26 April Friday

വിറങ്ങലിച്ച് നാട് ; മൂക്കന്നൂരിൽ 16 വീടുകൾക്ക്‌ നാശം

സ്വന്തം ലേഖകർUpdated: Sunday Oct 17, 2021


കൊച്ചി
ശനി പുലർച്ചെ ആരംഭിച്ച ശക്തമായ മഴയിലും ഇടിമിന്നലിലും വിവിധ പ്രദേശങ്ങളിൽ വ്യാപക നഷ്ടം. പെരുമ്പാവൂരിൽ ഇടിമിന്നലിൽ വിദ്യാർഥിക്ക്‌ പരിക്ക്‌. കാലടിയിൽ രണ്ടുപേരെ ക്യാമ്പിലേക്ക്‌ മാറ്റി. ഇലഞ്ഞിയിൽ ഇടിമിന്നലേറ്റ്‌ പശു ചത്തു. ഒരു വീട്‌ നിലംപൊത്തി.

അങ്കമാലിയിൽ 16 വീടുകൾക്ക്‌ ഭാഗിക നാശം. പെരുമ്പാവൂർ രായമംഗലം പഞ്ചായത്ത്‌ പത്താം വാർഡിലെ പത്തുസെന്റ് കോളനിയിലുണ്ടായ ഇടിമിന്നലിൽ പ്ലസ്ടു വിദ്യാർഥി വാഴയിൽ വീട്ടിൽ രാജ്കുമാറിന് (16) പരിക്കേറ്റു. പെരുമ്പാവൂർ താലൂക്ക്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കീഴില്ലം ചിറയിൻപാടം വിജയന്റെ വീടിനേറ്റ മിന്നലിൽ ഒരു ഭിത്തി തകർന്നു. വയറിങ് സംവിധാനങ്ങൾ കത്തിനശിച്ചു. സമീപ പ്രദേശങ്ങളിലെ വീടുകളിലെ ഇലക്ട്രിക് ഉപകരണങ്ങളും കത്തിനശിച്ചിട്ടുണ്ട്. പുല്ലുവഴി എൽപി സ്കൂളിനുസമീപം വളയൻചിറങ്ങര മനേലി വീട്ടിൽ ജോർജിന്റെ എട്ടടി ഉയരമുള്ള മതിൽ ഇടിഞ്ഞു വീണു. വെങ്ങോല ഓണംകുളം തൈക്കാവിനു സമീപം ഓടകൾ നിറഞ്ഞൊഴുകി. വീടുകളിലേക്കും പ്ലൈവുഡ് കമ്പനിയിലേക്കും വ്യാപാര സ്ഥാപനങ്ങളിലേക്കും വെള്ളം കയറി. രായമംഗലം പഞ്ചായത്ത് പീച്ചനാംമുകളിൽ പഞ്ചായത്ത് കിണറിന്റെ മണ്ണിടിഞ്ഞ് എട്ട് മോട്ടോറുകൾ മൂടിപ്പോയി. ഇതോടെ സമീപത്തെ വീടുകളിലെ കുടിവെള്ളം നിലച്ചു.

മൂക്കന്നൂരിൽ 16 വീടുകൾക്ക്‌ നാശം
മഴയിലും ഇടിമിന്നലിലും മൂക്കന്നൂർ പഞ്ചായത്തിലെ രണ്ടാംവാർഡിൽ വ്യാപക നാശം. എടലക്കാട് പോർക്കുന്ന് പാറത്തോട് റോഡ്, സീക്കാട് റോഡ്
ഭാഗങ്ങളിൽ 16 വീടുകളിലാണ് നാശമുണ്ടായിരിക്കുന്നത്. ഇടിമിന്നലിൽ വൈദ്യുതി ഉപകരണങ്ങൾ നശിച്ചു. ഇളയിടത്ത് ഡേവിസിന്റെ വീടിന്റെ സൺഷെയ്ഡിന്റെ ഒരുഭാഗം തെറിച്ചുപോയി. വീടിന്റെ ഭിത്തികൾക്ക് വിള്ളലുണ്ട്‌. ജനൽച്ചില്ലുകളെല്ലാം പൊട്ടിത്തകർന്നു. കുരുക്കിനേത്ത് ബാബുവിന്റെ വീട്ടിലെ വൈദ്യുതി മീറ്റർ ഇളകി. കാവലിപ്പാടൻ ജോയിയുടെ ഫ്രിഡ്ജ്, ഇൻവെർട്ടർ ഉൾപ്പെടെ വൈദ്യുതോപകരണങ്ങൾ നശിച്ചു. റോഡിലെ മുഴുവൻ തെരുവുവിളക്കുകളും തകർന്നു. എടലക്കാട് സീക്കാട് റോഡിൽ കരിമ്പനയ്ക്കൽ ഷാജിയുടെ വീട്ടിലെ വൈദ്യുതോപകരണങ്ങൾ  നശിച്ചു. ദേശീയപാതയിൽനിന്ന് എളവൂർക്ക് തിരിയുന്ന കവലയിലെ സർവീസ് റോഡിലും അങ്ങാടിക്കടവിലേക്ക് തിരിയുന്ന കവലയിലും വെള്ളക്കെട്ട് ഉണ്ടായതുമൂലം ഗതാഗതം തടസ്സപ്പെട്ടു.

കറുകുറ്റി പഞ്ചായത്തിൽ കാരമറ്റം, പാലിശേരി ഭാഗത്ത് വീടുകളിലേക്ക് വെള്ളം കയറി. തുറവൂർ പഞ്ചായത്തിലെ കിടങ്ങൂർ കപ്പേള കവലയിൽ റോഡിൽ വെള്ളം ഉയർന്ന് കടകളിലേക്ക് കയറി. കാലടിയിൽ ആരിപാടം ചെട്ടിയേടത്ത് പുത്തൻവീട്ടിൽ ജോയി, രേണുക എന്നിവരെ ക്യാമ്പിലേക്ക് മാറ്റി.  കാലടി പട്ടണത്തിന്റെ താഴ്ന്നപ്രദേശങ്ങളിൽ വെള്ളം കയറി.

കുടമുണ്ട പാലം വെള്ളത്തിലായി
കുടമുണ്ട പഴയ പാലം പൂർണമായും വെള്ളത്തിൽ മുങ്ങി. സമീപത്തെ രണ്ട് കടകളിലും വെള്ളം കയറി. അടിവാട് ടൗണിലെ  വ്യാപാരസ്ഥാപനങ്ങളിലും  വെള്ളം കയറി. മാവുടി മൂങ്ങാംതണ്ടിന് സമീപം മൂന്ന് വീടുകളിലും കല്ലിരിക്കുംകണ്ടത്ത് നാല്  വീടുകളിലും വെള്ളം കയറി. വൈകിട്ടോടെ തോടിലെ ജലനിരപ്പ്  താഴ്ന്ന് വീടുകളിൽനിന്ന്‌ വെള്ളം ഇറങ്ങി.

പൈങ്ങോട്ടൂർ പഞ്ചായത്തിൽ കാളിയാർ പുഴയ്ക്ക് കുറുകെയുള്ള  പരിതപ്പുഴ ചെക്ക്ഡാമും റോഡും വെള്ളത്തിനടിയിലായി. പ്രദേശത്തെ താഴ്ന്നപ്രദേശങ്ങളിലും വെള്ളം കയറി. പോത്താനിക്കാട് പഞ്ചായത്തിലെ  പുളിന്താനം തോട് കരകവിഞ്ഞ് പാടശേഖരം പൂർണമായും വെള്ളത്തിലായി. കക്കടാശേരി കാളിയാർ റോഡിൽ പുളിന്താനത്ത് വെള്ളക്കെട്ടിൽ ഗതാഗതം തടസ്സപ്പെട്ടു. പുളിന്താനം ഗവ. യുപി സ്കൂളിന്റെ മുമ്പ് തകർന്നു വീണ സംരക്ഷണഭിത്തിയുടെ കുറച്ചുഭാഗം റോഡിലേക്ക് ഇടിഞ്ഞ് വീണു. മാമുട്ടത്ത് തോമസിന്റെ വീടിന്റെ പുറകുവശത്തെ മൺത്തിട്ട ഇടിഞ്ഞ്  30 അടി താഴ്ചയിലുള്ള  തോട്ടിലേക്ക് വീണ്‌ വീട് അപകടാവസ്ഥയിലായി. ആരിമറ്റത്ത് രണ്ട് വീടുകളിലും പല്ലാരിമംഗലം പുലിക്കുന്നേപ്പടി പാടശേഖരത്തിലും  വെള്ളം കയറി.


 

കല്ലൂർക്കാട്‌ കവല മുങ്ങി
മൂവാറ്റുപുഴ - തൊടുപുഴ റോഡിൽ വാഴക്കുളത്ത് കല്ലൂർക്കാട് കവലയിൽ കനത്ത മഴയിലുണ്ടായ വെള്ളക്കെട്ടിൽ ഗതാഗതം തടസ്സപ്പെട്ടു. വ്യാപാരസ്ഥാപനങ്ങളിൽ വെള്ളം കയറി നാശമുണ്ടായി. വാഹനങ്ങൾക്ക്‌ തകരാറുണ്ടായി. പുലിമല ബേക്കറി, സമീപത്തെ പച്ചക്കറിക്കട, കാർമൽ  ബേക്കറി, സാറാസൻസ് ടയേഴ്‌സ്, കുരിശുപള്ളിയുടെ സമീപത്തെ പലചരക്കുകട, ഫ്രിഡ്ജ് റിപ്പയറിങ് സ്ഥാപനം, ഹോട്ടൽ എന്നീ സ്ഥാപനങ്ങൾക്ക് ലക്ഷക്കണക്കിന് രൂപയുടെ  നഷ്ടമുണ്ടായി. റോഡിനോട് ചേർന്നുണ്ടായിരുന്ന തോട് നികത്തിയതാണ് വെള്ളക്കെട്ടിന് കാരണം.

വീടിന്‌ മിന്നലേറ്റു
മലയിടംതുരുത്തിൽ ശക്തമായ ഇടിമിന്നലിൽ വീടിന് ഭാഗികമായി കേടുപറ്റി. വൈദ്യുത ഉപകരണങ്ങൾ പൂർണമായും നശിച്ചു. നമ്മണാരി വർഗീസിന്റെ വീടിനാണ് കേടുപറ്റിയത്. ശനി പകൽ പതിനൊന്നിനാണ്‌ ശക്തമായ ഇടിയും മിന്നലുമുണ്ടായത്. വർഗീസും ഭാര്യയുമാണ് വീട്ടിലുണ്ടായിരുന്നത്. വൈദ്യുതി മീറ്ററും മെയിൻസ്വിച്ചുകളും കത്തിനശിച്ചു. വീടിന്റെ ഭിത്തി പൊട്ടി, തേപ്പ് പൊളിഞ്ഞ്‌ അടർന്നുവീണു. ടിവി, ഫ്രിഡ്ജ് ഉൾപ്പെടെയുള്ള വൈദ്യുതി ഉപകരണങ്ങളും വയറിങ്ങും നശിച്ചു. ലക്ഷങ്ങളുടെ നഷ്ടമുണ്ടായിട്ടുണ്ട്. സമീപ വീടുകളിലും വൈദ്യുതി ഉപകരണങ്ങൾ നശിച്ചിട്ടുണ്ട്. ടെലിഫോൺ കേബിൾ പോകുന്ന പ്രദേശത്ത് ഇടിമിന്നലിന്റെ ശക്തിയിൽ മണ്ണ് മുകളിലേക്ക് തെറിച്ച്‌ കുഴി രൂപപ്പെട്ടു. മലയിടംതുരുത്തിൽ മരംവീണ്‌ ഗതാഗതം തടസ്സപ്പെട്ടു.

മുളവൂരിൽ കൃഷിയിടങ്ങൾ മുങ്ങി
മുളവൂർ തോട് കരകവിഞ്ഞതോടെ പായിപ്ര പഞ്ചായത്തിലെ മുളവൂർ, പൊന്നിരിക്കപറമ്പ്, വടമുക്ക് പാലം, കോച്ചേരിക്കടവ്, കിഴക്കേക്കടവ് ആട്ടായം, പെരുമറ്റം പ്രദേശത്തെ കൃഷിയിടങ്ങളിലാണ് വെള്ളം കയറിയത്‌. കപ്പ, വാഴ, റബർ, ജാതി, പച്ചക്കറികൾ എന്നിവ വെള്ളത്തിനടിയിലായി. ചെക്ക് ഡാമുകളിൽ മാലിന്യങ്ങൾ നിറഞ്ഞതിനാൽ തോട്ടിലെ നീരൊഴുക്ക് തടസ്സപ്പെട്ടു. ഇലഞ്ഞി ചേലക്കൽ പെരുമ്പിളിൽ സാബുവിന്റെ പശു ഇടിമിന്നലേറ്റ്‌ ചത്തു. ശനി പകൽ രണ്ടിനായിരുന്നു സംഭവം. ഇലഞ്ഞി പെരുമ്പടവം ഊലോത്ത് യു കെ പത്മനാഭന്റെ  വീട്‌ തകർന്നു. ഉച്ചയ്‌ക്ക് വാക്സിൻ എടുക്കാൻപോയ ഇദ്ദേഹം സമീപമുള്ള സഹോദരന്റെ വീട്ടിൽ വിശ്രമിക്കുമ്പോഴായിരുന്നു അപകടം.


 

കൊങ്ങോർപ്പിള്ളി–ഒളനാട് റോഡ് വെള്ളക്കെട്ടിൽ
കൊങ്ങോർപ്പിള്ളി കവലയിൽനിന്ന്‌ ഒളനാടേക്ക് പോകുന്ന ആദ്യഭാഗമാണ്‌ വെള്ളത്തിലായത്. കടകളുടെ വരാന്തയിലേക്കും വെള്ളം കയറി. വാഹനങ്ങൾ കടന്നുപോകുമ്പോൾ കടകളിലേക്കും കെട്ടിക്കിടക്കുന്ന വെള്ളം തെറിക്കുന്നുണ്ട്.  കാൽനട–ഇരുചക്ര വാഹന യാത്രക്കാർ ദുരിതത്തിലായി.

സ്‌റ്റേഷൻകടവ്‌ റോഡ്‌ വെള്ളത്തിൽ
പുത്തൻവേലിക്കര ബസാറിൽനിന്ന്‌ സ്റ്റേഷൻകടവ് ഭാഗത്തേക്കുള്ള പ്രധാന റോഡ് വെള്ളത്തിലായി. മഴവെള്ളം കെട്ടിക്കിടക്കുന്നതിനാൽ കാൽനട, വാഹനയാത്ര ദുഷ്കരമായി. കച്ചേരി മൈതാനത്ത്‌ ടൈലുകൾ പൊട്ടിക്കിടക്കുന്നിടത്ത്‌ വെള്ളക്കെട്ടായതിനാൽ കാൽനടയാത്രക്കാർ ദുരിതത്തിലാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top