27 April Saturday

വായ്‌പാ തിരിച്ചടവ്‌ കാലാവധി നീട്ടിയേക്കും ; തീരുമാനം ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Wednesday Mar 18, 2020


സ്വന്തം ലേഖകൻ
ബാങ്ക്‌ വായ്‌പകളിലെ തിരിച്ചടവ്‌ കാലാവധി നീട്ടുന്നതു സംബന്ധിച്ച ബാങ്കേഴ്‌സ്‌ സമിതി തീരുമാനം ബുധനാഴ്‌ച. മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച  പ്രതിനിധികളുടെ യോഗത്തിൽ ഇതുസംബന്ധിച്ച്‌ ധാരണയായി. ബുധനാഴ്‌ച ചേരുന്ന ബാങ്കേഴ്‌സ്‌ സമിതി ഉപസമിതി യോഗം ഇതിൽ അന്തിമ തീരുമാനമെടുക്കും. ഇത്‌ റിസർവ്‌ ബാങ്ക്‌ അനുമതിയോടെ നടപ്പാക്കും.

എല്ലാത്തരം വായ്‌പകൾക്കും പദ്ധതി പ്രയോജനം ലഭ്യമാക്കുന്നതിൽ ധാരണയായിട്ടുണ്ട്‌. സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമുള്ള വായ്‌പാ തിരിച്ചടവ്‌ കാലാവധി നീട്ടൽ, വായ്‌പാ പുനഃക്രമീകരണം, പലിശയിൽ ഇളവ്‌, പുതിയ വായ്‌പകൾക്ക്‌ കൂടുതൽ ഇളവ്‌ തുടങ്ങിയവയും പരിഗണിച്ചേ കഴിയൂവെന്ന്‌ മുഖ്യമന്ത്രി നിർദേശിച്ചു. ഇക്കാര്യങ്ങളിലെല്ലാം സർക്കാർ നിലപാടുകളെ പൂർണമായും അംഗീകരിക്കുന്ന സമീപനമാണ്‌ ബാങ്കേഴ്‌സ്‌ സമിതി പ്രതിനിധികൾ സ്വീകരിച്ചത്‌. പ്രളയത്തെ തുടർന്ന്‌ പ്രഖ്യാപിച്ച വായ്‌പാ മൊറട്ടോറിയത്തിൽ വിദ്യാഭ്യാസ വായ്‌പകൾ ഉൾപ്പെട്ടിരുന്നില്ല. ഇത്തവണ ഇതുംകൂടി പരിഗണിക്കും. പദ്ധതിക്കുള്ള റിസർവ്‌ ബാങ്ക്‌ അനുമതിക്ക്‌ പ്രയാസമുണ്ടാകില്ലെന്നാണ്‌ പ്രതീക്ഷ.

വായ്‌പാ തിരിച്ചടവ്‌ കാലാവധി നീട്ടണമെന്ന സർക്കാർ ആവശ്യത്തോട്‌ സംസ്ഥാന ബാങ്കേഴ്‌സ്‌ സമിതിക്ക്‌ തികച്ചും അനുകൂല നിലപാടാണുള്ളതെന്ന്‌ കൺവീനർ എൻ അജിത്‌ കൃഷ്‌ണൻ പറഞ്ഞു. എല്ലാത്തരം വായ്‌പകൾക്കും തിരിച്ചടവ്‌ കാലാവധി നീട്ടണമെന്ന ആവശ്യത്തോട്‌ സമിതി യോജിക്കുന്നുണ്ട്‌.

സംസ്ഥാനത്ത്‌ അനുഭവപ്പെടുന്ന സാമ്പത്തിക ഞെരുക്കം ബാങ്കേഴ്‌സ്‌ സമിതിക്ക്‌ ബോധ്യപ്പെട്ടിട്ടുണ്ട്‌. ഇക്കാര്യത്തിൽ സമിതിക്ക്‌ കഴിയാവുന്ന സഹായമെല്ലാം ഉറപ്പാക്കും. മൂന്നുമാസംമുതൽ ഒരുവർഷംവരെയാണ്‌ വായ്‌പാ തിരിച്ചടവ്‌ കാലാവധി നീട്ടാനാകുക. പ്രളയവുമായി ബന്ധപ്പെടുത്തി ഒരുവർഷം തിരിച്ചടവ്‌ കാലാവധി നീട്ടിയിരുന്നു. ഇത്‌ ഇപ്പോഴും നടപ്പാക്കാനാകുമെന്നാണ്‌ പ്രതീക്ഷയെന്നും അജിത്‌ കൃഷ്‌ണൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top