26 April Friday

‘സ്വകാര്യ ക്ഷേത്ര ജീവനം’: മിനിമം വേതനം പുതുക്കി

വെബ് ഡെസ്‌ക്‌Updated: Saturday Feb 27, 2021


തിരുവനന്തപുരം
സംസ്ഥാനത്തെ ‘സ്വകാര്യ ക്ഷേത്ര ജീവനം' മേഖലയിൽ ജോലി ചെയ്യുന്ന വിഭാഗങ്ങളിലെ തൊഴിലാളികൾക്ക് നൽകേണ്ട ഏറ്റവും കുറഞ്ഞ കൂലി നിരക്ക്‌ പുതുക്കി സർക്കാർ ഉത്തരവായി. ഗ്രൂപ്പ് എ വിഭാഗത്തിൽ മേൽശാന്തിക്ക് അടിസ്ഥാന മാസവേതനം 16,870 രൂപയായും ഗ്രൂപ്പ് ബി വിഭാഗത്തിൽ കാര്യക്കാരൻ, ശാന്തി, കീഴ് ശാന്തി എന്നിവർക്ക് അടിസ്ഥാന മാസ വേതനം 14,590 രൂപയായും ഗ്രൂപ്പ് സിയിൽ കോമരം/ വെളിച്ചപ്പാട്, കോലധാരികൾ എന്നിവർക്ക് 12,850 രൂപയായും ഗ്രൂപ്പ് ഡിയിൽ കഴകക്കാരൻ, വാദ്യക്കാരൻ, പരിചാരകൻ, മാലകെട്ടുന്നയാൾ എന്നിവർക്ക് 12,190 രൂപയായും പ്രതിമാസ അടിസ്ഥാന വേതനം നിജപ്പെടുത്തി.

ഗ്രൂപ്പ് ഇയിൽ അടിച്ചുതളിക്കാർ, അന്തിത്തിരിയൻ എന്നീ വിഭാഗങ്ങൾക്ക് അടിസ്ഥാന മാസവേതനമായി 11,380 രൂപയും ഓഫീസ് വിഭാഗത്തിൽ ഗ്രൂപ്പ് എയിൽ മാനേജർ തസ്തികയിൽ അടിസ്ഥാന മാസവേതനം 16,870 രൂപയും ഗ്രൂപ്പ് ബിയിൽ സൂപ്രണ്ട്, സൂപ്പർവൈസർ, അക്കൗണ്ടന്റ് എന്നിവർക്ക് 14,590 രൂപയായും നിജപ്പെടുത്തി. ഗ്രൂപ്പ് സി വിഭാഗത്തിൽ ക്ലർക്ക്, കാഷ്യർ, ഡ്രൈവർ എന്നിവരുടെ അടിസ്ഥാന മാസവേതനം 12,850 രൂപയും ഗ്രൂപ്പ് ഡി വിഭാഗത്തിൽ അറ്റൻഡർ, പ്യൂൺ, മൈക്ക് ഓപ്പറേറ്റർ എന്നിവരുടെ അടിസ്ഥാന മാസവേതനം 12,190 രൂപയും ഗ്രൂപ്പ് ഇ വിഭാഗത്തിലെ സ്വീപ്പറിന് 11,380 രൂപയായും നിശ്ചയിച്ചു.  

ദൈനംദിന പൂജയില്ലാത്ത ക്ഷേത്രങ്ങളിൽ ജീവനക്കാർക്ക് പ്രതിമാസ വേതനത്തിന്റെ 26-ൽ ഒരുഭാഗം കണക്കാക്കി പ്രവൃത്തി ചെയ്ത ദിവസത്തേക്ക്‌ ആനുപാതിക വേതനത്തിന് അർഹതയുണ്ട്. ദിവസം ഒരു നേരംമാത്രം പൂജ നടത്തുന്നതും വച്ചുനിവേദ്യം ഇല്ലാത്തതുമായ ക്ഷേത്രങ്ങളിൽ ജീവനക്കാർക്ക് അടിസ്ഥാന വേതനത്തിന്റെ 50 ശതമാനത്തിന് തുല്യമായ തുകയ്ക്ക് അർഹതയുണ്ട്. 

അടിസ്ഥാന വേതനത്തിനുപുറമെ ഉപഭോക്തൃവില സൂചികയുടെ 300 പോയിന്റിനുമേൽ വർധിക്കുന്ന ഓരോ പോയിന്റിനും ദിവസ വേതനക്കാർക്ക് ഒരു രൂപ നിരക്കിലും മാസശമ്പളക്കാർക്ക് 26 രൂപ നിരക്കിലും ക്ഷാമബത്തയ്ക്ക് അർഹതയുണ്ടാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top