26 April Friday

"ഇസ്ലാമിക ഭരണത്തിന്‌ ശ്രമിച്ചു' ; പോപ്പുലർ ഫ്രണ്ടിനെതിരെ എൻഐഎ

വെബ് ഡെസ്‌ക്‌Updated: Saturday Sep 24, 2022


കൊച്ചി/ ന്യൂഡൽഹി
ഇസ്ലാമിക ഭരണത്തിനായി ഇന്ത്യയിൽ പോപ്പുലർ ഫ്രണ്ട് ‘ജിഹാദി’ന്‌ ശ്രമിച്ചതായി എൻഐഎ. രാജ്യത്തെ യുവാക്കളെ ഐഎസ്‌ഐഎസ്‌, അൽ ഖായ്ദ, ലഷ്‌കർ ഇ തയ്ബ തുടങ്ങിയ ഭീകരസംഘടനകളിൽ ചേരാൻ പ്രേരിപ്പിച്ചു. രാജ്യവ്യാപകമായി നടത്തിയ റെയ്ഡിന്റെ ഭാഗമായി കേരളത്തിൽ അറസ്റ്റ് ചെയ്ത പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ കോടതിയിൽ ഹാജരാക്കിയപ്പോൾ നൽകിയ റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യങ്ങളുള്ളത്‌.

പോപ്പുലർ ഫ്രണ്ടിന്‌ തീവ്രവാദബന്ധമുണ്ട്‌. വിവിധ മതസ്ഥരിലും വിഭാഗങ്ങളിലും ശത്രുതയുണ്ടാക്കി രാജ്യത്തെ സൗഹാർദവും സമാധാനവും തകർക്കാൻ ശ്രമിച്ചു. റെയ്ഡിൽ പിടിച്ചെടുത്ത മൊബൈൽഫോൺ ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകളിൽ നിർണായക വിവരങ്ങളുണ്ട്‌. ഒട്ടേറെ രേഖകളും ലഘുലേഖകളും പ്രതികളിൽനിന്ന്‌ പിടിച്ചെടുത്തു.  ഇവർ ചില പ്രത്യേക വിഭാഗങ്ങളുടെ ഉന്നതനേതാക്കളെ ലക്ഷ്യമിട്ടതിന്‌ തെളിവുകൾ ലഭിച്ചു. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം വേണം. ഇത്‌ തെളിവുശേഖരണത്തെക്കാൾ സമൂഹത്തിലെ രക്തച്ചൊരിച്ചിൽ ഒഴിവാക്കാനാണെന്നും എൻഐഎ പറയുന്നു.

സമൂഹമാധ്യമങ്ങളുടെ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ചാണ് രഹസ്യവിവരങ്ങൾ കൈമാറിയിരുന്നത്. പിടിച്ചെടുത്ത ഡിജിറ്റൽ സാമഗ്രികൾ ഫോറൻസിക് പരിശോധനയ്‌ക്ക്‌ അയക്കേണ്ടതുണ്ട്. റെയ്ഡിനെയും അറസ്റ്റിനെയും തുടർന്ന് കേരളത്തിൽ വെള്ളിയാഴ്ച ആഹ്വാനം ചെയ്ത ഹർത്താൽ, പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വിപുലമായ സ്വാധീനത്തിന്റെ തെളിവാണെന്നും റിപ്പോർട്ടിൽ പറയുന്നു.

കേസിലെ മൂന്നാംപ്രതി അബ്ദുൽ സത്താർ, 12–--ാംപ്രതി സിഎ റൗഫ് എന്നിവരെ പിടികൂടാനുണ്ട്‌. അറസ്റ്റിലായവർക്ക്‌ ജാമ്യം അനുവദിക്കരുതെന്നും പുറത്തിറങ്ങിയാൽ തെളിവുകൾ നശിപ്പിക്കുമെന്നും  റിപ്പോർട്ടിലുണ്ട്‌. 10 പോപ്പുലർ ഫ്രണ്ട്‌ പ്രവർത്തകരെയാണ്‌ കേരളത്തിൽ റിമാൻഡ്‌ ചെയ്‌തത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top