27 April Saturday

ബിനാലെ സന്ദർശിച്ച്‌ പ്രമുഖരുടെ നിര

സ്വന്തം ലേഖകൻUpdated: Sunday Jan 29, 2023

കൊച്ചി> രാജ്യം ഉറ്റുനോക്കുന്ന കലാമാമാങ്കമായ കൊച്ചി–-മുസിരിസ്‌ ബിനാലെ വേദികൾ സന്ദർശിച്ച്‌ പ്രമുഖരുടെ നിര. ബിനാലെയുടെ അഞ്ചാംപതിപ്പ്‌ പ്രദർശനം ഒരുമാസം പിന്നിടുമ്പോൾ രാജ്യത്തിനകത്തും പുറത്തും നിന്നുള്ള സന്ദർശകരുടെ തിരക്കേറി.

ബിനാലെ അക്കാദമിക് രംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവരുമെന്ന്‌ വേദികൾ സന്ദർശിച്ച കേരള ചരിത്ര ഗവേഷണ കൗൺസിൽ അധ്യക്ഷൻ ഡോ. പി കെ മൈക്കിൾ തരകൻ പറഞ്ഞു. പരമ്പരാഗത ക്ലാസ്‌മുറി ബന്ധിത പഠനത്തിന്റെ അർഥമില്ലായ്മ കോവിഡ് കാലം ബോധ്യപ്പെടുത്തിയതാണ്.
ഈ സാഹചര്യത്തിൽ ബിനാലെയ്ക്ക് മുഖ്യമായ വിദ്യാഭ്യാസദൗത്യം നിറവേറ്റാനുണ്ട്. വിവിധ അക്കാദമിക് ശാഖകൾ ബിനാലെയിൽ ഉൾച്ചേരുന്നു; പലതരം കാഴ്‌ചപ്പാടുകൾ ഒന്നിക്കുന്നു. വിമർശങ്ങളാകാം, ആസ്വാദനമാകാം, പഠനമാകാം, തുടർഗവേഷണങ്ങളുമാകാം. ഇത് വലിയ ലോകമാണ് തുറക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.  ബിനാലെയ്ക്ക് സമൂഹത്തിന്റെയാകെ പിന്തുണയും സഹകരണവും നൽകേണ്ടതുണ്ടെന്ന് പ്രദർശനം കണ്ട ചിത്രകാരനും ശിൽപ്പിയുമായ ജീവൻ തോമസ് അഭിപ്രായപ്പെട്ടു.

പ്രമുഖ വ്യവസായികൂട്ടായ്‌മയായ എന്റർപ്രൊണേഴ്‌സ്‌ ഓർഗനൈസേഷനിലെ 60 അംഗ സംഘം ബിനാലെ സന്ദർശിച്ചു. ബംഗളൂരുവിലെ ഗ്രീൻവുഡ് ഹൈ ഇന്റർനാഷണൽ സ്‌കൂളിലെ ആറാംഗ്രേഡുകാരായ 63 വിദ്യാർഥികളും അധ്യാപകരും ബിനാലെ കണ്ടു. മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗർ രമേഷ് ഫിറോദിയ കോളേജ് ഓഫ് ആർക്കിടെക്ചർ, പാലക്കാട് കൊഴിഞ്ഞാമ്പാറ ഗവ. ആർട്‌സ്‌ ആൻഡ് സയൻസ് കോളേജ് വിദ്യാർഥികളും ബിനാലെയ്‌ക്കെത്തി. ബറാക് ഒബാമ പ്രസിഡന്റായിരിക്കെ അമേരിക്കയുടെ ആഗോള വാണിജ്യ അസിസ്‌റ്റന്റ്‌ സെക്രട്ടറിയായിരുന്ന അരുൺ എം കുമാർ, ബിസിനസ് രംഗത്തെ പ്രമുഖരായ അജയ് മാരിവാല, അബൂജ മാരിവാല, നന്ദന മാരിവാല, ആദായനികുതി പ്രിൻസിപ്പൽ ചീഫ് ഡോ. ജി ഹേമലത എന്നിവരും ബിനാലെ സന്ദർശിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top