27 April Saturday

ഇർഷാദ്‌ മാറ്റിവച്ചു‌‌‌‌‌‌‌; ഡോക്ടര്‍ക്കായി ഈ ദിനം

ശ്രീരാജ്‌ ഓണക്കൂർUpdated: Friday May 27, 2022


കൊച്ചി
ഷൂട്ടിങ്‌ തിരക്കുകൾ മാറ്റി നടൻ ഇർഷാദ്‌ വ്യാഴാഴ്ച എത്തിയത്‌ ജോക്കുവേണ്ടിയാണ്‌. തൃക്കാക്കര എൽഡിഎഫ്‌ സ്ഥാനാർഥി ഡോ. ജോ ജോസഫിന്റെ പര്യടനവാഹനത്തിലേക്ക്‌ ഇർഷാദ്‌ കയറിയതോടെ പ്രവർത്തകർ ആവേശത്തിലായി. വോട്ടർമാരെ നോക്കി കൈവീശി ഇർഷാദ്‌ ജോക്കൊപ്പം ചേർന്നു. പര്യടനവാഹനം കടന്നുപോയ റോഡിനിരുവശവും തിങ്ങിക്കൂടിയവർ ഡോക്ടർക്കും ഇർഷാദിനും അഭിവാദ്യമർപ്പിച്ചു. തൃക്കാക്കരയിലെ സൂപ്പർസ്‌റ്റാറായ ഡോക്ടർ ജോയും പ്രേക്ഷകരുടെ താരം ഇർഷാദും ഒത്തുചേർന്നതോടെ സ്വീകരണയോഗങ്ങൾ കളറായി. വ്യാഴം പകൽ സ്ഥാനാർഥിയുടെ പൊതുപര്യടനം സെന്റ്‌ ആന്റണീസ്‌ കുരിശുപള്ളിക്കുസമീപത്തുനിന്ന്‌ ആരംഭിച്ചപ്പോഴാണ്‌ ഇർഷാദ്‌ എത്തിയത്‌. ജോ ആവേശമായി മാറിയിരിക്കുകയാണെന്ന്‌ ഇർഷാദ്‌ പറഞ്ഞു. ‘അമ്മമാരും ഡോക്ടറോട്‌ സ്‌നേഹത്തിൽ സംസാരിക്കുന്നതാണ്‌ കാണാൻ കഴിഞ്ഞത്‌. തൃക്കാക്കര ഇടതുപക്ഷത്തിന്റെ കൈയിലായിക്കഴിഞ്ഞു. ജോ ജോസഫിലൂടെ എൽഡിഎഫ്‌ ഇത്തവണ സെഞ്ചുറിയടിക്കും’–- ഇർഷാദ്‌ പറഞ്ഞു.

സ്ഥാനാർഥി പര്യടനം പാരഡൈസ്‌ റോഡിൽ സമാപിക്കുംവരെ ഇർഷാദ്‌ കൂടെയുണ്ടായിരുന്നു. കുടുംബയോഗങ്ങളിലും പങ്കെടുത്ത്‌ ജോക്കായി വോട്ട്‌ അഭ്യർഥിച്ചു. പാലച്ചുവട്‌ ടർഫ്‌ ഗ്രൗണ്ടിൽ ജനപ്രതിനിധികളുടെ ഫുട്‌ബോൾ മത്സരം കാണാനും ഇർഷാദ്‌ എത്തി. വൈറ്റില വെസ്‌റ്റിലെ മണമേൽ ജങ്‌ഷൻ, കിട്ടാമപ്പണിക്കൻ ജങ്‌ഷൻ, മേജർ റോഡ്‌ കുരിശുപള്ളി, മുണ്ടംപറമ്പ്‌ എന്നിവിടങ്ങളിൽ ഉജ്വല സ്വീകരണം ഏറ്റുവാങ്ങിയാണ്‌ ജോയുടെ പര്യടനം മുന്നേറിയത്‌.

ജെജെ റോഡിൽ എത്തിയപ്പോൾ സ്ഥാനാർഥിക്കൊപ്പം സെൽഫി എടുക്കാൻ ആളുകൾ കൂടി. സെൽഫിയെടുത്ത്‌ അവരുടെ സ്‌നേഹം ഏറ്റുവാങ്ങി അടുത്ത സ്വീകരണസ്ഥലത്തേക്ക്‌. തൃക്കാക്കര ഇത്തവണ ഇടതുപക്ഷം സ്വന്തമാക്കുമെന്ന്‌ സ്വീകരണ സ്ഥലങ്ങളിലെത്തിയവർ പറഞ്ഞു. തങ്കമണിയും റീന വിജിയും ഇന്ദുവുമെല്ലാം സ്ഥാനാർഥിയുടെ ചിത്രമുള്ള ടീ ഷർട്ടുകൾ അണിഞ്ഞാണ്‌ സ്വീകരിക്കാൻ എത്തിയത്‌. എല്ലാവരും നൽകിയ ചുവന്ന പൂക്കൾ ഡോക്ടർ ഹൃദയപൂർവം ഏറ്റുവാങ്ങി.

പര്യടനവാഹനം കടന്നുപോയ റോഡരികിലുള്ളവർ സ്ഥാനാർഥിയുടെ ചിത്രം മൊബൈലിൽ പകർത്താൻ മത്സരിച്ചു. ജനത ജങ്‌ഷനിൽ തൊട്ടടുത്ത സ്വകാര്യബസിലുണ്ടായിരുന്ന യാത്രക്കാരും സ്ഥാനാർഥിക്ക്‌ ഹസ്‌തദാനം നൽകി. കാച്ചപ്പിള്ളി റോഡിൽ മുദ്രാവാക്യം വിളികളോടെ സ്വീകരിച്ചു. ‘നമ്മൾ ഒന്നിച്ച്‌ തൃക്കാക്കരയ്ക്കുവേണ്ടി സ്വപ്‌നം കാണും’ എന്ന്‌ മഹിളാസമാജം ജങ്‌ഷനിലെ സ്വീകരണത്തിൽ ഡോക്ടർ മറുപടിയായി പറഞ്ഞപ്പോൾ സദസ്സ്‌ കരഘോഷം മുഴക്കി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top