27 April Saturday

ജനകീയ ഹോട്ടലുകൾക്ക്‌ സബ്‌സിഡി 1.20കോടി

സ്വന്തം ലേഖികUpdated: Thursday Aug 4, 2022
കൊല്ലം
കുറഞ്ഞ ചെലവിൽ ഭക്ഷണം നൽകുന്ന ജനകീയ ഹോട്ടലിന്‌ സബ്‌സിഡിയായി ജില്ലയിൽ സർക്കാർ അനുവദിച്ചത്‌ 1.20കോടി രൂപ. ദിവസവും ആയിരങ്ങൾക്ക് 20രൂപയ്‌ക്ക്‌ ഭക്ഷണം വിളമ്പുന്ന 84 ജനകീയ ഹോട്ടലുകളാണ് ജില്ലയിലുള്ളത്‌. ശരാശരി 12000 ഊണാണ്‌ ഇവിടെ ദിവസേന വിളമ്പുന്നത്‌.  3.74കോടിയാണ്‌  സബ്‌സിഡി നൽകേണ്ടത്‌. ഈ സാമ്പത്തിക വർഷത്തെ ആദ്യഗഡുവാണിപ്പോൾ അനുവദിച്ചത്‌. 
അവശ്യവസ്‌തുക്കൾക്ക്‌ ഉൾപ്പെടെ ജിഎസ്ടി ഏർപ്പെടുത്തി വിലക്കയറ്റം രൂക്ഷമാക്കി കേന്ദ്രസർക്കാർ ജനജീവിതം ദുസഹമാക്കുമ്പോഴും പാവപ്പെട്ടവർക്ക്‌ കൈത്താങ്ങാകുകയാണ്‌ കുടുംബശ്രീ. ഹോട്ടൽ നടത്തിപ്പിലൂടെ 359 വനിതകളാണ്‌ സാമ്പത്തികമായി സ്വയംപര്യാപ്‌തതയിലായത്‌. കോവിഡിനെ തുടർന്ന്‌ 2020ൽ  തദ്ദേശസ്ഥാപനങ്ങളും കുടുംബശ്രീയും ചേർന്ന് ആരംഭിച്ച സമൂഹ അടുക്കളയുടെ തുടർച്ചയായാണ് ജനകീയ ഹോട്ടൽ. വിശപ്പുരഹിത പദ്ധതിയുടെ ഭാഗമായി ഒരു പഞ്ചായത്തിൽ കുറഞ്ഞത്‌  ഒരു ഹോട്ടൽ എന്നതായിരുന്നു ലക്ഷ്യം. എന്നാൽ,  ചില പഞ്ചായത്തുകളിലും നഗരസഭകളിലും ഒന്നിൽ കൂടുതൽ ഹോട്ടലുണ്ട്. ഒരു ഊണിന് സർക്കാർ കുടുംബശ്രീ വഴി 10 രൂപയാണ്‌ സബ്സിഡി നൽകുന്നത്‌. ഊണിന് 20 രൂപയും പാഴ്സലിന് 25 രൂപയുമാണ്‌ വില.  
ചില ഹോട്ടൽ നടത്തിപ്പുകാർ സബ്‌സിഡി ലഭിക്കുന്നതിന്‌ ഊണുകളുടെ  എണ്ണം കൂട്ടിക്കാണിക്കുന്നതായി പരാതിയുണ്ട്‌. ഇത്‌ സംബന്ധിച്ച അന്വേഷണം ശക്തമാക്കിയതായും അവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും കുടുംബശ്രീ ജില്ലാ മിഷൻ കോ–-ഓർഡിനേറ്റർ എം ആർ ജയഗീത പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top