26 April Friday

സിപിഐ എം ബഹുജന കൂട്ടായ്‌മ 22ന്‌

വെബ് ഡെസ്‌ക്‌Updated: Thursday Sep 17, 2020


സ്വന്തം ലേഖകൻ
മോഡി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ നടത്തുന്ന രാജ്യവ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായി 22ന്‌ ജില്ലാ കേന്ദ്രങ്ങളിൽ ബഹുജന കൂട്ടായ്മ സംഘടിപ്പിക്കുമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അറിയിച്ചു.ജനാധിപത്യ അവകാശങ്ങൾക്കും പൗരസ്വാതന്ത്ര്യത്തിനുമെതിരെ കടന്നാക്രമണം നടക്കുന്ന സാഹചര്യത്തിലാണ്‌ ഇത്‌. കേന്ദ്ര സർക്കാരിന്റെ നയങ്ങളെ വിമർശിക്കുന്നവരെ കേസിൽ കുടുക്കാനും ജയിലിലടയ്‌ക്കാനുമാണ്‌ ശ്രമം. സിപിഐ എം ജനറൽ സെക്രട്ടറിക്കെതിരായ നീക്കം ഇതിന്റെ ഭാഗമാണ്. വിട്ടുവീഴ്ചയില്ലാത്ത മതനിരപേക്ഷ നിലപാടുമായി മുന്നോട്ടുപോകുന്ന എൽഡിഎഫ് സർക്കാരിനെ അട്ടിമറിക്കാനും ബിജെപി ശ്രമിക്കുന്നു. ഇതിനെ കോൺഗ്രസും  ലീഗും പിന്തുണയ്‌ക്കുന്നു.
കോലീബി സഖ്യം അക്രമ സമരവും അപവാദപ്രചാരണവും നടത്തുന്നു. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ കള്ളപ്രചാരവേല സംഘടിപ്പിച്ച് എൽഡിഎഫ് സർക്കാരിന്റെ വികസന നേട്ടങ്ങളെ മറച്ചുവയ്‌ക്കാനാണ്‌ ശ്രമിക്കുന്നത്‌.

ഇത്തരം നീക്കങ്ങളെ ചെറുത്തുതോൽപ്പിക്കാൻ കേരളീയസമൂഹം ഒറ്റക്കെട്ടായി മുന്നോട്ടുവരണം.ആദായ നികുതിദായകരല്ലാത്ത എല്ലാ കുടുംബങ്ങളുടെയും ബാങ്ക് അക്കൗണ്ടിൽ 7500 രൂപ വീതം ആറു മാസം നിക്ഷേപിക്കുക, ആവശ്യക്കാർക്ക്‌ മാസം 10 കിലോ വീതം ഭക്ഷ്യധാന്യം സൗജന്യമായി നൽകുക, തൊഴിലുറപ്പുപദ്ധതിപ്രകാരം പ്രതിവർഷം 200 തൊഴിൽ ദിനമെങ്കിലും ഉയർന്ന വേതനത്തിൽ ലഭ്യമാക്കുക, നഗരങ്ങളിൽ തൊഴിലുറപ്പുപദ്ധതി നടപ്പാക്കുക, എല്ലാ തൊഴിൽ രഹിതർക്കും വേതനം നൽകുക, ഭരണഘടന സംരക്ഷിക്കുകയും സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ മൗലികാവകാശങ്ങൾ എല്ലാ പൗരന്മാർക്കും ഉറപ്പാക്കുകയും ചെയ്യുക, എൽഡിഎഫ് സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള നീക്കത്തിനെതിരെ അണിചേരുക തുടങ്ങിയ മുദ്രാവാക്യങ്ങളും പ്രക്ഷോഭത്തിൽ ഉന്നയിക്കും.രാവിലെ 10.30 മുതൽ ഉച്ചവരെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പ്രതിഷേധം. ഒരു കേന്ദ്രത്തിൽ 100 പേരിൽ കൂടാത്തവിധം നടത്തുന്ന കൂട്ടായ്മ വൻവിജയമാക്കണമെന്നും സെക്രട്ടറിയറ്റ് അഭ്യർഥിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top