02 May Thursday

വടവുകോട് സിഎച്ച്‌സി പ്രവര്‍ത്തനം അവതാളത്തില്‍ ; സ്ഥിരംസമിതി അധ്യക്ഷൻ കിടന്നുപ്രതിഷേധിച്ചു; മന്ത്രി റിപ്പോർട്ട്‌ തേടി

വെബ് ഡെസ്‌ക്‌Updated: Saturday Jun 25, 2022


കോലഞ്ചേരി
വടവുകോട് കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെ പ്രവര്‍ത്തനം കുത്തഴിഞ്ഞിട്ടും അധികൃതർ അവഗണിക്കുന്നതിൽ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ നടത്തിയ വേറിട്ട പ്രതിഷേധം ഫലംകണ്ടു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ജൂബിള്‍ ജോര്‍ജാണ്‌ ഓഫീസിനുമുന്നില്‍ കിടന്ന്‌ പ്രതിഷേധിച്ചത്‌.

പ്രതിഷേധം ശക്തമായതോടെ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പി വി ശ്രീനിജിന്‍ എംഎല്‍എ ആശുപത്രിയിലെ സാഹചര്യങ്ങള്‍ മന്ത്രി വീണാ ജോര്‍ജിനെ അറിയിച്ചു. ഡിഎംഒ  വി ജയശ്രീയോട് അടിയന്തരമായി ആശുപത്രിയിലെത്തി റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി നിര്‍ദേശിച്ചു. ഇവരെത്തി എംഎല്‍എയും സിപിഐ എം നേതാക്കളുമായി ചര്‍ച്ച നടത്തി.

ചർച്ചയ്‌ക്കുശേഷം മെഡിക്കല്‍ ഓഫീസർ അടക്കം മൂന്നുപേരെ സ്ഥലംമാറ്റുന്നതിന് ഹെല്‍ത്ത് ഡയറക്ടര്‍ക്ക് ശുപാര്‍ശ നല്‍കാന്‍ തീരുമാനിച്ചു. കൃത്യമായി ജോലിക്കെത്താത്ത ഒരു ഓഫീസ് ജീവനക്കാരിയെ അടിയന്തരമായി സ്ഥലംമാറ്റാൻ തീരുമാനിച്ചു. അവശ്യമരുന്നുകള്‍ ഓര്‍ഡര്‍ നല്‍കാതെ കൃത്യവിലോപം കാണിച്ച ജീവനക്കാര്‍ക്കെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കാനും ഉത്തരവിട്ടു.

വെള്ളി രാവിലെ 10.30നാണ് മെഡിക്കല്‍ ഓഫീസറെ പുറത്തിറക്കാതെ അപ്രതീക്ഷിതമായി ആശുപത്രിയിൽ ജൂബിൾ ജോർജ് പ്രതിഷേധസമരം തുടങ്ങിയത്. പിന്തുണയുമായി പുത്തന്‍കുരിശ് പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശനും അംഗങ്ങളും എത്തി. ഇതിനിടെ സിപിഐ എം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഡിക്കൽ ഓഫീസറുടെ മുറിക്കുമുന്നിൽ സമരം ആരംഭിച്ചതോടെ പ്രതിഷേധം ശക്തമായി. സിപിഐ എം ഏരിയ സെക്രട്ടറി സി കെ വര്‍ഗീസ്, ലോക്കല്‍ സെക്രട്ടറി എം എ വേണു, ഏരിയ കമ്മിറ്റി അംഗം പി ടി അജിത്, സഹകരണ ബാങ്ക് പ്രസിഡന്റ് എം എം തങ്കച്ചന്‍ എന്നിവര്‍ ആശുപത്രിയിലെത്തി ജൂബിളിന്റെ സമരത്തിന്‌ പിന്തുണ പ്രഖ്യാപിച്ചു.

തിരുവാണിയൂര്‍, പൂതൃക്ക, പുത്തന്‍കുരിശ് പഞ്ചായത്തുപരിധിയിലെ പ്രധാന ആരോഗ്യകേന്ദ്രമാണിത്. കിടത്തിച്ചികിത്സാ സൗകര്യങ്ങളും മറ്റും ലഭ്യമായിരുന്ന ആശുപത്രിയിൽ നൂറുകണക്കിന്‌ രോഗികളാണ്‌ എത്തിയിരുന്നത്‌. പോസ്റ്റ്മോര്‍ട്ടം സൗകര്യവും ഇവിടെയുണ്ടായിരുന്നു. ഇപ്പോൾ ആശുപത്രിയുടെ പ്രവർത്തനം താളംതെറ്റി. പാലിയേറ്റീവ് കെയര്‍ സംരക്ഷണയിലുള്ള അത്യാഹിതവിഭാഗത്തില്‍പ്പെട്ട രോഗികള്‍ക്ക് നല്‍കേണ്ട മരുന്നുകള്‍ മുടങ്ങിയിട്ട് നാലുമാസമായി. ശമ്പളമില്ലാതെയാണ് താല്‍ക്കാലിക ജീവനക്കാര്‍ ജോലിയെടുക്കുന്നത്.

ആശുപത്രി ലാബിലെ പരിശോധന നിര്‍ത്തിയിട്ട് മാസങ്ങളായി. അഞ്ച് ഡോക്ടര്‍മാരുള്ള ഇവിടെ മൂന്നുപേര്‍ സ്ഥിരമായി അവധിയിലാണ്. മെഡിക്കല്‍ ഓഫീസര്‍ ഡെപ്യൂട്ടേഷനില്‍ പോയെങ്കിലും പകരം സംവിധാനമില്ല. ഇത്തരത്തില്‍ ആശുപത്രിയുടെ പ്രവര്‍ത്തനം താളംതെറ്റിയതോടെയാണ് സമരം തുടങ്ങിയത്. മാസങ്ങള്‍ക്കുമുമ്പ് സിപിഐ എം പുത്തന്‍കുരിശ് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തിൽ  ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top