26 April Friday

പെരിയാറിലെ നീന്തല്‍ പരിശീലനം ; ഓളപ്പരപ്പില്‍ നീന്തിയുറച്ചവര്‍ 5700

എം പി നിത്യൻUpdated: Thursday Nov 24, 2022



ആലുവ
നീന്തൽ പഠിക്കണോ...? ആലുവ പെരിയാർ മണപ്പുറം ദേശം കടവിൽ രാവിലെ എത്തിയാൽ മതി. ആലുവ വാളശേരിൽ റിവർ സ്വിമ്മിങ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പുഴക്കടവിനോട് ചേർന്ന് സ്വിമ്മിങ് പൂളിന്റെ മാതൃകയിൽ താൽക്കാലിക നീന്തൽ പരിശീലനകേന്ദ്രം ഒരുക്കിയിട്ടുണ്ട്. പൈപ്പ് ഉപയോഗിച്ചാണ് സുരക്ഷിതമായ നീന്തൽകേന്ദ്രം തയ്യാറാക്കിയിട്ടുള്ളത്. രാവിലെ 5.50ന് തുടങ്ങി എട്ടിന് പരിശീലനം അവസാനിക്കും. നിലവിൽ ഇവിടെ 150 പേർ പരിശീലിക്കുന്നുണ്ട്. രണ്ടു ബാച്ചുകളിലായി 1000 പേർക്ക് പരിശീലനം നടത്താനുള്ള സൗകര്യമുണ്ട്. സുരക്ഷയ്‌ക്കായി പുഴയിൽ ബോട്ടും കരയിൽ ആധുനിക സൗകര്യമുള്ള ആംബുലൻസും തയ്യാറാണ്. സഹായത്തിനായി സിനീന്തൽവിദഗ്ധരുമുണ്ട്. കഴിഞ്ഞ 13 വർഷത്തിനിടെ 5700 പേരാണ് സൗജന്യമായി നീന്തൽ പഠിച്ചിറങ്ങിയത്. കൂടാതെ സാഹസികത ഇഷ്ടപ്പെടുന്ന 1600 പേർ പെരിയാറിന്റ വീതി കൂടിയ ഭാഗം കുറുകെ നീന്തിക്കയറി. സജി വാളശേരിയുടെ ശിക്ഷണത്തില്‍ സൗജന്യമായാണ് പരിശീലനം.

ശാരീരികപരിമിതികൾ ഉള്ളവർക്ക് ഇവിടെ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. കോഴിക്കോട്ടുകാരനായ ആസിം വെളിമണ്ണ, രണ്ടാമത്തെ വയസ്സിൽ പോളിയോ ബാധിച്ച് അരയ്ക്കുതാഴെ തളർന്ന രതീഷ് പുഷ്കരന്‍ ഉൾപ്പെടെ നിരവധിപേർ പരിശീലനം പൂര്‍ത്തിയാക്കി പെരിയാർ നീന്തിക്കടന്നു. കുടുംബവുമായി നീന്തൽ പഠിക്കാൻ എത്തുന്നവരുമുണ്ട്. 14–--ാംവർഷത്തിലേക്ക് കടക്കുന്ന നീന്തൽ പരിശീലനക്കളരിക്ക് ആലുവ നഗരസഭാ ചെയർമാൻ എം ഒ ജോൺ, കൗൺസിലർ കെ വി സുനീഷ് എന്നിവരാണ് തുടക്കംകുറിച്ചത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top