഠിപ്പിച്ചിട്ടുണ്ടെന്നും ഭൂമിയിൽ ഒളിഞ്ഞുകിടക്കുന്ന നിധി കണ്ടെത്താൻ കഴിയുമെന്നും പറഞ്ഞു. നിധി കിട്ടിയാൽ നിയമ സഹായത്തിനും വിൽപ്പനയ്‌ക്കും മാത്യൂസാർ എന്നയാൾ ഒപ്പമുണ്ടെന്നും ധരിപ്പിച്ചു. 
കടയിൽ സഹായിയായ യുവാവ് വഴി ഒരുവീട്ടിൽ നിധിക്കായുള്ള പൂജചെയ്തതായും അതിന്‌ 30,000 രൂപ വാങ്ങി. നിധി ഉയർന്നുവരാൻ 90 ദിവസം കാത്തിരിക്കണമെന്നും ഇയാൾ വീട്ടുകാരെ വിശ്വസിപ്പിച്ചു. നിധിയെടുക്കാൻ ആൾക്കാരെയും ഉപകരണങ്ങളും രമേശൻ നേരിട്ട് എത്തിക്കുമെന്നാണ് പറഞ്ഞത്‌.  
തട്ടിപ്പിനു പലവിധ മാർഗം
സഹായിയായി കിട്ടിയ യുവാവ് വഴി ഒരു വീട്ടമ്മയിൽനിന്ന് രണ്ടു പവന്റെ മാല വാങ്ങി പണയം വച്ചു. ഇതു കുടുംബ പ്രശ്നമായതോടെ, യുവാവ് തിരിച്ചെടുത്ത് നൽകി. പുനലൂർ വാളക്കോട് സ്വദേശിയായ യുവതിക്കൊപ്പമാണ്‌ ഇയാൾ നരിക്കലിൽ വീട് വാടകയ്‌ക്കെടുത്ത്‌ താമസിച്ചിരുന്നത്‌. തട്ടുകടയിൽ നിന്ന് ലഭിച്ച സൗഹൃദം ഉപയോഗിച്ച്‌ പുനലൂരിലെ വാഹന ഷോറൂമിൽ നിന്ന് സ്കൂട്ടർ വാങ്ങിയെങ്കിലും ആർസി ബുക്ക് പുനലൂർ ഓഫീസിൽ നിന്ന്‌ നേരിട്ട്  കൈപ്പറ്റി. വണ്ടിയുടെ വായ്‌പാ തിരിച്ചടവും തുടക്കം മുതൽ മുടക്കി. ഐക്കരകോണത്ത് വീടുനിർമാണം പാതിവഴിയിലായ വീട്ടുകാരെ സമീപിച്ച്‌, സംരക്ഷണ പൂജ കഴിച്ചാൽ 30 ദിവസത്തിനകം പണി പൂർത്തിയാക്കാനുള്ള തുക ലഭിക്കുമെന്ന് പറഞ്ഞെങ്കിലും അവർ തട്ടിപ്പിൽ വീണില്ല.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top