26 April Friday
പബ്ലിക് അക്കൗണ്ടിലും കൈകടത്തി കേന്ദ്രം

കിഫ്‌ബിയിൽ ഇഡിയുടെ 
ഉദ്യോഗസ്ഥ വേട്ട ; ലക്ഷ്യം വ്യക്തിഹത്യ ; തുടർച്ചയായി ചോദ്യംചെയ്യാൻ വിളിപ്പിക്കുന്നു

ജി രാജേഷ്‌ കുമാർUpdated: Monday Jul 25, 2022


തിരുവനന്തപുരം
രാഷ്‌ട്രീയ ലക്ഷ്യത്തിനായി കിഫ്‌ബി ഉന്നത ഉദ്യോഗസ്ഥരെ വേട്ടയാടി എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌. മുൻ ചീഫ്‌ സെക്രട്ടറിയടക്കം കിഫ്‌ബി ഉദ്യോഗസ്ഥരെ നിരന്തരം ചോദ്യംചെയ്യലിന്‌ വിളിപ്പിക്കുകയാണ്‌. കൊച്ചിയിലെ ഓഫീസിലെത്തുന്ന വനിതകളടക്കം ദിവസം മുഴുവൻ കാത്തിരിക്കാൻ നിർബന്ധിതരാകുന്നു. ശാരീരിക, മാനസിക പീഡനത്തിലൂടെ രാഷ്‌ട്രീയ അജൻഡയ്‌ക്ക്‌ അനുസരിച്ച ഉത്തരം ലഭ്യമാക്കാനാണ്‌ ശ്രമം‌. കിഫ്‌ബി മസാല ബോണ്ടിന് കാരണക്കാരനായി‌ ഒരാളിന്റെ പേരുപറയുകയാണ്‌ പ്രധാന ആവശ്യം. നിയമവിരുദ്ധമായി ഒന്നുമില്ലാത്ത കേസിൽ അറസ്റ്റുനാടകത്തിന്‌ കളമൊരുക്കുകയാണെന്ന്‌ വ്യക്തം.

മുൻ ചീഫ്‌ സെക്രട്ടറിയും സെബി ബോർഡ്‌ അംഗവുമായിരുന്ന കിഫ്ബി‌ സിഇഒ ഡോ. കെ എം എബ്രഹാമിനെ മൂന്നുതവണ ചോദ്യംചെയ്‌തു. വീണ്ടും ഹാജരാകാൻ നൽകിയ നോട്ടീസിൽ കാരണമോ അന്വേഷണവിഷയമോ വ്യക്തമാക്കുന്നില്ല. ജോയിന്റ്‌ ഫണ്ട്‌ മാനേജരെ നാലുതവണ ചോദ്യംചെയ്‌തു. ആവശ്യപ്പെട്ട എല്ലാ രേഖയും സമർപ്പിച്ച ഈ ഉദ്യോഗസ്ഥ‌യോട്‌ കൊച്ചി ഓഫീസിൽ വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുകയാണ്‌.  മസാല ബോണ്ടിന്റെ ഫയലുകൾ കൈകാര്യംചെയ്ത താഴെത്തട്ടിലെ ഉദ്യോഗസ്ഥരെയും പലതവണ ചോദ്യംചെയ്യലിന് വിധേയമാക്കി. വീണ്ടും വിളിച്ചുകൊണ്ടേയിരിക്കുന്നു. ഇതിന്റെ തുടർച്ചയായാണ്‌ മുൻധനമന്ത്രിയും കിഫ്ബി വൈസ് ചെയർപേഴ്സനുമായിരുന്നു ടി എം തോമസ്‌ ഐസക്കിനോടും ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്‌.

കേന്ദ്രത്തിന്റെ മസാല ബോണ്ടിന് ചട്ടപ്രശ്‌നമില്ല‌
കേന്ദ്ര സർക്കാരിനായി കേന്ദ്ര ഏജൻസികൾ ഇറക്കിയ മസാല ബോണ്ടുകളിൽ ഇഡിയുടെ അന്വേഷണമൊന്നുമില്ല. എൻഎച്ച്എഐ (3000 കോടി), എൻടിപിസി (4000 കോടി), ഐആർഇഡിഎ (1950 കോടി)  മുതലായവ ഇതിൽ ഉൾപ്പെടുന്നു. ഫെമ പ്രകാരം എല്ലാ അനുമതിയും ഉറപ്പാക്കിയാണ്‌ മസാല ബോണ്ടിലൂടെ കിഫ്‌ബി 2150 കോടി രൂപയുടെ വിദേശ വായ്‌പ ഉറപ്പിച്ചത്‌. ഇത്തരം നേട്ടമുണ്ടാക്കുന്ന ആദ്യ സംസ്ഥാന ഏജൻസിയുമായി. ഇത് അന്താരാഷ്‌ട്ര തലത്തിൽ കിഫ്‌ബിയുടെ മതിപ്പും സ്ഥാനവും ഉയർത്തി. ലണ്ടൻ, സിംഗപ്പൂർ സ്റ്റോക്ക് എക്സ്ചേഞ്ചുകളിലും വിജയകരമായി ലിസ്റ്റ് ചെയ്യപ്പെട്ടതോടെ കിഫ്‌ബിക്ക്‌ ധനവിഭവ സമാഹരണം ഉറപ്പായിരുന്നു. ഇത്‌ അട്ടിമറിക്കാനാണ്‌ ഇഡിയുടെ രാഷ്‌ട്രീയ നീക്കം.

പബ്ലിക് അക്കൗണ്ടിലും കൈകടത്തി കേന്ദ്രം
സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കാൻ ട്രഷറി സേവിങ്‌സ്‌ ബാങ്ക്‌ അക്കൗണ്ടടക്കമുള്ള പബ്ലിക് അക്കൗണ്ട്‌(പൊതുകണക്ക്‌)  പ്രവർത്തനത്തിൽ കൈവച്ച്‌ കേന്ദ്രസർക്കാർ. മൊത്തം കടമെടുപ്പ് പരിധി നിശ്ചയിക്കാൻ പബ്ലിക് അക്കൗണ്ടിൽ ബാക്കിയുള്ള തുകകൂടി ഉൾപ്പെടുത്തണമെന്നാണ്‌ നിർദേശം.

പിഎഫ്‌ നിക്ഷേപം, ലഘുസമ്പാദ്യ പദ്ധതി ബാക്കിനിൽപ്‌, ട്രഷറി സേവിങ്‌സ്‌ ബാങ്ക്‌ അക്കൗണ്ട്‌ നിക്ഷേപം എന്നിവയാണ്‌ പബ്ലിക്‌ അക്കൗണ്ടിൽ ഉൾപ്പെടുന്നത്‌.  നിയമപ്രകാരം സംസ്ഥാനങ്ങളുടെ  പബ്ലിക്‌ അക്കൗണ്ട്‌  നിയന്ത്രിക്കുന്നതിനുള്ള  ഭരണഘടനാപരമായ  അധികാരം സംസ്ഥാനങ്ങൾക്കാണ്‌. ഈ അവകാശം കവർന്ന്‌  സംസ്ഥാനത്തെ   സാമ്പത്തീകമായി ശ്വാസം മുട്ടിക്കാനാണ്‌   കേന്ദ്ര നടപടി.    

കഴിഞ്ഞവർഷാവസാനം 15,907 കോടി രുപ പബ്ലിക്  അക്കൗണ്ടിൽനിന്ന്‌ താൽകാലിക വായ്‌പയായി സംസ്ഥാനം എടുത്തിരുന്നു. പുതിയ തീരുമാനം നടപ്പിലായാൽ ഈ വായ്‌പകൂടി പൊതുകടത്തിന്റെ പരിധിയിലാകും. സംസ്ഥാനങ്ങളുടെ വായ്‌പാ അധികാരങ്ങൾ വെട്ടിക്കുറയ്ക്കുന്ന മറ്റൊരു ഉത്തരവും കേന്ദ്ര ധനമന്ത്രാലയം പറുപ്പെടുവിച്ചു. ഇതിലൂടെ  കിഫ്ബി, പെൻഷൻ കമ്പനി ഉൾപ്പെടെ എസ്‌പിവികളുടെ കടംകൂടി സംസ്ഥാനത്തിന്റെ പൊതുകടത്തിനൊപ്പം ചേർക്കും. 

കേന്ദ്ര സർക്കാരിന്റെ സമാന ഏജൻസികൾക്കൊന്നും ഈ കടമെടുപ്പ്‌രീതി ബാധകമല്ലെന്നതും ശ്രദ്ധേയമാണ്‌. ഇതിനൊപ്പം സംസ്ഥാനങ്ങളുടെ പൊതു വായ്‌പാ അധികാരം വെട്ടിക്കുറയ്‌ക്കലും ഒരുവശത്ത്‌ നടക്കുന്നുണ്ട്‌.ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ മുന്നിൽകണ്ട്‌ കേരളത്തിലെ വികസനപ്രവർത്തനത്തെ ആകെ അവതാളത്തിലാക്കുകയാണ്‌ ലക്ഷ്യം. 

ആർബിഐക്കും വിവേചനം
സംസ്ഥാന സർക്കാർ ഏജൻസികളുടെ വികസന പദ്ധതിക്കുള്ള ബാങ്ക്‌ വായ്‌പ  പരിമിതപ്പെടുത്തി ആർബിഐയും.  വയബിലിറ്റി ഗ്യാപ് ഫണ്ടിങ്‌ വഴി പദ്ധതി ഏറ്റെടുക്കാനുള്ള സംസ്ഥാന സർക്കാരിന്റെ അവകാശമാണ്‌ ഇതോടെ ഇല്ലാതാക്കുന്നത്‌.  സംസ്ഥാനത്തിന്റെ വൻകിട വികസന പദ്ധതിക്കെല്ലാം പ്രധാന ധനസ്രോതസ്സാണിത്‌. ഈ മാർഗവും അടച്ച്‌ വികസനം തടസ്സപ്പെടുത്താനുള്ള കേന്ദ്രനീക്കത്തിനൊപ്പം പക്ഷംപിടിക്കുകയാണ്‌ ആർബിഐയും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top