26 April Friday

കൊല്ലത്ത്‌ ലൈഫ്‌ മിഷനിൽ ഉയർന്നത്‌ 16,040 വീട്‌

സ്വന്തം ലേഖകൻUpdated: Sunday Dec 4, 2022
കൊല്ലം > അർഹതയുള്ളവർക്കെല്ലാം അടച്ചുറപ്പുള്ള വീട്‌ എന്ന എൽഡിഎഫ്‌ സർക്കാർ ലക്ഷ്യത്തിലേക്ക് കൊല്ലം അതിവേഗം മുന്നേറുന്നു.  ലൈഫ് മിഷൻ പദ്ധതിവഴി ജില്ലയിൽ ഇതുവരെ 16,040 പേർക്ക് വീട് നിർമിച്ചുനൽകി. 3769 ഭൂരഹിതർക്ക്‌ ഭവന നിർമാണത്തിന്‌ ഭൂമി വാങ്ങി നൽകുന്നതിനും ഭൂരഹിതരെ പുനരധിവസിപ്പിക്കുന്നതിന് നാല്‌ ഫ്ലാറ്റിന്റെ നിർമാണം ആരംഭിക്കുന്നതിനും സാധിച്ചു.
 
പൂർത്തീകരിക്കാത്ത വിഭാഗത്തിൽപ്പെട്ട 3618 വീട്‌ ഒന്നാംഘട്ടത്തിൽ പൂർത്തിയാക്കി. രണ്ടാംഘട്ടത്തിൽ സ്വന്തം  ഭൂമിയുള്ള 8484 ഗുണഭോക്താക്കളുടെ വീടുകളും പൂർത്തിയാക്കി. മൂന്നാംഘട്ട പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്. ഈ ഘട്ടത്തിൽ ആകെ കണ്ടെത്തിയ 18,657 ഭൂരഹിത ഗുണഭോക്താക്കളിൽ 4718 പേർക്ക്‌ ഭൂമി ലഭ്യമാക്കി. 2953 ഗുണഭോക്താക്കൾ ഭവന നിർമാണം പൂർത്തിയാക്കി. 1343 പേരുടെ ഭവന നിർമാണം പുരോഗതിയിലാണ്. പട്ടികജാതി, പട്ടികവർഗ, ഫിഷറീസ് വകുപ്പുകളിൽനിന്ന്‌  ലിസ്റ്റിൽ ഉൾപ്പെടാതെപോയ ഗുണഭോക്താക്കൾക്ക്‌ തയ്യാറാക്കിയ അഡീഷണൽ ഗുണഭോക്തൃ പട്ടിക പ്രകാരം അർഹരായ 985 ഗുണഭോക്താക്കളുടെ ഭവന നിർമാണം ഇതിനകം പൂർത്തിയാക്കി.
 
പുനലൂർ മുനിസിപ്പാലിറ്റിയിൽ വാളക്കോട്, അഞ്ചൽ, തഴമേൽ എന്നിവിടങ്ങളിൽ ഭവനസമുച്ചയങ്ങളുടെ നിർമാണം നടക്കുന്നു. ഇതിൽ വാളക്കോട് ഭവന സമുച്ചയം നിർമാണം 95ശതമാനവും പൂർത്തിയായി ഉദ്ഘാടനത്തിന് ഒരുങ്ങുകയാണ്‌. കൂടാതെ സഹകരണ വകുപ്പിന്റെ കെയർഹോം പദ്ധതിയിൽ കടയ്ക്കൽ പഞ്ചായത്തിൽ 37 ഫ്ലാറ്റ് യൂണിറ്റ്‌ നിർമിക്കുന്നതിനും അനുമതിയായി.

മനസ്സോടിത്തിരിമണ്ണിൽ 
145 സെന്റ്‌ 
 
ഭൂരഹിതർക്ക് ഭൂമി ലഭ്യമാക്കുന്നതിന്‌ ആരംഭിച്ച മനസ്സോടിത്തിരി മണ്ണ് ക്യാമ്പയിന്റെ ഭാഗമായും ജില്ലയിൽ 145 സെന്റ് സ്ഥലം
ലഭിച്ചു. തഴവ, ചവറ പഞ്ചായത്തുകളിൽ 62 സെന്റും പരവൂരിൽ 73 സെന്റുമാണ്‌ ലഭിച്ചത്‌. ചെന്നൈ അണ്ണാനഗർ ഈസ്റ്റ്‌ ലക്ഷ്‌മി നിവാസിൽ ഹേമ ജയചന്ദ്രനാണ്‌ പരവൂരിൽ 73 സെന്റ്‌ നൽകിയത്‌. ചവറ മണ്ണൂർ വീട്ടിൽ രാജൻപിള്ള 40 സെന്റും പാവുമ്പ തെക്കുംമുറി പൊന്നാതിരയിൽ രാജേന്ദ്രൻപിള്ള 13 സെന്റും മണപ്പള്ളി സൗത്ത്‌ പ്രെയ്‌സ്‌വില്ലയിൽ ബിനോയ്‌ 10 സെന്റും തഴവ ഹഷ്‌മി ഭവനിൽ കെ ജെ സിദ്ദിഖ്‌ ഒമ്പത്‌ സെന്റും നൽകി.
 
പുതിയ പട്ടിക
 
ലൈഫ് മിഷൻ 2017 ഗുണഭോക്തൃപട്ടികയിൽ ഉൾപ്പെട്ടിട്ടില്ലാത്തവർക്ക്‌ 2020ൽ പുതിയ അപേക്ഷ ക്ഷണിച്ചിരുന്നു. ഇത്‌ പ്രകാരം  ജില്ലയിൽ 82,805 അപേക്ഷ ലഭിച്ചു. ഇതിൽ 33,654 ഭവനരഹിതരും 22,510 ഭൂരഹിത ഭവനരഹിതരും അർഹത പട്ടികയിലെത്തി. തുടർ നടപടികൾ അതിവേഗത്തിലാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top