27 April Saturday

കൊച്ചി കോർപറേഷൻ പുതിയ മന്ദിരം ഡിസംബറിൽ

വെബ് ഡെസ്‌ക്‌Updated: Friday Feb 26, 2021


കൊച്ചി
കൊച്ചി കോർപറേഷന്റെ പുതിയ ഓഫീസ്‌ മന്ദിരത്തിന്റെ നിർമാണം ഡിസംബറിൽ പൂർത്തിയാക്കുമെന്ന്‌ മേയർ എം അനിൽകുമാർ. അനന്തമായി നീണ്ട മന്ദിരനിർമാണം എത്രയുംവേഗം പൂർത്തിയാക്കുമെന്ന്‌ പുതിയ കൗൺസിൽ അധികാരമേറ്റ ഉടനെ ഉറപ്പുനൽകിയിരുന്നു. കരാറുകാരന്‌ നൽകാനുള്ള കുടിശിക ഉൾപ്പെടെ 45 കോടിയോളം രൂപയാണ്‌ മന്ദിര നിർമാണം പൂർത്തിയാക്കാൻ കണ്ടെത്തേണ്ടത്‌.  ഇനി ആവശ്യമായ  തുക എത്രയെന്ന്‌ ഒരുമാസത്തിനകം കണക്കാക്കും. എല്ലാമാസവും നിർമാണപുരോഗതി വിലയിരുത്തുമെന്നും മേയർ പറഞ്ഞു. ഹൈക്കോടതിക്കുസമീപം മറൈൻഡ്രൈവിൽ ആറുനിലയിൽ നിർമിക്കുന്ന മന്ദിരത്തിന്റെ നിർമാണപുരോഗതി വിലയിരുത്താൻ എത്തിയതായിരുന്നു മേയർ.

2006-ലാണ് കോർപറേഷൻ പ്രധാന ഓഫീസ് കെട്ടിടത്തിന്റെ നിർമാണം ആരംഭിച്ചത്. എസ്റ്റിമേറ്റിലെ സാങ്കേതികപ്രശ്നങ്ങൾ കാരണം 2008-ൽ പണി നിലച്ചു. 12.7 കോടി രൂപയുടെ എസ്റ്റിമേറ്റ് 2012-ൽ 18.7 കോടിയായി പുതുക്കി. 2015-ൽ നിർമാണം പുനരാരംഭിച്ചെങ്കിലും മെല്ലെപ്പോക്ക് തുടർന്നു. ആദ്യ എസ്റ്റിമേറ്റിലെ പിഴവ് പരിഹരിച്ച് 24.7 കോടി രൂപയായി പിന്നീട് എസ്റ്റിമേറ്റ് ഉയർത്തി. ഇതുപ്രകാരം 4.5 കോടി രൂപയുടെ പ്രവൃത്തികൾകൂടി ഇനിയും പൂർത്തീകരിക്കാനുണ്ട്‌. കരാറുകാരൻ ഈ വിഷയത്തിൽ നഗരസഭയ്ക്കെതിരെ നൽകിയ എട്ടുകോടി രൂപയുടെ കേസ്‌ നിലവിലുണ്ട്. ചർച്ചയുടെ അടിസ്ഥാനത്തിൽ കരാറുകാരന്‌ നൽകാനുള്ള 1.82 കോടി രൂപ ഉടൻ നൽകും.

ഒരുവർഷത്തിനകം ജോലി പൂർത്തീകരിക്കാൻ സമയക്രമം തയ്യാറാക്കി. നൂറുപേർക്ക്‌ ഇരിക്കാവുന്ന കൗൺസിൽ ഹാളാണ്‌ പൂർത്തിയാക്കുന്നത്‌. വൈദ്യുതീകരണത്തിന്‌ നാലരക്കോടിയും ആറ്‌ ലിഫ്‌റ്റുകൾക്കായി രണ്ടരക്കോടിയും അഗ്നിരക്ഷാ സംവിധാനങ്ങൾക്കായി രണ്ടരക്കോടിയും പ്ലംബ്ലിങ്‌, സെപ്‌റ്റിക്‌ ടാങ്ക്‌ എന്നിവയ്‌ക്കായി മൂന്നുകോടിയും ഇന്റീരിയർ, ലാൻഡ്‌ സ്‌കേപിങ്‌, കർട്ടൺ എന്നിവയ്‌ക്കായി എട്ടുകോടിയും ഉൾപ്പെടെ 20 കോടി രൂപയാണ്‌ കണക്കാക്കുന്നത്‌– -മേയർ പറഞ്ഞു. ഡെപ്യൂട്ടി മേയർ കെ എ അൻസിയ, സ്ഥിരംസമിതി ചെയർമാൻമാർ, കോർപറേഷൻ ഉദ്യോഗസ്ഥർ എന്നിവരും ഒപ്പമുണ്ടായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top