26 April Friday
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

കടിച്ചുകീറാൻ 
തെരുവുനായകളുണ്ട്‌

സ്വന്തം ലേഖകൻUpdated: Sunday Aug 14, 2022

ശാസ്‌താംകോട്ട റെയിൽവേ സ്‌റ്റേഷൻ ഓഫീസിനു മുന്നിലെ നായക്കൂട്ടം

കൊല്ലം
‘യാത്രക്കാർ ശ്രദ്ധിക്കുക...റെയിൽവേ സ്റ്റേഷനിൽ തെരുവുനായ ശല്യം രൂക്ഷമായതിനാൽ കടിയേൽക്കാനുള്ള സാധ്യതയുണ്ട്‌’... കടന്നുപോകുന്ന ട്രെയിനുകൾ സംബന്ധിച്ച അറിയിപ്പുകൾക്ക്‌ പുറമെ ഇങ്ങനെയൊരു അനൗൺസ്‌മെന്റ്‌ കൂടി നൽകേണ്ട സാഹചര്യമാണ്‌ ജില്ലയിലെ മിക്ക റെയിൽവേ സ്റ്റേഷനിലുമുള്ളത്‌. അത്രയ്‌ക്കുണ്ട്‌ തെരുവുനായ ശല്യം. പ്ലാറ്റ്‌ഫോമെന്നോ ഓഫീസ്‌ വരാന്തയെന്നോ സ്റ്റേഷനിലേക്കുള്ള വഴിയെന്നോയുള്ള വ്യത്യാസമില്ല. എല്ലായിടത്തും തെരുവുനായകൾ വിലസുകയാണ്‌. ഏതുനിമിഷവും കുരച്ചുചാടി കടിച്ചുകീറുമെന്ന ഭയവും പേറിയാണ്‌ യാത്രക്കാർ സ്റ്റേഷനിലെത്തുന്നത്‌. 
ശാസ്‌താംകോട്ടയിൽ കഴിഞ്ഞദിവസം റെയിൽവേ ജീവനക്കാരനെ നായ ആക്രമിച്ചു. സിഗ്നൽ വിഭാഗത്തിലെ ഷൈരാജാണ്‌ നായയയുടെ കടിയേറ്റ്‌ ചികിത്സയിൽ കഴിയുന്നത്‌. ഇതേ സ്റ്റേഷനിൽ കഴിഞ്ഞമാസം ഒരു കുട്ടിയെയും നായ ആക്രമിച്ചു. പുതിയ കെട്ടിടത്തിന്റെ മുൻവശത്തും സ്റ്റേഷൻ മാസ്റ്ററുടെ ഓഫീസ്‌ പടിക്കലും ട്രാക്കിലും നായകൾ വിഹരിച്ചിട്ടും നടപടിയുണ്ടാകുന്നില്ല. 
കൊല്ലം റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമുകളിലും രൂക്ഷമായ തെരുവുനായ ശല്യമാണുള്ളത്‌. പരവൂർ, ഇരവിപുരം, കരുനാഗപ്പള്ളി, കുണ്ടറ, എഴുകോൺ, കൊട്ടാരക്കര, പുനലൂർ, ആര്യങ്കാവ്‌ തുടങ്ങിയ സ്റ്റേഷനുകളിലും സമാനസാഹചര്യമാണ്‌. പ്ലാറ്റ്‌ഫോമിലെ ഇരിപ്പിടങ്ങളിൽ ഭക്ഷണം കഴിക്കുന്നവരെയും ബാഗും കവറും പിടിച്ചു നിൽക്കുന്നവരെയും പിറകിലൂടെവന്ന് നായ കടിക്കുന്ന സംഭവങ്ങളുമുണ്ടാകുന്നു. കുട്ടികളെ ഓടിച്ചിട്ടാണ്‌ ആക്രമിക്കുന്നത്‌. ഇതിനെക്കുറിച്ച്‌ പരാതിപ്പെടുമ്പോൾ തദ്ദേശ സ്ഥാപനങ്ങൾക്ക്‌ പരാതി നൽകിയിട്ടുണ്ടെന്ന പല്ലവി ആവർത്തിക്കുകയാണ്‌ റെയിൽവേ സ്റ്റേഷൻ അധികൃതർ. 
എല്ലാ സ്റ്റേഷനുകളുടെയും പരിസരം കാടുമൂടിക്കിടക്കുന്നതും തെരുവുനായകൾക്ക്‌ അനുഗ്രഹമാകുന്നു. ഇതിലും മുന്നിൽ നിൽക്കുന്നത്‌ കൊല്ലം സ്റ്റേഷനാണ്‌. കാടുമൂടിയ റെയിൽവേ സ്റ്റേഷൻ പരിസരവും തെരുവുനായശല്യവും ജില്ലയിൽ ട്രെയിൻ യാത്രക്കാർക്ക്‌ വിനയാകുന്നു. പല തദ്ദേശസ്ഥാപനങ്ങളും ഈ പ്രശ്നം കണ്ടില്ലെന്ന് നടിക്കുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top