26 April Friday

ജീവനക്കാരുടെ മാറ്റിവയ്‌ക്കപ്പെട്ട ശമ്പളം പിഎഫിൽ ലയിപ്പിക്കും; 9 ശതമാനം പലിശ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 16, 2020

തിരുവനന്തപുരം > കോവിഡ് ദുരിതാശ്വാസത്തിനായി സർക്കാർ ജീവനക്കാരിൽ നിന്ന് പിടിച്ചെടുത്ത ശമ്പളം പിഎഫിൽ നിക്ഷേപിക്കും. 9 ശതമാനം പ്രതിവർഷ പലിശ നൽകും. ഉടൻ പണമായി തിരിച്ചു നൽകിയാൽ 2500 കോടി രൂപയുടെ അധിക ബാധ്യത വരുമെന്നതിനാലാണിത്. ഇപ്രകാരം പി.എഫിൽ ലയിപ്പിച്ച തുക 2021 ജൂൺ 1-നു ശേഷം പിൻവലിക്കാൻ അനുമതി നൽകും.

ശമ്പളം മാറ്റിവയ്ക്കൽ സെപ്റ്റംബർ 1 മുതൽ 6 മാസത്തേക്കു കൂടി തുടരും. എന്നാൽ, ഇപ്രകാരം മാറ്റിവയ്ക്കപ്പെടുന്ന ശമ്പളത്തിന് 2021 ഏപ്രിൽ 1ന് പി.എഫിൽ ലയിപ്പിക്കുന്നതു വരെ 9 ശതമാനം പ്രതിവർഷ പലിശ നൽകും. പി.എഫിൽ ലയിപ്പിച്ച ശേഷം പി.എഫ് നിരക്കിൽ പലിശ നൽകും. ഇങ്ങനെ മാറ്റിവയ്ക്കുന്ന ശമ്പളത്തിന് 'കോവിഡ്-19 ഇൻകം സപ്പോർട്ട് സ്‌കീം' എന്ന് പേര് നൽകും. അന്തിമ തീരുമാനം സർക്കാർ ജീവനക്കാരുടെ അംഗീകൃത സംഘടനകളുമായി ചർച്ച ചെയ്ത ശേഷം തീരുമാനിക്കാനും മന്ത്രിസഭായോഗത്തിൽ ധാരണയായി.

പി.എഫ് ഇല്ലാത്ത പെൻഷൻകാർ ഉൾപ്പെടെയുള്ളവർക്ക് 2021 ജൂൺ 1-നു ശേഷം ഓരോ മാസത്തെയും തുക തുല്യ തവണകളായി പണമായി തിരിച്ചു നൽകും. ഇപ്പോൾ മാറ്റി വെച്ചിരിക്കുന്ന ലീവ് സറണ്ടർ ആനുകൂല്യം പിഎഫിൽ ലയിപ്പിക്കും എന്ന വ്യവസ്ഥയിൽ സെപ്റ്റംബർ മാസം മുതൽ അനുവദിക്കും. ഇത് 2021 ജൂൺ 1 മുതൽ മാത്രമേ പിഎഫിൽ നിന്ന് പിൻവലിക്കാൻ അനുവദിക്കുകയുള്ളൂ. അടുത്ത സാമ്പത്തിക വർഷത്തെ എല്ലാ വിഭാഗം ജീവനക്കാരുടെയും ലീവ് സറണ്ടർ 2021 ജൂൺ 1 മുതൽ മാത്രമേ അനുവദിക്കൂ.
മറ്റ് മന്ത്രിസഭാ തീരുമാനങ്ങൾ ചുവടെ;

ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്‌‌സിറ്റി


പൊതുസമൂഹത്തിൻറെ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനും നിലവിലുള്ള വിദൂരവിദ്യാഭ്യാസ കോഴ്‌സുകൾ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിനും കൊല്ലം ആസ്ഥാനമായി 'ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി' സ്ഥാപിക്കുന്നതിന് ഓർഡിനൻസ് പുറപ്പെടുവിക്കാൻ ഗവർണറോട് ശുപാർശ ചെയ്യുന്നതിന് മന്ത്രിസഭ തീരുമാനിച്ചു.

കേരളത്തിലെ കാലിക്കറ്റ്, കണ്ണൂർ, കേരള സർവകലാശാലകളിൽ ഇപ്പോൾ വിദൂര വിദ്യാഭ്യാസത്തിലൂടെ അക്കാദമിക് പ്രോഗ്രാം നടത്തുന്നുണ്ട്. എം.ജി. സർവകലാശാല 2015 മുതൽ വിദൂര വിദ്യാഭ്യാസ കോഴ്‌സുകൾ നടത്തുന്നില്ല. ഉന്നത വിദ്യാഭ്യാസത്തിൻറെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് 2019-ൽ യു.ജി.സി പുതിയ മാനദണ്ഡം നിശ്ചയിച്ചിട്ടുണ്ട്. അതുപ്രകാരം നാക് അക്രഡിറ്റേഷൻ 4-ൽ 3.26 നു മുകളിൽ സ്‌കോർ ഉണ്ടെങ്കിലേ സർവകലാശാലയ്ക്ക് വിദൂര വിദ്യാഭ്യാസ പ്രോഗ്രോം നടത്താൻ കഴിയുകയുള്ളൂ. വിദൂര വിദ്യാഭ്യാസ കോഴ്‌സ് നടത്തുന്ന മൂന്ന് സർവകലാശാലകൾക്കും ഇപ്പോൾ ഈ സ്‌കോർ ഇല്ല. അതേ സമയം ഏകദേശം രണ്ടു ലക്ഷത്തോളം വിദ്യാർത്ഥികൾ വിദൂര വിദ്യാഭ്യാസം തേടുന്നുണ്ട്. 2018-19-ൽ 80,552 വിദ്യാർത്ഥികളാണ് വിവിധ ബിരുദ കോഴ്‌സുകൾക്ക് ചേർന്നത്. ഈ സാഹചര്യത്തിൽ വിദൂരവിദ്യാഭ്യാസം മുഖേനയുള്ള വിദ്യാഭ്യാസ പരിപാടി സുഗമമായി നടപ്പിലാക്കുന്നതിനാണ് ഓപ്പൺ യൂണിവേഴ്‌സിറ്റി സ്ഥാപിക്കാൻ തീരുമാനിച്ചത്.

ഓപ്പൺ യൂണിവേഴ്‌സിറ്റി സ്ഥാപിക്കുന്നതിനെ കുറിച്ച് പഠിക്കാൻ ഡോ. ജെ. പ്രഭാഷിനെ സ്‌പെഷ്യൽ ഓഫീസറായി നിയമിച്ചിരുന്നു. അദ്ദേഹത്തിൻറെ ശുപാർശകൾ പരിഗണിച്ചാണ് ഇത് സംബന്ധിച്ച നിർദേശങ്ങൾ തയ്യാറാക്കിയത്.

അടിസ്ഥാന ശാസ്ത്രം, സാങ്കേതിക ശാസ്ത്രം, ഭാഷ, കല, സംസ്‌കാരം, രാഷ്ട്രീയം, ആരോഗ്യം, തൊഴിൽ, കൃഷി, വ്യവസായം, വിനോദസഞ്ചാരം, നിയമം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളിൽ കോഴ്‌സുകൾ നടത്തുന്നതിനും ഗവേഷണത്തിനുമുള്ള സൗകര്യങ്ങൾ നിർദിഷ്ട സർവകലാശാലയിൽ ഉണ്ടായിരിക്കും.

സർവകലാശാലയുടെ ഭാഗമായി മേഖലാ പഠനകേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന് ബില്ലിൽ വ്യവസ്ഥയുണ്ട്. ഓർഡിനൻസ് പുറപ്പെടുവിക്കുന്ന മുറയ്ക്ക് സർവകലാശാല നിലവിൽ വരും. ഇത് സംബന്ധിച്ച് തയ്യാറാക്കിയ കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകി.

വോട്ടിംഗ് സമയം ദീർഘിപ്പിക്കാനും പോസ്റ്റൽ വോട്ടിനും ഓർഡിനൻസ് കൊണ്ടുവരും

കോവിഡ് രോഗവ്യാപനത്തിൻറെ പശ്ചാത്തലത്തിൽ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൻറെ സമയം ഒരു മണിക്കൂർ ദീർഘിപ്പിക്കുന്നതിന് കേരള മുനിസിപ്പാലിറ്റി ആക്ടിലും കേരള പഞ്ചായത്ത് രാജ് ആക്ടിലും ഭേദഗതി കൊണ്ടുവരാൻ ഓർഡിനൻസ് പുറപ്പെടുവിക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ തീരുമാനിച്ചു. നിർദിഷ്ട ഭദഗതി അനുസരിച്ച് പോളിംഗ് സമയം രാവിലെ ഏഴു മണി മുതൽ വൈകീട്ട് ആറുമണി വരെയാണ്. കോവിഡ്-19 രോഗം ബാധിച്ചവർക്കും ക്വാറൻറൈനിൽ കഴിയുന്നവർക്കും തപാൽ വോട്ട് ചെയ്യുന്നതിന് അവസരം ഉണ്ടായിരിക്കും.

നിയമനം / മാറ്റം

1.വനം-വന്യജീവി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. ആഷാ തോമസിനെ ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായി മാറ്റി നിയമിക്കും. പാർലമെൻററി കാര്യ വകുപ്പിൻറെ അധിക ചുമതല കൂടി ഇവർ വഹിക്കും.

2.കേന്ദ്ര ഡെപ്യൂട്ടേഷൻ കഴിഞ്ഞ് തിരികെ പ്രവേശിക്കുന്ന രാജേഷ് കുമാർ സിൻഹയെ വനം-വന്യജീവി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിക്കും. ഇൻഡസ്ട്രീസ് (കാഷ്യൂ) പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധിക ചുമതല കൂടി ഇദ്ദേഹം വഹിക്കും.

3.സപ്ലൈക്കോ ചെയർമാൻ & മാനേജിംഗ് ഡയറക്ടർ ഡോ. ബി. അശോകിനെ റോഡ് സേഫ്റ്റി അതോറിറ്റി കമ്മീഷണറായി മാറ്റി നിയമിക്കും.

4.തുറമുഖ വകുപ്പ് സെക്രട്ടറി സഞ്ജയ് എം. കൗളിനെ ആഭ്യന്തരവും വിജിലൻസും വകുപ്പ് സെക്രട്ടറിയായി മാറ്റി നിയമിക്കും. ഇദ്ദേഹം നിലവിൽ വഹിക്കുന്ന ചുമതലകൾ തുടർന്നും വഹിക്കും.

5.ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് സെക്രട്ടറി കെ. ഗോപാലകൃഷ്ണ ഭട്ടിനെ സൈനിക ക്ഷേമ വകുപ്പ് സെക്രട്ടറിയായി മാറ്റി നിയമിക്കും. പ്രിൻറിംഗ് & സ്റ്റേഷനറി വകുപ്പിൻറെ അധിക ചുമതല കൂടി ഇദ്ദേഹം വഹിക്കും.

6.ലാൻറ് റവന്യൂ കമ്മീഷണർ സി.എ. ലതയെ ഫിഷറീസ് വകുപ്പ് ഡയറക്ടറായി മാറ്റി നിയമിക്കും.

7.തദ്ദേശസ്വയംഭരണ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി കെ. ബിജുവിനെ ലാൻറ് റവന്യൂ കമ്മീഷണറായി മാറ്റി നിയമിക്കും. സ്‌പെഷ്യൽ സെക്രട്ടറി (ലാൻറ് അക്വിസിഷൻ) റവന്യൂ വകുപ്പിൻറെ അധിക ചുമതല തുടർന്നും വഹിക്കും.

8. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഹരികിഷോർ വിവര-പൊതുജന സമ്പർക്ക വകുപ്പ് ഡയറക്ടറുടെ അധിക ചുമതല കൂടി വഹിക്കും.

9.ഫിഷറീസ് ഡയറക്ടർ എം.ജി. രാജമാണിക്യത്തെ കെ.എസ്.ഐ.ഡി.സി മാനേജിംഗ് ഡയറക്ടറായി മാറ്റി നിയമിക്കും.

10.വിവര-പൊതുജന സമ്പർക്ക വകുപ്പ് ഡയറക്ടർ യു.വി. ജോസിനെ തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണൽ സെക്രട്ടറിയായി മാറ്റി നിയമിക്കും. ഇദ്ദേഹം ലൈഫ് മിഷൻ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ അധിക ചുമതല തുടർന്നും വഹിക്കും.

23 ഓർഡിനൻസുകൾ പുനഃവിളംബരപ്പെടുത്താൻ ഗവർണറോട് ശുപാർശ ചെയ്യാൻ തീരുമാനിച്ചു

1. 2020-ലെ കേരള എപിഡമിക് ഡിസീസ് ഓർഡിനൻസ്
2. 2020-ലെ കേരള ദേവസ്വം റിക്രൂട്ട്‌മെൻറ് ബോർഡ് (ഭേദഗതി) ഓർഡിനൻസ്
3. 2020-ലെ കേരള സ്റ്റേറ്റ് ഗുഡ്‌സ് ആൻറ് സർവീസസ് ടാക്‌സ് (ഭേദഗതി) ഓർഡിനൻസ്.
4. 2020-ലെ കേരള വിദ്യാഭ്യാസ (ഭേദഗതി) ഓർഡിനൻസ്
5. 2020-ലെ കേരള മിനറൽസ് (വെസ്റ്റിംഗ് ഓഫ് റൈറ്റ്‌സ്) ഓർഡിനൻസ്.
6. 2020-ലെ കേരള അഗ്രകൾച്ചറൽ വർക്കേഴ്‌സ് (ഭേദഗതി) ഓർഡിനൻസ്.
7. 2020-ലെ കേരള ലേബർ വെൽഫയർ ഫണ്ട് (ഭേദഗതി) ഓർഡിനൻസ്.
8. 2020-ലെ കേരള യൂണിവേഴ്‌സിറ്റി ഓഫ് ഡിജിറ്റൽ സയൻസ്, ഇന്നോവേഷൻ ആൻറ് ടെക്‌നോളജി ഓർഡിനൻസ്.
9. 2020-ലെ കേരള കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് (രണ്ടാം ഭേദഗതി) ഓർഡിനൻസ്.
10. 2020-ലെ കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി (ഭേദഗതി) ഓർഡിനൻസ്.
11. 2020-ലെ പേമെൻറ് ഓഫ് സാലറീസ് ആൻറ് അലവൻസസ് (ഭേദഗതി) ഓർഡിനൻസ്.
12. 2020-ലെ കേരള ഡിസാസ്റ്റർ ആൻറ് പബ്ലിക് ഹെൽത്ത് എമർജൻസി (സ്‌പെഷ്യൽ പ്രൊവിഷൻസ്) ഓർഡിനൻസ്.
13. 2020-ലെ കേരള മുനിസിപ്പാലിറ്റി (ഭേദഗതി) ഓർഡിനൻസ് (2020ലെ 31)
14. 2020ലെ കേരള പഞ്ചായത്ത് രാജ് (ഭേദഗതി) ഓർഡിനൻസ് (2020ലെ 32)
15. 2020ലെ കേരള ജനറൽ സെയിൽസ് ടാക്‌സ് (ഭേദഗതി) ഓർഡിനൻസ്.
16. 2020-ലെ കേരള ആഭരണ തൊഴിലാളി ക്ഷേമനിധി (ഭേദഗതി) ഓർഡിനൻസ്.
17. 2020-ലെ കേരള പ്രൈവറ്റ് ഫോറസ്റ്റ്‌സ് (വെസ്റ്റിംഗ് ആൻറ് അസൈൻമെൻറ്) (ഭേദഗതി) ഓർഡിനൻസ്.
18. 2020-ലെ കേരള പബ്ലിക് സർവീസ് കമ്മീഷൻ (വഖഫ് ബോർഡുമായി ബന്ധപ്പെട്ട അധിക ചുമതലകൾ) ഓർഡിനൻസ്.
19. 2020-ലെ കേരള ഈറ്റ, കാട്ടുവള്ളി, തഴ തൊഴിലാളി ക്ഷേമനിധി (ഭേദഗതി) ഓർഡിനൻസ്.
20. 2020-ലെ കേരള സ്റ്റേറ്റ് ഗുഡ്‌സ് ആൻറ് സർവീസസ് ടാക്‌സ് (രണ്ടാം ഭേദഗതി) ഓർഡിനൻസ്.
21. 2020-ലെ കേരള പ്രൊവിഷണൽ കളക്ഷൻ ഓഫ് റവന്യൂസ് (ഭേദഗതി) ഓർഡിനൻസ്.
22. 2020-ലെ കേരള ധനസംബന്ധമായ ഉത്തരവാദിത്ത (ഭേദഗതി) ഓർഡിനൻസ്.
23. 2020-ലെ കേരള ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി (ഭേദഗതി) ഓർഡിനൻസ്.

ശമ്പള പരിഷ്‌‌കരണം

കേരള സിറാമിക്‌സ് ലിമിറ്റ്ഡ് കമ്പനിയിലെ ഓഫീസർമാരുടെ ശമ്പള പരിഷ്‌കരണം ധനകാര്യ വകുപ്പും പബ്ലിക് എൻറർപ്രൈസസ് ബോർഡും നിഷ്‌കർഷിച്ചുട്ടുള്ള വ്യവസ്ഥകൾക്കു വിധേയമായി 01-04-2011 മുതൽ അഞ്ചു വർഷത്തേക്ക് നടപ്പാക്കും. ശമ്പളപരിഷ്‌കരണത്തിൻറെ സാമ്പത്തിക ആനുകൂല്യങ്ങൾക്ക് ഉത്തരവ് തീയതി മുതൽ മാത്രമേ പ്രാബല്യമുണ്ടായിരിക്കുകയുള്ളൂ.

തസ്‌തികകൾ

2010-ൽ അനുവദിച്ചതും 2011-12 മുതൽ പ്രവർത്തനം ആരംഭിച്ചതുമായ സംസ്ഥാനത്തെ അഞ്ച് ഗവൺമെൻറ് ഹയർസെക്കൻററി സ്‌കൂളുകളിൽ 3 എച്ച്.എസ്.എസ്.ടി തസ്തികകളും 8 എച്ച്.എസ്.എസ്.ടി ജൂനിയർ തസ്തികകളും സൃഷ്ടിക്കാനും 6 എച്ച്.എസ്.എസ്.ടി ജൂനിയർ തസ്തികകൾ അപ്‌ഗ്രേഡ് ചെയ്യുന്നതിനും തീരുമാനിച്ചു. കൊല്ലം ഗവ. ജവഹർ ഹയർസെക്കൻററി സ്‌കൂൾ, അണക്കര ഗവ. ഹയർസെക്കൻററി സ്‌കൂൾ, മഞ്ചേരി ഗവ. ഗേൾസ് ഹയർസെക്കൻററി സ്‌കൂൾ, തിരൂർ ബി.പി. അങ്ങാടി ഗവ. ഗേൾസ് ഹയർസെക്കൻററി സ്‌കൂൾ, വെസ്റ്റ് കല്ലട ഗവ. ഹയർസെക്കൻററി സ്‌കൂൾ എന്നീ സ്‌കൂളുകളിലായിരിക്കും തസ്തികകൾ അനുവദിക്കുക.

ആരോഗ്യ സുരക്ഷാ പദ്ധതിയിൽ നിന്നും തുക അനുവദിച്ചു

കോഴിക്കോട് തോട്ടകടവത്ത് വൈഷ്ണവത്തിൽ വിഷ്ണുവിന് കൃത്രിമക്കാൽ ഘടിപ്പിക്കുന്നതിന് മാനുഷിക പരിഗണന നൽകി ഒരു പ്രത്യേക കേസായി പരിഗണിച്ച് 1,97,000 രൂപ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ നിന്നും അനുവദിക്കാൻ തീരുമാനിച്ചു.

പിഴ ശിക്ഷ ഒഴിവാക്കും

കോഴഞ്ചേരി മൈലപ്ര മേക്കോഴൂർ തടത്തിൽ വീട്ടിൽ മോഹനന് പത്തനംതിട്ട അഡീഷണൽ ജില്ലാ ആൻറ് സെഷൻസ് കോടതി ചുമത്തിയ ഒരു ലക്ഷം രൂപ പിഴ ഒഴിവാക്കി നൽകുന്നതിന് ഗവർണറോട് ശുപാർശ നൽകാൻ തീരുമാനിച്ചു. മോഹനൻ മരണപ്പെട്ട സാഹചര്യത്തിൽ ഭാര്യ ശാന്ത സമർപ്പിച്ച അപേക്ഷ പരിഗണിച്ചാണിത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top