26 April Friday

കശുവണ്ടി വ്യവസായ പുനരുദ്ധാരണ പദ്ധതി 
നടപ്പാക്കും: മന്ത്രി കെ എന്‍ ബാലഗോപാല്‍

സ്വന്തം ലേഖകൻUpdated: Wednesday Aug 3, 2022

ഓണക്കിറ്റിനൊപ്പം നൽകുന്ന കശുവണ്ടിപ്പരിപ്പിന്റെ ആദ്യലോഡ്‌ കശുവണ്ടി വികസന കോർപറേഷന്റെ അയത്തിൽ ഫാക്ടറിയിൽ 
മന്ത്രി കെ എൻ ബാലഗോപാൽ ഫ്ലാഗ്‌ഓഫ്‌ ചെയ്യുന്നു

കൊല്ലം
പരമ്പരാഗത വ്യവസായമായ കശുവണ്ടി വ്യവസായം തിരിച്ചുപിടിക്കാനും പുനരുദ്ധാരണത്തിനും സർക്കാർ ഉടൻ പദ്ധതി ആവിഷ്കരിച്ചു നടപ്പാക്കുമെന്ന്‌ മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. ഓണക്കിറ്റിലേക്കുള്ള കശുവണ്ടിപ്പരിപ്പുമായി കാഷ്യൂ കോർപറേഷൻ അയത്തിൽ ഫാക്ടറിയിൽനിന്നു പുറപ്പെട്ട ആദ്യവാഹനം ഫ്ലാഗ് ഓഫ് ചെയ്യുകയായിരുന്നു മന്ത്രി. 
കശുവണ്ടി വ്യവസായികൾക്ക് പലിശ ഇളവ് ഉൾപ്പെടെ സാമ്പത്തികസഹായം ചെയ്യുന്നുണ്ട്‌. കാപ്പക്‌സ്‌ തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി നാളിതുവരെയുള്ളത്‌ മുഴുവൻ കൊടുത്തുതീർത്തു. ഈ സർക്കാർ വന്നശേഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന്റെ ഭാഗമായി 550 തൊഴിലാളികൾക്ക് ജോലി നൽകി. പലിശയിളവ്‌ നൽകി വായ്‌പകൾ പുനക്രമീകരിക്കാൻ ബാങ്കുകളുമായി ചർച്ചനടത്തിയിട്ടുണ്ട്‌. 
കശുവണ്ടി വ്യവസായത്തിലെ ജീവനക്കാരുടെ ശമ്പളവർധന ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ക്രിയാത്മകമായ ഇടപെടലാണ് സർക്കാർ നടത്തിയിട്ടുള്ളത്. കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ തോട്ടണ്ടി ഇറക്കുമതി നികുതി തിരിച്ചടിയാണ്‌. കശുവണ്ടിപ്പരിപ്പ്  ഇറക്കുമതി ചെയ്യുന്നതിനുള്ള നയം ഉദാരമാക്കിയതും ബാങ്കുകൾ  വ്യവസായത്തോടു കാണിക്കുന്ന തെറ്റായ സമീപനവും പ്രതിസന്ധിക്കു കാരണമായെന്നും മന്ത്രി പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top