27 April Saturday

സി എച്ച് ദിനം സമുചിതമായി ആചരിക്കുക

വെബ് ഡെസ്‌ക്‌Updated: Monday Oct 19, 2020


സ. സി എച്ച് കണാരൻ ദിനം 20ന്‌ സമുചിതമായി ആചരിക്കാൻ മുഴുവൻ പാർടി ഘടകങ്ങളോടും പ്രവർത്തകരോടും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അഭ്യർഥിച്ചു. കേരളത്തിൽ കമ്യൂണിസ്റ്റ് പാർടി കെട്ടിപ്പടുക്കുന്നതിൽ അതുല്യപങ്ക് വഹിച്ച മഹാപ്രതിഭയാണ് സി എച്ച് കണാരൻ. സി എച്ച് അന്തരിച്ചിട്ട്  20ന് 48 വർഷം തികയും. നവോഥാന പ്രസ്ഥാനങ്ങളുടെ തുടർച്ചയായാണ് കേരളത്തിൽ വർഗ പ്രസ്ഥാനങ്ങൾ രൂപപ്പെട്ടതും വളർന്നുവന്നതും. ആ ചരിത്രത്തിന്റെ അടയാളപ്പെടുത്തലാണ്‌ സി എച്ചിന്റെ ജീവിതവും. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ ശക്തമായ പോരാട്ടമാണ് സി എച്ച് നടത്തിയത്. ജന്മിത്വത്തിന്റെ ചൂഷണങ്ങളിൽനിന്ന് കേരള സമൂഹത്തെ മോചിപ്പിച്ച് പുരോഗമനാശയത്തിന്‌ പിന്നിൽ അണിനിരത്താൻ നേതൃത്വം നൽകി.  

ലോകമാകെ കോവിഡ് 19 നോട് പൊരുതുന്ന ഘട്ടത്തിലാണ് ഇത്തവണ സി എച്ച് ദിനാചരണം. ജനങ്ങളുടെ ആരോഗ്യവും ജീവനും സംരക്ഷിക്കുന്നതിൽ മാതൃകാപരമായ പ്രവർത്തനമാണ്‌ എൽഡിഎഫ് സർക്കാരിന്റെത്‌‌. എന്നാൽ, സർക്കാരിന്റെ പ്രവർത്തനങ്ങളെ അപകീർത്തിപ്പെടുത്താൻ കേന്ദ്രസർക്കാരിന്റെ സഹായത്തോടെ സംഘടിത നീക്കം നടത്തുകയാണ്‌ പ്രതിപക്ഷം‌. സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ ചർച്ചയാകാതിരിക്കാനാണിത്‌. പ്രതിപക്ഷത്തിന്റെയും വലതുപക്ഷ മാധ്യമങ്ങളുടെയും കള്ളപ്രചാരവേല തുറന്നുകാട്ടാൻ പാർടി പ്രവർത്തകരാകെ രംഗത്തുവരണം. കമ്യൂണിസ്റ്റ് പാർടി ഓഫ്‌ ഇന്ത്യ രൂപീകരിച്ചതിന്‌  നൂറു വർഷം പിന്നിട്ട വേളയിൽ, സമൂഹത്തിന്റെ പുരോഗതിക്കും ജനങ്ങളുടെ ഉന്നമനത്തിനുമായി കമ്യൂണിസ്റ്റ് പാർടി നൽകിയ സംഭാവനകൾ പുതുതലമുറയെ പഠിപ്പിക്കാനുള്ള അവസരമായി ദിനാചരണം മാറ്റണം.  കോവിഡ് മാനദണ്ഡം പാലിച്ച്‌ പതാക ഉയർത്തിയും ഓഫീസുകൾ അലങ്കരിച്ചും അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചും സി എച്ച് ദിനാചരണം വിജയിപ്പിക്കണമെന്ന്‌  സെക്രട്ടറിയറ്റ് അഭ്യർഥിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top