27 April Saturday

രണസ്‌മരണയിൽ രക്തസാക്ഷിഗ്രാമങ്ങൾ ; പുന്നപ്ര വയലാർ വാരാചരണം നാളെ തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Sunday Oct 18, 2020


ആലപ്പുഴ
ഐതിഹാകമായ പുന്നപ്ര–--വയലാർ സമരത്തിന്റെ 74–-ാം വാർഷിക വാരാചരണം ചൊവ്വാഴ്‌ച തുടങ്ങും. കമ്യൂണിസ്‌റ്റ്‌ പാർടി ഓഫ് ഇന്ത്യ രൂപീകരണത്തിന്റെ  100–-ാം വാർഷിക വേളയിലാണ്‌ ഇക്കുറി  അനുസ്‌മരണം‌.  സി എച്ച് കണാരൻ ദിനമായ ചൊവ്വാഴ്‌ച ചെങ്കൊടി ഉയരുന്നതോടെ വാരാചരണം ആരംഭിക്കും.

കോവിഡ് മാനദണ്ഡം പാലിച്ചാകും വാരാചരണമെന്നും വൈകുന്നേരങ്ങളിലെ പൊതുയോഗം ഒഴിവാക്കിയതായും സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസറും സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസും അറിയിച്ചു.

വാർഡുതലങ്ങളിൽ അഞ്ചുപേർ വീതമാകും പുഷ്‌പാർച്ചന. ചൊവ്വാഴ്‌ച സിപിഐ എം, സിപിഐ പാർടികളുടെ നേത‌ൃത്വത്തിൽ എല്ലാ പ്രദേശങ്ങളിലും പതാക ഉയർത്തും. രക്തസാക്ഷികൾ അന്ത്യവിശ്രമം കൊള്ളുന്ന വലിയചുടുകാട്ടിൽ വൈകിട്ട് സമരസേനാനി പി കെ മേദിനി ചെങ്കൊടി ഉയർത്തും. പുന്നപ്രയിലെ സമരഭൂമിയിൽ വൈകിട്ട് അഞ്ചിന് ഇ കെ ജയൻ പതാകയുയർത്തും.

മാരാരിക്കുളം രക്തസാക്ഷി മണ്ഡപത്തിൽ വൈകിട്ട് ആറിന് ആർ നാസർ പതാക ഉയർത്തും. തുടർന്ന് സി എച്ച് കണാരൻ അനുസ്‌മരണ യോഗം. ബുധനാഴ്‌ച മേനാശേരിയിലും വയലാറിലും രക്തപതാക ഉയരും.  പുന്നപ്രദിനമായ 23ന് രക്തസാക്ഷി മണ്ഡപത്തിൽ പുഷ്‌പാർച്ചന നടത്തും. 25ന് മേനാശേരി രക്തസാക്ഷി മണ്ഡപത്തിലും 26ന് മാരാരിക്കുളം രക്തസാക്ഷി മണ്ഡപത്തിലും വാർഡുകളിലും പുഷ്‌പാർച്ചന‌.

വയലാർ ദിനമായ 27ന് വലിയചുടുകാട്ടിൽനിന്ന്‌ രാവിലെ 7.15ന് അഞ്ചുപേർ വീതം റിലേയായി ദീപശിഖ വയലാർ രക്തസാക്ഷി മണ്ഡപത്തിലേക്ക്. മേനാശേരിയിൽനിന്നുള്ള ദീപശിഖയും വയലാറിൽ എത്തിക്കും. പകൽ 11ന് ദീപശിഖ രക്തസാക്ഷി മണ്ഡപത്തിൽ സ്ഥാപിക്കും. രക്തസാക്ഷി മണ്ഡപത്തിന് സമീപത്തുള്ളവർ പുഷ്‌പാപാർച്ചന നടത്തും. വൈകിട്ട് ഓൺലൈനിലാണ് നേതാക്കളുടെ അനുസ്‌മരണപ്രസംഗങ്ങൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top