26 April Friday

കുടിശ്ശിക പാക്കേജ്‌ അല്ല, സമഗ്ര പുനരുജ്ജീവന പദ്ധതി ; സാമ്പത്തികഞെരുക്കം തടസ്സമാകില്ല : ടി എം തോമസ്‌ ഐസക്‌

ജി രാജേഷ‌് കുമാർUpdated: Friday Mar 20, 2020


കോവിഡ്‌ പ്രതിസന്ധി മറികടക്കാൻ സർക്കാർ പ്രഖ്യാപിച്ച പ്രത്യേക പാക്കേജിന്‌  സാമ്പത്തികഞെരുക്കം തടസ്സമാകില്ലെന്ന്‌ ധനമന്ത്രി ടി എം തോമസ്‌ ഐസക്‌ വ്യക്തമാക്കി.  ‘പണം എവിടെയെന്ന്‌ ചോദ്യമുയർത്തുന്നവരും  കുടിശ്ശിക പാക്കേജ്‌ എന്ന്‌ ആക്ഷേപിക്കുന്നവരുമുണ്ട്‌. കുടിശ്ശിക പാക്കേജല്ല, സമഗ്രപുനരുജ്ജീവന പദ്ധതിയാണ്‌ ഇതെന്ന മറുപടിയാണ്‌ അവർക്ക്‌ നൽകാനുള്ളത്‌’–-ധനമന്ത്രി ദേശാഭിമാനിയോട്‌ പറഞ്ഞു. 

ജനങ്ങളിലേക്ക്‌ പണമെത്തിക്കാൻ 12 മാസമെടുക്കുന്ന പദ്ധതികളിൽ ചിലത്‌  ആദ്യ രണ്ടുമാസത്തിൽത്തന്നെ ഏറ്റെടുക്കുകയാണ്‌. 25,000 കോടി രൂപ അടുത്തവർഷം വായ്‌പയടുക്കാം. ഇതിൽ പകുതിയെങ്കിലും ഏപ്രിലിൽ എടുക്കാനാകും. കേന്ദ്രാനുകൂല്യത്തിനു കാത്തുനിൽക്കാതെ കേരളത്തിന്‌ പാക്കേജ്‌ നടപ്പാക്കാനും കഴിയും. രണ്ടു മാസത്തിനുള്ളിൽ 20,000 കോടി രൂപ ജനങ്ങളിലെത്തും. ശമ്പളത്തിനും പെൻഷനും പുറമെയാണിത്‌. തകരുന്ന സമ്പദ്‌വ്യവസ്ഥയെ ഇത്‌ ഉത്തേജിപ്പിക്കും. ജനങ്ങളിൽ പ്രത്യാശയും അതിജീവനത്തിനുള്ള ഊർജവും പകരും. 

രണ്ടു മാസത്തിനുള്ളിൽ ഇത്രയേറെ പണം ജനങ്ങളുടെ കൈയിലെത്തിക്കൽ സാധ്യമോ?
സാമൂഹ്യ, ക്ഷേമ പെൻഷൻ വിതരണം പ്രധാന ഉപാധിയാണ്‌. രണ്ടു ഘട്ടത്തിലായി 8500 കോടി  വിഷുവിനുമുമ്പ്‌ വിതരണം ചെയ്യും. 61 ലക്ഷം കുടുംബത്തിൽ കുറഞ്ഞത്‌ 7400 രൂപ വീതമെത്തും. തൊഴിലുറപ്പിൽ കേരളത്തിന് എട്ടു കോടി തൊഴിൽദിനം അനുവദിച്ചിട്ടുണ്ട്‌. പ്രതിദിന കൂലി 271 രൂപ കണക്കാക്കിയാൽ 2168 കോടി രൂപ ലഭ്യമാകും. സാമഗ്രികൾ വാങ്ങുന്നതിന്‌ 30 ശതമാനം തുകയുമുണ്ട്‌. അടുത്ത മൂന്നുമാസത്തിൽ ഇത്‌ ഫലപ്രദമായി ചെലവഴിക്കുന്നതിനുള്ള പദ്ധതിയാണ് മാന്ദ്യകാലത്ത് പാവങ്ങൾക്ക് തൊഴിൽ നൽകാനുള്ള മികച്ച മാർഗം.

പാവങ്ങളുടെ പരിരക്ഷ ഈ വിഭാഗങ്ങളിൽ മാത്രമായി ഒതുങ്ങുമോ?
സാധ്യമായ എല്ലാ മേഖല വഴിയും സാധാരണക്കാരിൽ പണം എത്തിക്കും. സാമൂഹ്യക്ഷേമ പെൻഷൻ ഇല്ലാത്ത ബിപിഎൽ/എഎവൈ കുടുംബങ്ങൾക്ക്‌ 1000 രൂപവീതം നൽകും. പലവ്യഞ്ജനം അടക്കമുള്ളവ വാങ്ങാൻ ഈ തുക സഹായകമാകും. സൗജന്യ റേഷനും ചികിത്സയും മരുന്നും ഇവർക്ക്‌ ഉറപ്പാക്കിയിട്ടുണ്ട്‌.

കുടിശ്ശിക പാക്കേജ്‌ എന്നാണ്‌ പ്രതിപക്ഷ ആക്ഷേപം?
5000 കോടിയിൽപ്പരം രൂപ ജനങ്ങളുടെ കൈകളിൽ എത്തിക്കുന്നതിനെയാണ്‌ കുടിശ്ശിക പാക്കേജ്‌ എന്ന്‌ ആക്ഷേപിക്കുന്നത്‌. സംസ്ഥാന സർക്കാരിന്റെ വീഴ്‌ചമൂലമുണ്ടായ കുടിശ്ശികയല്ലിത്‌. വായ്‌പാ അവകാശത്തിൽനിന്ന്‌ 7000 കോടി കേന്ദ്രം വെട്ടിക്കുറച്ചു. ജിഎസ്‌ടി നഷ്ടപരിഹാരം 3198 കോടി  കിട്ടാനുണ്ട്‌. നികുതി വരുമാനത്തിൽ 2000 കോടി കുറഞ്ഞു. എന്നിട്ടും കൈയുംകെട്ടി നിൽക്കുകയല്ല സംസ്ഥാനം.

കേന്ദ്ര സർക്കാർ നിരാശപ്പെടുത്തുന്നുവെന്ന ആക്ഷേപത്തിന്റെ കാതൽ?
രാഷ്‌ട്രത്തെ അഭിസംബോധന ചെയ്‌ത പ്രധാനമന്ത്രി നിരാശപ്പെടുത്തി. ക്വാറന്റൈനിലാകുന്ന ജനങ്ങൾക്ക്‌ ഉപജീവനം ഉറപ്പാക്കാൻ ഒരു നടപടിയുമില്ല. സംഭരണശാലകളിൽ സ്ഥലമില്ലാഞ്ഞിട്ടും കെട്ടിക്കിടക്കുന്ന അരി പാവങ്ങൾക്ക്‌ വിതരണം ചെയ്യാൻ  അനുവദിക്കുന്നില്ല. സംസ്ഥാനങ്ങളുടെ വായ്‌പാപരിധി അരശതമാനംകൂടി ഉയർത്താനും തയ്യാറാകുന്നില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top