26 April Friday
ദേശീയപാത 66 വികസനം

ഇങ്ങനെ പോരാ...
വേഗം വേണം

സ്വന്തം ലേഖകൻUpdated: Monday Dec 5, 2022
കൊല്ലം
ദേശീയപാത 66 ആറുവരിപ്പാതയായി വികസിപ്പിക്കുന്നതിനുള്ള ജില്ലയിലെ നിർമാണ പ്രവർത്തനങ്ങൾക്ക്‌ വേഗം കൂട്ടാൻ എൻഎച്ച്‌എഐ നിയോഗിച്ച ഫീഡ്‌ബാക്ക്‌ കമ്പനി കരാറുകാർക്ക്‌ കർശന നിർദേശം നൽകി. കരാറായശേഷം കൊറ്റുകുളങ്ങര മുതൽ കൊല്ലം ബൈപാസ്‌ വരെയും ബൈപാസ്‌ മുതൽ കടമ്പാട്ടുകോണം വരെയും രണ്ടു റീച്ചുകളിലായി ഇതുവരെ നടന്നിട്ടുള്ളത്‌ അഞ്ചുശതമാനം നിർമാണം മാത്രമാണ്‌. ഈ കാലയളവിൽ 20 ശതമാനം നിർമാണം നടക്കേണ്ടിയിരുന്നുവെന്ന്‌ ഫീഡ്‌ബാക്ക്‌ എൻജിനിയർ വിഭാഗം പരിശോധനയിൽ കണ്ടെത്തിയിരുന്നു. കമ്പനി റസിഡന്റ്‌ എൻജിനിയർ ആർ കെ സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ പരിശോധന നടത്തിയത്‌. 
ഇതുസംബന്ധിച്ച റിപ്പോർട്ട്‌ ദേശീയപാത അതോറിറ്റിക്കും നൽകിയിരുന്നു. തുടർന്നാണ്‌ നിർമാണം വേഗത്തിലാക്കാൻ അടിയന്തര നടപടി വേണമെന്ന നിർദേശമുണ്ടായത്‌. കരാർ കമ്പനികൾ അവരുടെ സംവിധാനങ്ങൾ പൂർണമായും ഉപയോഗപ്പെടുത്തണമെന്നും നിർദേശം നൽകി. 
കൊറ്റുകുളങ്ങര മുതൽ കാവനാടുവരെ (കൊല്ലം ബൈപാസ്‌) 31.5 കിലോമീറ്റർ നിർമാണത്തിന്‌ 1580 കോടി രൂപയുടെ കരാർ  വിശ്വസമുദ്ര എൻജിനിയറിങ് പ്രൈവറ്റ്‌ ലിമിറ്റഡ്‌ കമ്പനിക്കും കൊല്ലം ബൈപാസ്‌ മുതൽ കടമ്പാട്ടുകോണം വരെ  1141.51 കോടി രൂപയുടെ കരാർ ശിവാലയ  കൺസ്‌ട്രക്‌ഷൻ കമ്പനിക്കുമാണ്‌. എൻഎച്ച്‌എഐയുടെ നിർമാണപ്രവർത്തനങ്ങൾ പരിശോധിക്കുന്ന സൂപ്പർവൈസിങ്‌ കമ്പനിയായ ഫീഡ്‌ബാക്കിന്റെ ഓഫീസ്‌ ചവറ കെഎംഎംഎല്ലിനു സമീപത്തായി തുറന്നിട്ടുണ്ട്‌. 
 
  ആദ്യം വേണ്ടത്‌ 
  സർവീസ്‌ റോഡ്‌
 
നിലവിലുള്ള റോഡിന്റെ ഇരുവശത്തുമായി ഏഴുമീറ്റർ വീതിയിൽ സർവീസ്‌ റോഡുനിർമാണമാണ്‌ എത്രയും വേഗം പൂർത്തിയാക്കേണ്ടത്‌. ബൈപാസിലും ഓച്ചിറ, കരുനാഗപ്പള്ളി, ചവറ, മേവറം, കൊട്ടിയം എന്നിവിടങ്ങളിലും മാത്രമാണ്‌ സർവീസ്‌ റോഡ്‌ നിർമാണം തുടങ്ങിയത്‌. മറ്റിടങ്ങളിൽ ഇതുവരെ തുടങ്ങിയിട്ടില്ല. സർവീസ്‌ റോഡിലൂടെ ഗതാഗതം തിരിച്ചുവിട്ടുവേണം നിലവിലെ പാത പൊളിക്കാനും കരാർപ്രകാരമുള്ള പാത രൂപപ്പെടുത്താനും. നടപ്പാതയുടെയും കേബിൾ, വാട്ടർ അതോറിറ്റി പൈപ്പ്‌ എന്നിവയ്‌ക്കായുള്ള യൂട്ടിലിറ്റി ഡക്കിന്റെയും അരമീറ്റർ വീതിയിൽ മീഡിയത്തിന്റെയും നിർമാണം ആരംഭിക്കേണ്ടതുണ്ട്‌. പാലം നിർമാണം തുടങ്ങിയ നീണ്ടകരയിലും പ്രവൃത്തികൾക്ക്‌ വേഗമില്ല. 
 
  മേജർ അടിപ്പാത 
  അയത്തിൽ
 
ബൈപാസിൽ ചരക്കുവാഹനങ്ങൾക്ക്‌ കടന്നുപോകാൻ മേജർ അടിപ്പാത വരുന്നത്‌ അയത്തിലിലാണ്‌. ഇതിന്റെ നിർമാണ പ്രവർത്തനങ്ങൾക്ക്‌ തുടക്കമായി. സാധാരണ വാഹനങ്ങൾക്ക്‌ പോകാനുള്ള അടിപ്പാത കാവനാട്‌, നീരാവിലിന്‌ സമീപം, കല്ലുംതാഴം എന്നിവിടങ്ങളിലും നിർമിക്കും. ബൈപാസിൽ കാവനാട്‌, നീരാവിൽ, മങ്ങാട്‌ എന്നിവിടങ്ങളിൽ നിലവിലെ പാലത്തിന്‌ പുറമെ ഓരോപാലം കൂടി ആറുവരിപ്പാതയ്‌ക്കായി നിർമിക്കും. കല്ലുംതാഴത്ത്‌ റെയിൽവേ മേൽപ്പാലവും നിർമിക്കും. കടവൂർ ജങ്‌ഷൻ, എൻ എസ്‌ ആശുപത്രി ജങ്‌ഷൻ, മേവറം ജങ്‌ഷൻ എന്നിവിടങ്ങളിലാണ്‌ ഫ്ലൈഓവർ വരുന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top