26 April Friday

ഹിറ്റായി 
ലൈബ്രേറിയനില്ലാ ലൈബ്രറി

എ എസ് ജിബിനUpdated: Wednesday Sep 28, 2022



കൊച്ചി
അം​ഗത്വം ആവശ്യമില്ല. ഫീസ് അടയ്ക്കേണ്ട. ലൈബ്രേറിയനുമില്ല. വേറിട്ട പ്രവർത്തനരീതികൊണ്ട് ഹിറ്റാകുകയാണ് കൊച്ചി ​കോർപറേഷനിലെ ‘സംസ്കൃതി’ ഓപ്പൺ ലൈബ്രറി. കൊച്ചി ന​ഗരസഭയിലെ ജീവനക്കാരുടെ സാംസ്കാരിക കൂട്ടായ്മയായ സംസ്കൃതിയുടെ നേതൃത്വത്തിൽ ആ​ഗസ്‌തിലാണ് ഈ ഓപ്പൺലൈബ്രറി ആരംഭിച്ചത്.

ജീവനക്കാരിൽ വായനശീലം വളർത്തുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച ലൈബ്രറിയിൽ നിലവിൽ 330 പുസ്തകമുണ്ട്‌. പുസ്‌തകങ്ങളിലേറെയും പിറന്നാൾ ഉൾപ്പെടെയുള്ള ആഘോഷങ്ങളുടെ ഭാ​ഗമായി ജീവനക്കാർ ലൈബ്രറിക്ക് സമ്മാനിച്ചതാണ്‌. ജീവനക്കാരുടെ സ്വകാര്യ ശേഖരത്തിൽനിന്നുള്ള പുസ്തകങ്ങളും ലൈബ്രറിയിലെത്തിയിട്ടുണ്ട്. ഇം​ഗ്ലീഷ്, മലയാളം പുസ്തകങ്ങളാണുള്ളത്. ഏറെയും നോവലുകളാണ്.

ഓപ്പൺ ലൈബ്രറിയിൽ ലൈബ്രേറിയന്റെ ചുമതല നിർവഹിക്കുന്നത് പുസ്തകമെടുക്കുന്നവർതന്നെയാണ്. പുസ്തകം എടുക്കുമ്പോഴും തിരികെ വയ്ക്കുമ്പോഴും ജീവനക്കാർ രജിസ്റ്ററിൽ തീയതിയും ഫോൺ നമ്പറും രേഖപ്പെടുത്തും. 15 ദിവസത്തിനകം തിരികെ നൽകണം. ആവശ്യമുള്ളപക്ഷം രജിസ്റ്ററിൽ വീണ്ടും രേഖപ്പെടുത്തി 15 ദിവസംകൂടി പുസ്തകം കൈയിൽ കരുതാം. പുതിയ പുസ്തകങ്ങൾ ലൈബ്രറിയിൽ എത്തുന്നമുറയ്ക്ക് സംസ്കൃതിയുടെ വാട്‌സാപ് ​ഗ്രൂപ്പിലൂടെ ക്യാറ്റ് ലോ​ഗ് പിഡിഎഫായി ജീവനക്കാരിലേക്ക്‌ എത്തിക്കും. ഓപ്പൺ ലൈബ്രറി വിജയിച്ചതോടെ പുസ്തകവായനയ്ക്കായി വായനക്കൂട്ടം ആരംഭിക്കാനുള്ള ശ്രമത്തിലാണ് സംസ്കൃതി. നാനൂറോളം ജീവനക്കാരാണ് കൊച്ചി കോർപറേഷനിലുള്ളത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top