26 April Friday

മഴക്കാലപൂർവ ശുചീകരണത്തിന്‌ 11.83 കോടി ; വിദൂര ജില്ലകളിൽ ജീവനക്കാരെ എത്തിക്കാൻ പ്രത്യേക ബസ്‌

വെബ് ഡെസ്‌ക്‌Updated: Thursday May 21, 2020


പകർച്ചവ്യാധികൾ വേഗത്തിൽ പടരുന്നത്‌ ഒഴിവാക്കാൻ മഴക്കാലപൂർവ ശുചീകരണപ്രവർത്തനങ്ങൾക്ക്‌ 11.83 കോടി രൂപ അനുവദിച്ചു. ജില്ലകളുടെ ആവശ്യത്തിനനുസരിച്ച് ബാക്കിത്തുക അനുവദിക്കും. പരിസരമെല്ലാം ശുചിയായിരിക്കണം. കൊതുക് വളരാനുള്ള സാഹചര്യം അനുവദിക്കരുത്. മാലിന്യ നിർമാർജനം പ്രധാനമാണ്. നദികളിലും തോടുകളിലും അടിഞ്ഞുകൂടിയ എക്കൽ നീക്കുന്ന പ്രവൃത്തി ആരംഭിച്ചു. 

■ഭക്ഷണം ഉറപ്പാക്കണം
അതിഥിത്തൊഴിലാളികൾ ഉൾപ്പെടെ ഭക്ഷണം ആവശ്യമുള്ളവർക്ക്‌ ‌ നൽകാൻ അത്യാവശ്യമുള്ളിടങ്ങളിൽ സമൂഹ അടുക്കള ഇനിയും പ്രവർത്തിക്കുമെന്ന്‌  മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലോക്ക്ഡൗൺ  ഇളവുകൾ വന്നതിനാൽ സമൂഹ അടുക്കളയുടെ ആവശ്യം കുറഞ്ഞു. ഇനിയും പ്രയാസം അനുഭവിക്കുന്നവർക്ക് ഭക്ഷണം എത്തിക്കുന്നതിന് സമൂഹ അടുക്കള നിലനിർത്താവുന്നതാണ്. ആവശ്യമുള്ളവരെ മാത്രം സഹായിക്കുക എന്നതാകും സമീപനം.  അതിഥിത്തൊഴിലാളികളോട്‌ സഹാനുഭൂതിയുണ്ടാകണം. ഭക്ഷണവും പാർപ്പിടവും എല്ലായിടത്തും സർക്കാർ ലഭ്യമാക്കിയിട്ടുണ്ട്. നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ച സാഹചര്യത്തിൽ അവർക്ക് തൊഴിൽ കിട്ടും. തൊഴിലുണ്ടെങ്കിൽ പ്രയാസം മാറും. ആർക്കെങ്കിലും ഭക്ഷണത്തിന് ബുദ്ധിമുട്ടുണ്ടോ എന്ന കാര്യം പ്രാദേശിക തലത്തിൽ പരിശോധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

■വിദൂര ജില്ലകളിൽ ജീവനക്കാരെ എത്തിക്കാൻ പ്രത്യേക ബസ്‌
ലോക്ക്ഡൗൺ കാരണം കണ്ണൂർ, കാസർകോട്, വയനാട് തുടങ്ങിയ ജില്ലകളിൽ ജോലിയുള്ളവർ തിരുവനന്തപുരത്തും മറ്റും വീടുകളിൽ തുടരുന്നതിനാൽ പ്രത്യേക കെഎസ്ആർടിസി ബസിൽ അവരെ ജോലിയുള്ള ജില്ലകളിൽ എത്തിക്കും. അതിനായി അവരുടെ വിശദാംശം ജില്ലാ കലക്ടർമാർ ശേഖരിക്കും. ജീവനക്കാർ അവർ താമസിക്കുന്ന ജില്ലയിലെ കലക്ടറേറ്റിൽ റിപ്പോർട്ട് ചെയ്യാൻ നിർദേശിച്ചിരുന്നു. ഇങ്ങനെ റിപ്പോർട്ട് ചെയ്യുന്നവരെ കോവിഡ് –-19 പ്രതിരോധ പ്രവർത്തനത്തിനുവേണ്ടി തദ്ദേശഭരണ സ്ഥാപനങ്ങളിലടക്കം നിയോഗിക്കണം. ഇതിനു പുറമെയാണ്‌ ബസിൽ എത്തിക്കുന്ന നടപടി.

■കാലവർഷം: മുന്നൊരുക്കമായി
കാലവർഷത്തിന്റെ ഭാഗമായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി തയ്യാറാക്കിയ മൺസൂൺ ദുരന്തപ്രതിരോധ പ്രതികരണ മുന്നൊരുക്ക പ്രവർത്തനങ്ങളുടെ മാർഗരേഖയായി. ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് സേനകളുടെ പൂർണ സഹകരണം ഉറപ്പാക്കി.   സംസ്ഥാനത്തെ മുഴുവൻ തദ്ദേശഭരണ സ്ഥാപനങ്ങളും  ദുരന്തലഘൂകരണ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top