26 April Friday

കോവിഡ്‌ രണ്ടാംതരംഗം : നേരിടാനുറച്ച്‌ ജില്ല

വെബ് ഡെസ്‌ക്‌Updated: Tuesday Apr 20, 2021

അവലോകന യോഗത്തിൽ മന്ത്രി കെ കെ ശെെലജ ഓൺലെെനിൽ സംസാരിക്കുന്നു


കൊച്ചി
കോവിഡ് രണ്ടാംതരംഗത്തെ നേരിടാൻ തദ്ദേശസ്ഥാപനങ്ങളുടെയും സന്നദ്ധപ്രവർത്തകരുടെയും വ്യാപാരി വ്യവസായി സംഘടനകളുടെയും സഹകരണത്തോടെ സമ​ഗ്ര കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പാക്കാനുറച്ച്‌ അധികൃതർ. ആരോഗ്യമന്ത്രി കെ കെ ശൈലജ, തദ്ദേശമന്ത്രി എ സി മൊയ്തീൻ എന്നിവരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് തീരുമാനം.

തദ്ദേശസ്ഥാപനങ്ങൾ കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തിൽ നടത്തിയ നിർണായക പ്രതിരോധ പ്രവർത്തനങ്ങളുടെ മാതൃകയിലാകും ഇക്കുറിയും പ്രവർത്തനം. വാർഡുതല ജാഗ്രതാ സമിതികളുടെ പ്രവർത്തനം കാര്യക്ഷമമാക്കാന്‍ മന്ത്രി എ സി മൊയ്തീന്‍ നിര്‍ദേശം നല്‍കി. അങ്കണവാടി, ആശാ വർക്കർമാർ, ജെഎച്ച്ഐമാർ എന്നിവരടങ്ങുന്ന സംഘത്തെ പുനഃസംഘടിപ്പിക്കും. തദ്ദേശസ്ഥാപനങ്ങളിൽ പുതിയ ഭരണസമിതി വന്ന സാഹചര്യത്തിൽ പുതിയ അംഗങ്ങളെ ഉൾപ്പെടുത്തിയാകും സമിതികൾ. തദ്ദേശസ്ഥാപനങ്ങളുടെ നേതൃ-ത്വത്തിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ, ഡൊമിസിൽ കെയർ സെന്ററുകൾ, സെക്കൻഡ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ എന്നിവ ഉടൻ ആരംഭിക്കും.

വാർഡുതല സമിതികൾ
വാർഡുതല സമിതികൾ ഓരോ വീടുകളും സന്ദർശിച്ച് ബോധവൽക്കരണവും ക്വാറന്റൈനിൽ കഴിയുന്നവരുടെ ആരോഗ്യസ്ഥിതിയും വിലയിരുത്തും. പ്രതിദിന മോണിറ്ററിങ് സംവിധാനം ശക്തിപ്പെടുത്തും. കുടുംബശ്രീയുടെ സഹായത്തോടെ ബോധവൽക്കരണ പരിപാടികൾ വിപുലമാക്കും. എല്ലാവരും വാക്സിൻ എടുത്തോയെന്ന് തദ്ദേശസ്ഥാപനങ്ങൾ ഉറപ്പാക്കും. വ്യാപാരസ്ഥാപനങ്ങളിൽ കോവിഡ് വ്യാപന സാഹചര്യമില്ലെന്ന്  ഉറപ്പാക്കണം. അതിഥിത്തൊഴിലാളികളുടെ ക്യാമ്പുകളിൽ  ജാഗ്രത തുടരും.

ഓക്സിജൻ ശേഖരിക്കാൻ 
മുന്നൊരുക്കം
ഓക്‌സിജൻ ശേഖരിക്കാൻ മുന്നൊരുക്കം നടത്താൻ മന്ത്രി കെ കെ ശൈലജ കലക്ടർക്ക് നിർദേശം നൽകി. കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്കായി പഞ്ചായത്തുകൾക്ക് കൂടുതൽ ഫണ്ട് അനുവദിക്കാൻ ഇടപെടലുണ്ടാകുമെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ യോഗത്തിൽ അറിയിച്ചു.

3333 ഓക്സിജൻ ബെഡ്
ജില്ലയിൽ 3333 ഓക്‌സിജൻ ബെഡുകൾ തയ്യാറാക്കിയതായി കലക്ടർ എസ് സുഹാസ് അറിയിച്ചു. 1000 ഓക്സിജൻ ബെഡുകൾകൂടി തയ്യാറാക്കിവരികയാണ്. 12,000 ബെഡുകളാണ് സ്വകാര്യ ആശുപത്രികളിലടക്കം ജില്ലയിൽ സജ്ജമായിട്ടുള്ളത്.  ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്‌ കൂടുതലുള്ള തദ്ദേശസ്ഥാപനങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. 20 ശതമാനം ജനങ്ങൾക്ക്‌ വാക്‌സിൻ നൽകി. 7.25 ലക്ഷം വാക്‌സിനുകളാണ് വിതരണം ചെയ്തത്. ലഭ്യതയ്ക്കനുസരിച്ച് വാക്‌സിനേഷൻ പൂർത്തിയാക്കും. പത്തു ദിവസത്തിനകം കോവിഡ് വ്യാപന നിരക്ക് കുറയ്ക്കാൻ കഴിയുമെന്നും കലക്ടർ പറഞ്ഞു.

എഫ്എൽടിസികൾ 
സജ്ജമാക്കി 
കൊച്ചി ന​ഗരസഭ
കൊച്ചി കോർപറേഷൻ പരിധിയിൽ എട്ട് സിഎഫ്എൽടിസികൾ സജ്ജമാക്കാൻ നടപടി ആരംഭിച്ചതായി മേയർ എം അനിൽകുമാർ അറിയിച്ചു. മട്ടാഞ്ചേരി, പള്ളുരുത്തി, ഇടക്കൊച്ചി എന്നിവിടങ്ങളിൽ എഫ്എൽടിസികൾ സജ്ജമാണ്‌.  കോർപറേഷൻ പരിധിയിൽ രണ്ടു ദിവസത്തിനകം 13,500 പേർക്ക് വാക്‌സിൻ നൽകി. എഫ്എൽടിസികൾക്കായി എട്ട് കേന്ദ്രങ്ങൾ കണ്ടെത്തിയെന്നും മേയർ അറിയിച്ചു.

ആവശ്യമെങ്കിൽ 
കമ്യൂണിറ്റി കിച്ചൻ
ആവശ്യമെങ്കിൽ കമ്യൂണിറ്റി കിച്ചൻ സംവിധാനം ആരംഭിക്കും. സന്നദ്ധപ്രവർത്തകരുടെ സേവനം പ്രയോജനപ്പെടുത്തും. വീഡിയോ കോൺഫറൻസിങ് വഴി നടത്തിയ യോഗത്തിൽ ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷർ, സെക്രട്ടറിമാർ, ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ ഖോബ്രഗഡെ, ജില്ലാ ഡെവലപ്‌മെന്റ് കമീഷണർ അഫ്‌സാന പർവീൺ, ജില്ലാ മെഡിക്കൽ ഓഫീസർ എൻ കെ കുട്ടപ്പൻ, അഡീഷണൽ ഡിഎംഒ എസ് ശ്രീദേവി, വാക്‌സിനേഷൻ നോഡൽ ഓഫീസർ ശിവദാസ്, ദേശീയ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ മാത്യൂസ് നുമ്പേലി, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ എസ് ഷാജഹാൻ എന്നിവർ പങ്കെടുത്തു.

ജില്ലയ്ക്ക് 30,000 ഡോസ് വാക്സിൻ
കോവിഡ് വാക്സിൻ ക്ഷാമത്തിന് താൽക്കാലിക ആശ്വാസമായി ജില്ലയ്ക്ക് 30,000 ഡോസ് വാക്സിൻ ലഭിച്ചു. ഞായറാഴ്ച എറണാകുളം ഉൾപ്പെടെയുള്ള അഞ്ചു റീജണുകളിലേക്കായി 1.75 ലക്ഷം ഡോസ് വാക്സിൻ ലഭിച്ചിരുന്നു. ഇതിൽനിന്നാണ് 30,000 ഡോസ് വാക്സിൻ ലഭിച്ചത്. ചൊവ്വാഴ്ചമുതൽ നിർത്തിവച്ച വാക്സിനേഷൻ ഇതോടെ പുനരാരംഭിക്കുമെന്ന് വാക്സിനേഷൻ നോഡൽ ഓഫീസർ ഡോ. ശിവദാസ് പറഞ്ഞു. മെഗാ വാക്സിനേഷൻ ക്യാമ്പുകൾ താൽക്കാലികമായി നിർത്തിയിരിക്കുകയാണ്. സർക്കാർ ആശുപത്രികൾ, പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ, സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിലെ വാക്സിൻ വിതരണത്തിനാണ് മുൻഗണന.

60,-000 ഡോസ് വാക്സിനാണ് ജില്ല ആവശ്യപ്പെട്ടത്. ആവശ്യാനുസരണം കൂടുതൽ ഡോസ് ലഭ്യമാക്കാൻ നടപടി സ്വീകരിക്കുന്നുണ്ടെന്നും ഡോ. ശിവദാസ് പറഞ്ഞു. ജില്ലയിലെത്തിയ വാക്സിനുകൾ ജനറൽ ആശുപത്രിയിലെ റീജണൽ വാക്സിൻ സ്റ്റോറിൽ സൂക്ഷിച്ചിരിക്കുകയാണ്. 45 വയസ്സിനുമേലുള്ളവർക്ക് തിരിച്ചറിയൽരേഖയുമായി വാക്സിൻ വിതരണകേന്ദ്രത്തിലെത്തി വാക്സിൻ എടുക്കാം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top