26 April Friday

വെൽഫെയർ പാർടി യുഡിഎഫിലേക്ക് ; എം എം ഹസൻ ജമാഅത്ത്‌ അമീറുമായി ചർച്ച നടത്തി

പി വി ജീജോUpdated: Monday Oct 19, 2020



ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ കക്ഷിയായ വെൽഫെയർ പാർടിയെ യുഡിഎഫ്‌ സഖ്യകക്ഷിയാക്കും. നിയമസഭാ തെരഞ്ഞെടുപ്പോടെ മുന്നണിയിലെടുക്കാനാണ്‌ ആലോചന. ഞായറാഴ്‌ച പാണക്കാട്ടെത്തിയ യുഡിഎഫ്‌ കൺവീനർ എം എം ഹസൻ മുസ്ലിംലീഗ്‌ നേതാക്കളുമായി  ഇക്കാര്യം ചർച്ചചെയ്‌തതായാണ്‌ സൂചന. വെൽഫെയർ പാർടി നേതാക്കളെ ഹസൻ അടുത്തദിവസം കാണും. കോൺഗ്രസിലെയും ലീഗിലെയും ഒരുവിഭാഗത്തിന്റെ എതിർപ്പ്‌ അവഗണിച്ചാണ്‌ ജമാഅത്ത്‌‌ കക്ഷിയുമായുള്ള  കൈകോർക്കൽ.

കേരള കോൺഗ്രസ്(എം) യുഡിഎഫ്‌ വിട്ടതിലുള്ള ക്ഷീണം തീർക്കാനാണ്‌ ജമാഅത്തിനെ കൂട്ടുപിടിക്കുന്നത്‌. യുഡിഎഫുമായി  സഖ്യത്തിന്‌ ജമാഅത്തെ ഇസ്ലാമി നേതൃത്വം അനുകൂലമാണ്‌. പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിൽ ധാരണ, നിയമസഭാ തെരഞ്ഞെടുപ്പിൽ ഘടകകക്ഷി ‌ എന്ന നിലയിലാണ്‌ ചർച്ച. കോഴിക്കോട്‌, മലപ്പുറം ജില്ലകളിൽ പ്രാദേശികാടിസ്ഥാനത്തിൽ സീറ്റ്‌ ചർച്ചകളടക്കം പുരോഗമിക്കയാണ്‌. മുസ്ലിംലീഗ്‌ ജനറൽ സെക്രട്ടറി  പി കെ കുഞ്ഞാലിക്കുട്ടിയാണ്‌ ജമാഅത്ത്‌‌ സഖ്യത്തിന്റെ സൂത്രധാരൻ.  പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല, കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരുമായി വെൽഫെയർ പാർടി നേതാക്കളുടെ കൂടിക്കാഴ്‌ചക്ക്‌ അരങ്ങൊരുക്കിയതും കുഞ്ഞാലിക്കുട്ടിയായിരുന്നു. വെൽഫെയർ പാർടി സംസ്ഥാന പ്രസിഡന്റ്‌ ഹമീദ്‌ വാണിയമ്പലം, ജനറൽ സെക്രട്ടറി കെ എ ഷഫീഖ്‌, വൈസ്‌ പ്രസിഡന്റ്‌ റസാഖ്‌ പാലേരി എന്നിവരുമായായിരുന്നു കോൺഗ്രസ്‌ നേതാക്കളുടെ  ചർച്ച. എന്നാൽ അന്നത്തെ യുഡിഎഫ്‌ കൺവീനർ ബെന്നി ബഹനാൻ വേണ്ടത്ര താൽപ്പര്യമെടുത്തില്ലെന്ന പരാതി ലീഗിനുണ്ടായി. ഹസൻ കൺവീനറായതോടെ  ലീഗ്‌ നീക്കത്തിന്‌ ശക്തിയേറി.

എം എം ഹസൻ ജമാഅത്ത്‌ അമീറുമായി ചർച്ച നടത്തി
യുഡിഎഫ്‌ കൺവീനർ എം എം ഹസനും ജമാഅത്‌ നേതാവുമായി രഹസ്യ കൂടിക്കാഴ്‌ച.  ജമാഅത്ത്‌ ഇസ്ലാമി  സംസ്ഥാന അമീർ എം ഐ അബ്ദുൾ  അസീസിനെ നിലമ്പൂരിനടുത്തുള്ള വീട്ടിലെത്തിയാണ്‌ ഹസൻ സന്ദർശിച്ചത്‌. പാണക്കാട്‌ മുസ്ലിംലീഗ്‌ നേതാക്കളുമായുള്ള ചർച്ചക്ക്‌ പിന്നാലെയാണ്‌  നിലമ്പൂരിലെത്തിയത്‌‌.  വെൽഫെയർ പാർടിയെ യുഡിഎഫ്‌ സഖ്യ കക്ഷിയാക്കുന്നതിന്‌ മുന്നോടിയാണ്‌  കൂടിക്കാഴ്‌ചയെന്നാണ്‌ സൂചന. മാധ്യമങ്ങളെ അറിയിക്കാതെ രഹസ്യമായിരുന്നു സന്ദർശനം.  ഒരുമണിക്കൂറോളം ചർച്ചനീണ്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top