26 April Friday

മാധ്യമങ്ങൾക്ക്‌ തടസ്സമുണ്ടാകാതിരിക്കാൻ നടപടി

വെബ് ഡെസ്‌ക്‌Updated: Wednesday Mar 25, 2020


സ്വന്തം ലേഖകൻ
മാധ്യമങ്ങൾ തടസ്സമില്ലാതെ പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കാൻ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ മാധ്യമ മേധാവികളുമായി വീഡിയോ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ സ്വീകരിക്കുന്ന നടപടികളും മുന്നറിയിപ്പും ജാഗ്രതപ്പെടുത്തലും കൃത്യമായി ജനങ്ങളിലെത്തിക്കുന്നതിൽ മാധ്യമങ്ങൾ വലിയ പങ്ക്‌ വഹിക്കുന്നു. പോസിറ്റീവ് വാർത്തകൾക്ക് പ്രാധാന്യം നൽകണം. ആശങ്ക ഉയർത്തിക്കാട്ടേണ്ട സമയമല്ല ഇത്.

അവശ്യ സർവീസ് എന്ന നിലയ്ക്കാണ് മാധ്യമങ്ങൾക്ക് പ്രത്യേക പരിഗണന നൽകുന്നത്. ഇത് ദുരുപയോഗം ചെയ്യുന്നെന്ന ചിന്ത പൊതുജനങ്ങളിൽ ഉണ്ടാക്കരുത്‌.
ചാനലുകൾ മൈക്കുകൾ അണുവിമുക്തമാണെന്ന് ഉറപ്പാക്കണം. റിപ്പോർട്ടിങ്ങിനു പോകുമ്പോൾ വലിയ സംഘത്തെ ഒഴിവാക്കണം. പത്രവിതരണത്തിലും ശ്രദ്ധിക്കണം. പരസ്യ നോട്ടീസുകൾവച്ച്‌ വിതരണം ചെയ്യുന്നത്  ഒഴിവാക്കണം. ഏജന്റുമാർ പത്രങ്ങളുടെ മടക്ക് നിവർത്തി കൈകാര്യം ചെയ്യാൻ പാടില്ലെന്ന് നിർദേശിക്കണം.
മാധ്യമപ്രവർത്തകരുടെ വാഹനങ്ങൾക്കും ഡിഎസ്എൻജികൾക്കും തടസ്സമുണ്ടാകാതെ ശ്രദ്ധിക്കും. സുഗമമായ പ്രവർത്തനത്തിന് തടസ്സമുണ്ടായാൽ അത് തദ്ദേശസ്ഥാപനങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തണം. മികച്ച ഏകോപനത്തിലാണ് വിവിധ വകുപ്പുകൾ പ്രവർത്തിക്കുന്നത്. 

കോവിഡിനെ നേരിടാൻ സർക്കാരിന് എല്ലാ പിന്തുണയും നൽകുമെന്ന് മാധ്യമ മേധാവികൾ അറിയിച്ചു. വിവിധ നിർദേശങ്ങളും അവർ മുന്നോട്ടുവച്ചു. തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിലാണ് മാധ്യമ മേധാവികൾക്കായി വീഡിയോ കോൺഫറൻസ് സംവിധാനം ഒരുക്കിയത്. റവന്യുമന്ത്രി ഇ ചന്ദ്രശേഖരൻ, ചീഫ് സെക്രട്ടറി ടോം ജോസ്, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി വി എസ് സെന്തിൽ എന്നിവരും പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top