26 April Friday

ലൈഫ് മിഷൻ : ഇന്ന്‌ 859 ഗൃഹപ്രവേശം

വെബ് ഡെസ്‌ക്‌Updated: Saturday Sep 18, 2021


കൊച്ചി
സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തി ലൈഫ് മിഷൻ പദ്ധതിയിൽ നിർമാണം പൂർത്തിയാക്കിയ 859 വീടുകളുടെ ‘ഗൃഹപ്രവേശം’ ശനിയാഴ്‌ച നടക്കും. പകൽ 12ന് മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന ഉദ്ഘാടനം നിർവഹിക്കും.

കളമശേരി മുനിസിപ്പൽ ഉദ്ഘാടനം പകൽ 12ന്‌ കളമശേരി മുനിസിപ്പാലിറ്റി മിനി കോൺഫറൻസ് ഹാളിലും ഏലൂർ നഗരസഭയുടെ കുടുംബസംഗമത്തിന്റെ ഉദ്‌ഘാടനം പകൽ 12.45ന് കൃഷിഭവൻ അങ്കണത്തിലും മന്ത്രി പി രാജീവ് നിർവഹിക്കും. ഏലൂർ നഗരസഭാ 28–-ാംവാർഡിലെ ബിന്ദു ഉണ്ണിക്കൃഷ്‌ണന്റെ ഗൃഹപ്രവേശച്ചടങ്ങിൽ മന്ത്രി പങ്കെടുക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ഗുണഭോക്താക്കളുടെ കുടുംബസംഗമവും ഗൃഹപ്രവേശവും നടക്കും.

ജില്ലയിൽ നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തി ലൈഫ് മിഷനിൽ പഞ്ചായത്തുകളിൽ 579 വീടുകളും നഗരസഭാ പ്രദേശങ്ങളിൽ 280 വീടുകളുമാണ് പൂർത്തിയായത്. കൂടുതൽ വീടുകൾ പൂർത്തിയാക്കിയത് പിണ്ടിമന പഞ്ചായത്താണ്. 40 വീടുകൾ. അശമന്നൂർ-–-32, പാമ്പാക്കുട–-30, പായിപ്ര–--25, കോട്ടപ്പടി–--25, വാഴക്കുളം–-20, വെങ്ങോല-–-20 വീടുകളും പൂർത്തിയാക്കി.

ലൈഫ് മിഷൻ പദ്ധതിയിൽ ജില്ലയിലാകെ 19,068 വീടുകളാണ് പൂർത്തിയാക്കിയത്. സ്വന്തമായി സ്ഥലമില്ലാത്തവർക്കുള്ള ഭവനസമുച്ചയ നിർമാണമാണ് പുരോഗമിക്കുന്നത്.1575 ഭൂരഹിതർക്കാണ് ജില്ലയിൽ ലൈഫ് മിഷൻവഴി വീടുകൾ നിർമിച്ചുനൽകിയത്. തോപ്പുംപടി, അയ്യമ്പുഴ, കൂത്താട്ടുകുളം എന്നിവിടങ്ങളിൽ ഭവനസമുച്ചയ നിർമാണം പുരോഗമിക്കുകയാണ്. തോപ്പുംപടിയിൽ 88 പേർക്കും അയ്യമ്പുഴയിൽ 44 പേർക്കും കൂത്താട്ടുകുളത്ത് 36 കുടുംബങ്ങൾക്കും സ്വന്തമായ ഭവനം എന്ന സ്വപ്നം ഇതോടെ പൂർത്തിയാകും. അങ്കമാലിയിലും കീഴ്മാട്ടുമായി 12 വീതം കുടുംബങ്ങൾ ഭവനസമുച്ചയങ്ങളിൽ പുതിയ ജീവിതം ആരംഭിച്ചുകഴിഞ്ഞു. കൂടുതൽ ഭവനസമുച്ചയങ്ങൾ നിർമിക്കുന്നതിനുള്ള പ്രാരംഭനടപടികൾ നിലവിൽ ജില്ലയിൽ ആരംഭിച്ചുകഴിഞ്ഞു.

ജില്ലയിൽ ലൈഫ് മിഷന്റെ ആദ്യഘട്ടത്തിൽ അനുവദിച്ച ഭൂരിഭാഗം വീടുകളുടെയും രണ്ടാംഘട്ടത്തിൽ അനുവദിച്ച 96 ശതമാനം വീടുകളുടെയും നിർമാണം പൂർത്തിയായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top