26 April Friday

കാലാവധി കഴിഞ്ഞ ലിസ്‌റ്റ്‌ 
പുനഃസ്ഥാപിക്കാൻ നിയമവ്യവസ്ഥയുണ്ടോ : മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Friday Feb 26, 2021


തിരുവനന്തപുരം
അർഹമായ നിയമനം നൽകിയശേഷം കാലാവധി കഴിഞ്ഞ റാങ്ക്‌ ലിസ്‌റ്റ്‌ പുനഃസ്ഥാപിക്കണമെന്ന ആവശ്യം നിയമവ്യവസ്ഥയുള്ള രാജ്യത്ത്‌ സാധ്യമാണോയെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിലുള്ള ഒഴിവുകളിലേക്കുള്ള നിയമനത്തിനാണ്‌ ഓരോ റാങ്ക്‌ലിസ്‌റ്റും തയ്യാറാക്കുന്നത്‌. ജുഡീഷ്യൽ ഓഫീസർമാരുടെ നിയമനത്തിന്‌ ലിസ്‌റ്റ്‌ നിലവിൽവന്നശേഷം ഉണ്ടായ ഒഴിവുകൾകൂടി അതിൽനിന്ന്‌ നികത്താൻ തീരുമാനിച്ചപ്പോൾ നിയമവിരുദ്ധമെന്ന്‌ ചൂണ്ടിക്കാട്ടി തടഞ്ഞത്‌ സുപ്രീംകോടതിയാണ്‌. ഇവിടെ സിപിഒ റാങ്ക് ലിസ്‌റ്റിൽനിന്ന്‌ 2021 ഡിസംബർ വരെയുള്ള ഒഴിവ്‌ കണക്കാക്കി നിയമനം നൽകിയ‌ ശേഷമാണ്‌ ലിസ്‌റ്റ്‌ റദ്ദായത്‌. ലിസ്‌റ്റിൽ ഉള്ളവർ മാത്രമല്ല, യോഗ്യത സമ്പാദിച്ച്‌ ലിസ്‌റ്റിൽപ്പെടാൻ കാത്തുനിൽക്കുന്ന  ലക്ഷക്കണക്കിന്‌ ആളുകളുമുണ്ട്‌. അവരുടെ താൽപ്പര്യവും സംരക്ഷിക്കേണ്ട ബാധ്യത സർക്കാരിനുണ്ട്‌.

വസ്തുത മനസ്സിലാകാത്തതുകൊണ്ടല്ല, തെറ്റായി അവതരിപ്പിക്കാനാണ്‌ ശ്രമം. ഏറ്റവും നിയമനം നൽകിയ സർക്കാരിനെതിരെ തെരഞ്ഞെടുപ്പ്‌ അടുക്കുമ്പോൾ കുപ്രചാരണമാണ്‌ ലക്ഷ്യം. ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ചുള്ള ഒരു സമരത്തോടും മുഖംതിരിക്കുന്ന നിലപാടല്ല സർക്കാരിനുള്ളത്‌. ഈ സമരം സംബന്ധിച്ച്‌ ഏതെല്ലാം തരത്തിൽ ഇടപെടാനാകുമോ അതെല്ലാം ഇനിയും തുടരും. തെറ്റിദ്ധരിപ്പിക്കപ്പെട്ടവരുമായി ചർച്ചയ്‌ക്ക്‌ ഇനിയും തയ്യാറാണ്‌. എന്നാൽ സാധ്യമായ പരിഹാരമേ സാധിക്കൂ–-‌ മുഖ്യമന്ത്രി പറഞ്ഞു.

ബിജെപിയും മുസ്ലിംലീഗും പരസ്യമായ സഖ്യത്തിലേക്ക്‌ ഇപ്പോൾ എത്തുമെന്ന്‌ കരുതുന്നില്ലെന്നും എന്നാൽ, വടകരയും ബേപ്പൂരുമൊക്കെ കോ ലി ബി സഖ്യമുണ്ടായതാണ്‌ ചരിത്രമെന്നും മുഖ്യമന്ത്രി ചോദ്യത്തോട്‌ പ്രതികരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top