26 April Friday

സൂര്യപ്രഭയിൽ നാടിന്‌ വൈദ്യുതി

സ്വന്തം ലേഖികUpdated: Monday Sep 14, 2020
കൊല്ലം
ദിവസവും 3500 യൂണിറ്റ്‌ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന ജില്ലയിലെ ആദ്യത്തെ സോളാർ പാർക്ക്‌  ഉദ്‌ഘാടന സജ്ജമായി. സംസ്ഥാനത്തെ പ്രധാന ഗ്രൗണ്ട്‌ മൗണ്ടഡ്‌ പവർ പ്ലാന്റായ കെഎസ്‌ഇബി കൊട്ടിയം 110 കെവി സബ്‌സ്റ്റേഷൻ വളപ്പിലെ ‌സോളാർ പവർ പ്ലാന്റ്‌ 16ന് മന്ത്രി എം എം മണി നാടിന്‌ സമർപ്പിക്കും. വൈകിട്ട്‌ നാലിന്‌  ഓൺലൈൻ വഴിയാണ്‌ ഉദ്‌ഘാടനം.  ജി എസ്‌ ജയലാൽ എംഎൽഎ അധ്യക്ഷനാകും.
സെക്‌ഷന്‍ ഓഫീസ്‌ അങ്കണത്തിലെ രണ്ടേക്കറിൽ സ്ഥാപിച്ചിട്ടുള്ള പ്ലാന്റിൽ 600 കിലോവാട്ട്‌ വൈദ്യുതി ഉൽപ്പാദനത്തിനുള്ള ശേഷിയുണ്ട്‌. 340 വാട്ട്‌ ശേഷിയുള്ള 1800 പാനൽ ഭൗമോപരിതലത്തിൽ 50 നിരകളിലായി ക്രമീകരിച്ചാണ്‌ ഊർജവേട്ട. പ്ലാന്റിൽനിന്ന്‌ ലഭിക്കുന്ന സൗരോർജത്തെ വൈദ്യുതോർജമാക്കി  സെക്‌ഷനിലെ 11 കെവി ബസ്‌ വഴി 11 കെവി ഗ്രിഡിലേക്കാണ്‌ പ്രവഹിപ്പിക്കും‌. 450 വോൾട്ട്‌ വൈദ്യുതിയെ ട്രാൻസ്‌ഫോർമർ വഴി സ്റ്റെപ്പപ്‌ ചെയ്ത് 11,000 വോൾട്ടാക്കിയാണ്‌  ഗ്രിഡിലേക്ക്‌ നൽകുക. ഇങ്ങനെ ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി നേരിട്ട്‌ 11 കെവിയിലേക്ക്‌ ബന്ധിപ്പിക്കുന്നതിനുള്ള അനുബന്ധ ഉപകരണങ്ങളായി രണ്ട്‌ ട്രാൻസ്‌ഫോർമറുകളും 80 കിലോ വാട്ട്‌ ശേഷിയുള്ള എട്ട്‌ ഇൻവർട്ടറും ഉണ്ട്‌. 2019 മെയ്‌ 29ന്‌ ‌തുടക്കംകുറിച്ച പദ്ധതി ഈ ജനുവരി 24നാണ്‌ ‌പ്രവർത്തനക്ഷമമായത്‌‌. ഇന്റഗ്രേറ്റഡ്‌ പവർ ഡെവലപ്‌മെന്റ്‌ സ്‌കീമിൽ 3.26 കോടി രൂപ വിനിയോഗിച്ചാണ്‌ പദ്ധതി നടപ്പാക്കിയത്‌. 
നിർമാണച്ചുമതല വഹിച്ച കൊച്ചിയിലെ ഇൻകൽ ലിമിറ്റഡിനാണ്‌ അഞ്ചുവർഷത്തേക്ക്‌ അറ്റകുറ്റപ്പണി ഉൾപ്പെടെയുള്ള പരിപാലന ചുമതലയും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top