27 April Saturday
പുനർഗേഹം പദ്ധതി

കടലോളം സന്തോഷം; 14 വീടിന്റെ താക്കോൽ കൈമാറി

വെബ് ഡെസ്‌ക്‌Updated: Friday Sep 17, 2021


കൊച്ചി
കടലേറ്റവും വെള്ളപ്പൊക്കവും ഭയക്കാതെ മത്സ്യത്തൊഴിലാളികൾക്ക്‌ താമസിക്കാൻ തീരദേശത്ത്‌ നിർമിച്ചത്‌ 14 വീടുകൾ. സർക്കാരിന്റെ നൂറുദിന പദ്ധതിയിൽ ഉൾപ്പെടുത്തി ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന പുനർഗേഹം പദ്ധതിയിൽ നിർമിച്ച 14 വീടുകളുടെ സംസ്ഥാന ഗൃഹപ്രവേശം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. വൈപ്പിൻ, കൊച്ചി മണ്ഡലങ്ങളിലായി ഏഴുവീതം വീടുകളുടെ താക്കോലുകൾ കൈമാറി.

വൈപ്പിനിൽ ജില്ലാപരിപാടി മന്ത്രി പി രാജീവ് ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു. തീരമേഖലയിൽ ദുരിതജീവിതം നയിക്കുന്നവർക്ക് പുനർഗേഹം പദ്ധതി സുരക്ഷിത ജീവിതത്തിന് വഴിതെളിക്കുമെന്ന് പി രാജീവ് പറഞ്ഞു. തീരദേശസംരക്ഷണത്തിന്റെ ഭാഗമായി ബൃഹത് പദ്ധതിയാണ് ചെല്ലാനത്ത് സർക്കാർ നടപ്പാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. ഞാറക്കൽ മാഞ്ഞൂരാൻ ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ വീടുകളുടെ താക്കോൽ കൈമാറി.


 

വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ, ഞാറയ്ക്കൽ, കുഴുപ്പിള്ളി, എടവനക്കാട്, നായരമ്പലം പഞ്ചായത്തുകളിലെ പ്രസിഡന്റുമാരായ ടി ടി ഫ്രാൻസിസ്, കെ എസ്‌ നിബിൻ, ഹസീന അബ്ദുൽസലാം, നീതു ബിനോദ്, ജില്ലാപഞ്ചായത്ത്‌ അംഗങ്ങളായ കെ ജെ ഡോണോ, അഗസ്റ്റിൻ മണ്ടോത്ത്, ഫിഷറീസ് മധ്യമേഖലാ ജോയിന്റ് ഡയറക്ടർ എം എസ് സാജു, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ നൗഷർ ഖാൻ എന്നിവർ സംസാരിച്ചു.

കൊച്ചി മണ്ഡലത്തിലെ വീടുകളുടെ താക്കോൽദാനം കെ ജെ മാക്സി എംഎൽഎ നിർവഹിച്ചു. ചെല്ലാനം പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ ഡി പ്രസാദ്, കൗൺസിലർ മേരി കലിസ്റ്റ പ്രകാശൻ, കെ എൽ സേവ്യർ, സേവ്യർ ബോബൻ, മിനി ഗോപിനാഥ് എന്നിവർ സംസാരിച്ചു.

സംസ്ഥാനത്ത്‌ 308 വീടുകളും 303 ഫ്ലാറ്റുകളുമാണ്‌ വ്യാഴാഴ്‌ച മുഖ്യമന്ത്രി പിണറായി വിജയൻ മത്സ്യത്തൊഴിലാളികൾക്ക്‌ കൈമാറിയത്‌. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന്‌ 1398 കോടി രൂപയും സംസ്ഥാന സർക്കാർ വിഹിതമായ 1052 കോടി രൂപയും ഉൾപ്പെടെ 2450 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്. സ്ഥലം വാങ്ങി വീടുവയ്ക്കുന്നതിന് 10 ലക്ഷം രൂപയാണ് ധനസഹായം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top