27 April Saturday

സിസ തോമസിന്റെ നിയമനം : 23ന്‌ വീണ്ടും പരിഗണിക്കും

വെബ് ഡെസ്‌ക്‌Updated: Saturday Nov 19, 2022


കൊച്ചി
സാങ്കേതിക സർവകലാശാല  താൽക്കാലിക വൈസ് ചാൻസലറായി   സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ സീനിയർ ജോയിന്റ്‌ ഡയറക്ടർ ഡോ. സിസ തോമസിനെ നിയമിച്ചതിനെതിരെ സർക്കാർ നൽകിയ ഹർജി 23ന്‌ പരിഗണിക്കാൻ മാറ്റി. കേസിൽ ഗവർണറുടെ സത്യവാങ്‌മൂലം വെള്ളി രാവിലെയാണ്‌ ലഭിച്ചതെന്നും മറുപടി നൽകാൻ സമയം ആവശ്യമാണെന്നും അഡ്വക്കറ്റ്‌ ജനറൽ കോടതിയെ അറിയിച്ചു.  കേസിലെ എതിർകക്ഷികളായ സിസ തോമസ്‌, യുജിസി, ഗവർണർ തുടങ്ങിയവർ ബുധനാഴ്‌ചയ്‌ക്കുമുമ്പ്‌ സത്യവാങ്‌മൂലം സമർപ്പിക്കണമെന്ന്‌ കഴിഞ്ഞ വെള്ളിയാഴ്‌ച ജസ്‌റ്റിസ്‌ ദേവൻ രാമചന്ദ്രൻ നിർദേശിച്ചിരുന്നു.  

കെടിയു ആക്ടുപ്രകാരം വിസിയുടെ ഒഴിവുണ്ടായാൽ മറ്റേതെങ്കിലും വിസിക്കോ കെടിയു പ്രോ വിസിക്കോ ഉന്നതവിദ്യാഭ്യാസ സെക്രട്ടറിക്കോ ചുമതല കൈമാറണമെന്നിരിക്കെ, നിയമവിരുദ്ധമായാണ് സാങ്കേതികവിദ്യാഭ്യാസ വകുപ്പിലെ സീനിയർ ജോയിന്റ്‌ ഡയറക്ടർ സിസ തോമസിന് ചുമതല നൽകിയതെന്നും ഗവർണറുടെ ഈ ഉത്തരവ്‌ റദ്ദാക്കണമെന്നുമാണ്‌ സർക്കാരിന്റെ ആവശ്യം.

അതേ സമയം  ഡോ. സിസ തോമസിന്റെ   നിയമനത്തിൽ അപാകമില്ലെന്ന്‌ ചാൻസലർകൂടിയായ ഗവർണർ ഹൈക്കോടതിയിൽ വിശദീകരണം നൽകി.  വിദ്യാർഥികളുടെ ഭാവി അവതാളത്തിലാകാതിരിക്കാനാണ്  സിസയെ നിയമിച്ചത്‌.  യുജിസി ചട്ടമനുസരിച്ച്‌ വിസി മാറുന്നതോടെ പ്രോ വിസിയും മാറണം. അതിനാൽ താൽക്കാലികചുമതല പ്രോ വിസിക്ക്‌ നൽകാനാകില്ല. വിസിയുടെ ചുമതല ഡിജിറ്റൽ സർവകലാശാലാ വിസി ഡോ. സജി ഗോപിനാഥിന് കൈമാറാൻ സർക്കാർ ശുപാർശ ചെയ്തെങ്കിലും ഈ നിയമനവും സംശയകരമായതിനാൽ നിയമിച്ചില്ല.  എൻജിനിയറിങ്‌ കോളേജുകളിൽ 10 വർഷത്തിലേറെ അധ്യാപനപരിചയമുള്ള  പ്രൊഫസർമാരുടെ പട്ടിക ശേഖരിച്ചാണ് നിയമനം നടത്തിയതെന്നും ഗവർണർ വിശദീകരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top