26 April Friday
ഡോ. ഷഹാൽ ഹസ്സൻ മുസലിയാർക്ക്‌ നവതി ആദരം

വിജ്ഞാന സമ്പദ്ഘടന 
യാഥാര്‍ഥ്യമാക്കും: മുഖ്യമന്ത്രി

സ്വന്തം ലേഖികUpdated: Sunday Aug 14, 2022

നവതി ആഘോഷിക്കുന്ന ഡോ. ടി കെ ഷഹാൽ ഹസ്സൻ മുസലിയാരെ ആദരിക്കാൻ കൊല്ലം പൗരാവലി സംഘടിപ്പിച്ച ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ 
ഉപഹാരം നൽകുന്നു. മന്ത്രി കെ എൻ ബാലഗോപാൽ സമീപം

 

കൊല്ലം
ഉന്നതവിദ്യാഭ്യാസ മേഖല നേടിയെടുക്കുന്ന അറിവുകളെ നാടിനു ഗുണകരമാകുന്ന ഉൽപ്പന്നങ്ങളും സേവനങ്ങളുമാക്കി വിജ്ഞാന സമ്പദ്ഘടന യാഥാർഥ്യമാക്കുകയാണ്‌ സർക്കാർ ലക്ഷ്യമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ടി കെ എം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അമരക്കാരൻ ഡോ. ഷഹാൽ ഹസ്സൻ മുസലിയാരുടെ നവതി ആദരവ്‌ സമ്മേളനം ഉദ്‌ഘാടനംചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
പൊതുവിദ്യാഭ്യാസരംഗത്ത് ആർജിച്ച നേട്ടങ്ങൾക്ക്‌ ആനുപാതികമായി ഉന്നതവിദ്യാഭ്യാസ മേഖലയെയും ഉയർത്തുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. എൻജിനിയറിങ് കോളേജ്‌, പോളിടെക്നിക്, ഐടിഐ എന്നിവയോടു ചേർന്ന്‌ വ്യവസായ യൂണിറ്റുകൾ രൂപീകരിക്കുന്നതിന്‌ 25 കോടി രൂപ അനുവദിച്ചു. എൻജിനിയറിങ് കോളേജുകളുടെ വികസനത്തിന് 38 കോടി രൂപയും പോളിടെക്നിക്കുകളുടെ വികസനത്തിന് 42 കോടി രൂപയും വകയിരുത്തി. ഐഎച്ച്ആർഡി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വികസനത്തിന്‌ 23 കോടി രൂപ അനുവദിച്ചു. ഇത്തരത്തിൽ മേഖലയെ ലോകോത്തരമാക്കാൻ സർക്കാർ നടത്തുന്ന കേന്ദ്രീകൃത ഇടപെടലുകളോട് ക്രിയാത്മകമായി പ്രതികരിക്കാൻ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവയുടെ മാനേജ്മെന്റുകൾക്കും കഴിയണം. സാങ്കേതികവിദ്യാഭ്യാസ രംഗത്തുള്ള ടി കെ എം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇക്കാര്യത്തിൽ വഹിക്കാനുള്ള പങ്ക് വലുതാണ്. കേരളത്തിന്റെ പുരോഗതി മുതൽ മലയാളികളുടെ പ്രവാസജീവിതം ശോഭനമാക്കുന്നതിൽ വരെ സ്ഥാപനം പ്രധാന പങ്കുവഹിക്കുന്നു. വിജ്ഞാനവിതരണത്തെ ശക്തിപ്പെടുത്തുന്നതിനൊപ്പം മതനിരപേക്ഷതയും സാമൂഹിക ഐക്യവും സംരക്ഷിക്കുന്നതിനും പ്രാധാന്യം നൽകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 
കൊല്ലം പൗരാവലി, ടികെഎം കോളേജ്‌ ഓഫ്‌ ആർട്‌സ്‌ ആൻഡ്‌ സയൻസ്‌ അലുമ്‌നി എന്നിവ ചേർന്ന്‌ സംഘടിപ്പിച്ച ചടങ്ങിൽ ടികെഎംസിഎഎസ്‌ പ്രിൻസിപ്പൽ ചിത്രാ ഗോപിനാഥ്‌ അധ്യക്ഷയായി. ധനമന്ത്രി കെ എൻ ബാലഗോപാൽ, മേയർ പ്രസന്ന ഏണസ്റ്റ്‌, എൻ കെ പ്രേമചന്ദ്രൻ എംപി, എംഎൽഎമാരായ എം നൗഷാദ്‌, പി സി വിഷ്‌ണുനാഥ്‌, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സാം കെ ഡാനിയൽ, പഞ്ചായത്ത്‌ പ്രസിഡന്റ്‌ ദേവദാസ്‌, ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ എച്ച്‌ ഹുസൈൻ, പഞ്ചായത്ത്‌ അംഗം ഷീജാ സജീവ്‌, ടികെഎം ട്രസ്റ്റ്‌ ട്രഷറർ ജലാലുദീൻ മുസലിയാർ, എസ്‌ യഹിയ എന്നിവർ സംസാരിച്ചു. ടി കെ ഷഹാൽഹസ്സൻ മുസലിയാർ മറുപടി പ്രസംഗം നടത്തി. അൻവർ മുഹമ്മദ്‌ സ്വാഗതവും പി എം നജിമുദീൻ നന്ദിയും പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top