26 April Friday
തൊഴിലാളികളും ഉടമകളും പ്രതിസന്ധിയിൽ

ഉത്തരവ് ലംഘിച്ച സ്വകാര്യ കശുവണ്ടി 
ഫാക്ടറികൾക്കെതിരെ ജപ്തി നടപടി

വെബ് ഡെസ്‌ക്‌Updated: Friday Feb 3, 2023
ല്ലം
സർക്കാർ ഉത്തരവ് ലംഘിച്ച് സ്വകാര്യകശുവണ്ടി ഫാക്ടറികൾ ജപ്‌തി ചെയ്യാനുള്ള ബാങ്കുകളുടെ നടപടി തൊഴിലാളികളെയും ഉടമകളെയും  പ്രതിസന്ധിയിലാക്കുന്നു. കശുവണ്ടി വ്യവസായമേഖലയെ തകർച്ചയിൽനിന്ന് കരകയറ്റുന്നതിന്‌  നടപ്പാക്കിയ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി മാർഗനിർദേശം ലംഘിച്ചാണ് വ്യവസായികളെയും തൊഴിലാളികളെയും ആത്മഹത്യയിലേക്ക് തള്ളിവിടുന്നത്. 
കഴിഞ്ഞ ദിവസം കൊട്ടാരക്കര അമ്പലംകുന്ന്‌ കെവിൻ കാഷ്യൂ, ചാത്തന്നൂർ ഭാഗ്യലക്ഷ്‌മി ഫാക്ടറികളിൽ  ജപ്‌തി നടപടിക്കായി എത്തിയ സിഎസ്ബി ബാങ്ക് അധികൃതർ തൊഴിലാളികളുടെ ചെറുത്തുനിൽപ്പിനെ തുടർന്നാണ് മടങ്ങിയത്. ജില്ലയിൽ 864ഫാക്ടറികളാണ്‌ സ്വകാര്യമേഖലയിൽ  പ്രവർത്തിക്കുന്നത്‌. ഇതിൽ 700 എണ്ണവും കടക്കെണിയിലാണ്‌. പിടിച്ചുനിൽക്കാനാകാതെ  അഞ്ചു ഉടമകൾ ആത്മഹത്യചെയ്‌തു. നേരത്തെ മാസത്തിൽ ഒരു ഫാക്ടറിക്കായിരുന്നു നോട്ടീസ്‌ ലഭിച്ചിരുന്നത്‌. എന്നാലിപ്പോൾ ദിവസവും  ജപ്‌തി നോട്ടീസ്‌ അയക്കുന്നതായാണ് ഉടമകൾ പറയുന്നത്.  ഒത്തുതീർപ്പ്‌ വ്യവസ്ഥയനുസരിച്ച്‌  10 കോടി രൂപവരെയുള്ള  വായ്പയുടെ പലിശ പൂർണമായി എഴുതിത്തള്ളാമെന്നായിരുന്നു സംസ്ഥാനതല ബാങ്കേഴ്‌സ്‌ സമിതി അധികൃതർ ഉറപ്പുനൽകിയത്‌. രണ്ടുകോടി രൂപവരെ വായ്പയെടുത്തവർക്ക്‌ മുതലിന്റെ 50 ശതമാനവും രണ്ടു മുതൽ 10 കോടി രൂപവരെ വായ്പയെടുത്തവർ 60 ശതമാനവും തിരിച്ചടച്ചാൽ മതിയായിരുന്നു. ഇത്തരത്തിൽ  500 കോടി  രൂപ എഴുതിത്തള്ളുമെന്നായിരുന്നു  സമിതിയുടെ  വാഗ്‌ദാനം. സമിതി കൺവീനർ  കനറാബാങ്ക്‌ ഉദ്യോഗസ്ഥനാണ്‌. എന്നാൽ, ഈ ബാങ്കാണ്‌ ജപ്‌തി നടപിയുമായി മുന്നിലുള്ളതെന്നാണ് ഉടമകൾ പറയുന്നത്.  
  കേന്ദ്രബജറ്റിൽ 
  നിരാശ
കശുവണ്ടി മേഖലയുടെ ഉയിർത്തെഴുന്നേൽപ്പിന്‌ കേന്ദ്രബജറ്റിൽ പ്രതീക്ഷയർപ്പിച്ചിരുന്ന ഞങ്ങൾക്ക്‌ നിരാശയായിരുന്നു ഫലം. 2016ൽ കൊണ്ടുവന്ന ഇറക്കുമതിച്ചുങ്കമാണ്‌ മേഖലയെ തകർത്തത്‌.  ഇറക്കുമതിചെയ്യുന്ന തോട്ടണ്ടിക്ക്‌ 9.36 ശതമാനം നികുതി കേന്ദ്രത്തിന്‌ നൽകണമെന്നായിരുന്നു ഉത്തരവ്. പോർട്ടിൽ നേരത്തെ ഇറക്കിയിട്ടിരുന്ന തോട്ടണ്ടിക്ക്‌ പോലും വൻ തുക നികുതി അടയ്‌ക്കേണ്ടി വന്നു. ഇതൊടെ വ്യവസായികൾ കടക്കെണിയിലായി. 
–- കെ രാജേഷ്‌, കാഷ്യു ഇൻഡസ്‌ട്രി പ്രൊട്ടക്‌ഷൻ കൗൺസിൽ ഫൗണ്ടർ

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top