02 May Thursday

മലയാളം പഠിപ്പിക്കുകയാണ് യുപിക്കാരി ആര്‍ഷി

എ എസ് ജിബിനUpdated: Monday Sep 20, 2021


കൊച്ചി
നാലിൽ പഠിക്കുമ്പോഴാണ് ഉത്തർപ്രദേശുകാരി ആർഷി കേരളത്തിലെത്തുന്നത്. നെല്ലിക്കുഴി ​ഗവ. ഹൈസ്കൂളിൽ പ്രവേശനം നേടിയ ആർഷിയെ മലയാളം വട്ടംകറക്കി. എഴുത്തും ഉച്ചാരണവും വഴങ്ങാതിരുന്ന ആർഷിയെ അധ്യാപകരും കൂട്ടുകാരും സഹായിച്ചു. അതോടെ മലയാളം ആർഷിയുടെ വരുതിയിലായി. ഇപ്പോഴിതാ, അതിഥിത്തൊഴിലാളികളുടെ മക്കളെ മലയാളം പഠിപ്പിക്കുകയാണ് ആർഷി.

ഒരുവർഷമായി സമ​ഗ്രശിക്ഷാ കേരളം കോതമം​ഗലം ബിആർസിയിലെ വിദ്യാ‌ കോ–-ഓർഡിനേറ്ററാണ് ഇവർ. അതിഥിത്തൊഴിലാളികളുടെ മക്കൾക്കായി സമ​ഗ്രശിക്ഷാ കേരളം നെല്ലിക്കുഴിയിൽ സ്ഥാപിച്ച  പ്രത്യേക പഠനകേന്ദ്രത്തിലെ 15 കുട്ടികളെയാണ് പഠിപ്പിക്കുന്നത്. ഉത്തർപ്രദേശ്, അസം എന്നീ സംസ്ഥാനങ്ങളിൽനിന്നുള്ള കുട്ടികളാണിവർ. ‍മലയാളം ഉൾപ്പെടെ എല്ലാ വിഷയങ്ങളും പഠിപ്പിക്കുന്നുണ്ട്.

‘ഇതരസംസ്ഥാനങ്ങളിൽനിന്ന്‌ എത്തുന്നവർക്ക് മലയാളം പഠിക്കാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ കുട്ടികളിലാദ്യം മലയാളഭാഷയോട് താൽപ്പര്യമുണ്ടാക്കുകയാണ് വേണ്ടത്. താൽപ്പര്യത്തിനൊപ്പം സഹായിക്കാൻ ആളുണ്ടെങ്കിൽ മലയാളം പഠിച്ചെടുക്കാം’–-- ആർഷി പറയുന്നു. ഉത്തർപ്രദേശ് സഹാരൻപുർ സ്വദേശി സലിമിന്റെയും മെഹ്റുന്നിസയുടെയും മകളാണ് ആർഷി. ചെറുവട്ടൂർ ​ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു പ്ലസ്ടു പഠനം. ജോലിക്കൊപ്പം കംപ്യൂട്ടർ കോഴ്സും പഠിക്കുന്നുണ്ട്.

ആർഷി ഉൾപ്പെടെ  41 വിദ്യാ വളന്റിയർമാരാണ് ജില്ലയിലുള്ളത്. ഇതിൽ 10 പേർ ഇതരസംസ്ഥാനക്കാരാണ്. ഇതരസംസ്ഥാനക്കാരായ കുട്ടികളെ കണ്ടെത്തി വിദ്യാഭ്യാസം ഉറപ്പാക്കാൻ സമ​ഗ്രശിക്ഷാ കേരളം വാർഷിക സർവേയ്ക്കൊപ്പം വിദ്യാ കോ–-ഓർഡിനേറ്റർമാരുടെ നേതൃത്വത്തിൽ ‌നിരന്തര അന്വേഷണവും നടത്തുന്നുണ്ട്. ഇങ്ങനെ കണ്ടെത്തുന്ന കുട്ടികളെ നാലുദിവസത്തിനുള്ളിൽ സ്കൂളിൽ ചേർക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് സമഗ്രശിക്ഷാ കേരളം അർബൻ കോ–-ഓർഡിനേറ്റർ അശ്വതി കെ രാജ് പറഞ്ഞു. ആ​​ഗസ്ത്‌, സെപ്തംബർ മാസങ്ങളിലായി 20 കുട്ടികളെ ഇത്തരത്തിൽ സ്കൂളുകളിൽ എത്തിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top