26 April Friday
ഹാർബറുകൾ വീണ്ടും ഉണർന്നു

മനം നിറഞ്ഞ്‌ 
മത്സ്യത്തൊഴിലാളികൾ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 3, 2021

ട്രോളിങ് നിരോധനവും വാരാന്ത്യ ലോക്ഡൗണും കഴിഞ്ഞ് മത്സ്യവിൽപന ആരംഭിച്ചതിനെ തുടർന്ന് സജീവമായ ശക്തികുളങ്ങര ഹാർബർ ഫോട്ടോ/ ആർ സഞ്ജീവ്

 

സ്വന്തം ലേഖകൻ
കൊല്ലം
ട്രോളിങ്‌ കഴിഞ്ഞ്‌ മത്സ്യബന്ധനം പുനഃരാരംഭിച്ചതോടെ നീണ്ടകര, ശക്തികുളങ്ങര, അഴീക്കൽ, തങ്കശേരി ഹാർബറുകൾ വീണ്ടും സജീവമായി. സമ്പൂർണ ലോക്‌ഡൗണിന്റെ ഭാഗമായി ഞായറാഴ്‌ച ഹാർബറുകളിൽ മീൻ വിൽപ്പന ഇല്ലായിരുന്നു. പ്രതീക്ഷിച്ചപോലെ ചാകര ഇല്ലായിരുന്നെങ്കിലും വലനിറയെ മീനുമായാണ്‌ മത്സ്യത്തൊഴിലാളികൾ തിങ്കളാഴ്‌ച കരകയറിയത്‌. കൊഞ്ച്‌ ഇനങ്ങളായ കഴന്തനും കരിക്കാടിയുമായിരുന്നു കൂടുതലും. തൊഴിലാളികളുടെ മനംനിറച്ച്‌ കണവയും കിളിമീനും ആവശ്യത്തിനു ലഭിച്ചു. 
വാടിയിൽ വള്ളക്കാർക്ക്‌ മത്തി ലഭിച്ചിരുന്നു. ശക്തികുളങ്ങരയിൽ 98 ബോട്ടും നീണ്ടകരയിൽ 16 ബോട്ടും അഴീക്കലിൽ 35 ബോട്ടുമാണ്‌ വാർഫിൽ അടുപ്പിച്ചത്‌. വാടിയിൽ വള്ളങ്ങളാണ്‌ മത്സ്യബന്ധനം നടത്തുന്നത്‌. നീണ്ടകരയിലും 10 വള്ളങ്ങൾ മീനുമായി ഹാർബറിലെത്തി. 120 കുതിരശക്തി മുതലുള്ള ബോട്ട് ഹാർബറിൽ അടുപ്പിക്കുന്നതിന്‌ ഒറ്റ, ഇരട്ടയക്ക നിയന്ത്രണം ബാധകമാക്കിയിട്ടുണ്ട്‌. ഒറ്റയക്ക ബോട്ടുകൾക്ക്‌ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലും ഇരട്ടയക്കത്തിലേതിന്‌ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലുമാണ്‌ ഹാർബറിൽ അടുപ്പിക്കേണ്ടത്‌. മത്സ്യബന്ധനത്തിനു പോകുന്ന യാനങ്ങളുടെയും തൊഴിലാളികളുടെയും വിവരം കോവിഡ്‌ ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർചെയ്യണം. തൊഴിലാളികൾ യാനം മാറുന്ന വിവരവും രജിസ്റ്ററിൽ രേഖപ്പെടുത്തേണ്ടതുണ്ട്‌. കോവിഡ്‌ നെഗറ്റീവ്‌ സർട്ടിഫിക്കറ്റുള്ള ഡ്രൈവർമാർക്ക്‌ മാത്രമാണ്‌ ഹാർബറിൽ പ്രവേശനം. 
അഴീക്കലിൽ മീനിന്  വേണ്ടത്ര വിലയില്ല  
അഴീക്കൽ ഹാർബറിൽ മീനിനു മറ്റിടങ്ങളിലെപ്പോലെ യഥാർഥ വില മത്സ്യത്തൊഴിലാളികൾക്കു ലഭിച്ചില്ലെന്നു പരാതി. കഴന്തന്‌ ശക്‌തികുളങ്ങരയിൽ കിലോ 190 രൂപ ലഭിച്ചെങ്കിൽ അഴീക്കലിൽ 160 രൂപയായിരുന്നു. കിളിമീൻ അഴീക്കലിൽ 70 രൂപ വിലയ്ക്ക്‌ വിറ്റപ്പോൾ ശക്‌തികുളങ്ങരയിൽ 100 രൂപയാണ്‌ കിട്ടിയത്‌. ഇടനിലക്കാരുടെ കേന്ദ്രീകരണമാണ്‌ അഴീക്കലിൽ വില കുറയാൻ കാരണമെന്നാണ്‌ ആക്ഷേപം.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top