27 April Saturday

നിയമന നടപടികളുമായി 
ഗവർണർ ; ആദ്യം തിരൂരിലെന്ന്‌

വെബ് ഡെസ്‌ക്‌Updated: Tuesday Nov 15, 2022


തിരുവനന്തപുരം
കോടതി വിധികളുടെ പശ്ചാത്തലത്തിൽ ചാൻസലറായുള്ള കേരളത്തിലെ എല്ലാ സർവകലാശാലകളിലും വൈസ്‌ ചാൻസലർ നിയമന നടപടികളുമായി മുന്നോട്ട്‌ പോകാൻ ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ ശ്രമം ആരംഭിച്ചു. ആദ്യം തിരൂർ മലയാളം സർവകലാശാലയിൽ സെർച്ച്‌ കമ്മിറ്റി രൂപീകരിക്കാനും തുടർന്ന്‌ മറ്റു സർവകലാശാലകളിലും നടപടി സ്വീകരിക്കാനാണ്‌ നീക്കം. സാങ്കേതിക സർവകലാശാലയിൽ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ്‌ മറ്റെല്ലാ സർവകലാശാലകളിലെയും വിസിമാർക്ക്‌ പുറത്തുപോകാൻ ചാൻസലറായ ഗവർണർ നോട്ടീസ്‌ നൽകിയത്‌.  നടപടികളിൽ ചട്ടം പാലിച്ചില്ലെന്ന്‌ കണ്ട്‌ കഴിഞ്ഞ ദിവസം  ഫിഷറീസ്‌ സർവകലാശാല (കുഫോസ്‌) വിസിയുടെ നിയമനം ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇത്‌ ഗവർണർക്ക്‌ നേട്ടമായെന്ന തരത്തിൽ വിവിധ മാധ്യമങ്ങൾ വ്യാഖ്യാനിച്ചു. ഇതിന്റെകൂടി ബലത്തിലാണ്‌ നീക്കം.  ന്യൂഡൽഹിയിൽ വാർത്താ ഏജൻസിക്ക്‌ നൽകിയ അഭിമുഖത്തിലും നിയമന നടപടികളുമായി മുന്നോട്ടു പോകുകയാണെന്നും മൂന്നു മാസംകൊണ്ട്‌ പൂർത്തിയാക്കുമെന്നും ഗവർണർ പറഞ്ഞു.

പ്രതിഷേധം 
ജനാധിപത്യപരം: 
ഗവർണർ
രാജ്‌ഭവന്‌ മുന്നിൽ ഉന്നതവിദ്യാഭ്യാസ സംരക്ഷണസമിതി നടത്തിയ പ്രതിഷേധം ജനാധിപത്യപരമായ അവകാശം വിനിയോഗിക്കലാണെന്നും സ്വാഗതം ചെയ്യുന്നുവെന്നും ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ. ഭരണഘടനാചുമതല നിർവഹിക്കുകയാണെന്നും സമ്മർദം ചെലുത്താൻ ശ്രമിക്കേണ്ടെന്നും പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയുള്ള അടിസ്ഥാനരഹിതമായ ആരോപണങ്ങളും  ഡല്‍ഹിയില്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ​ഗവര്‍ണര്‍ ഉന്നയിച്ചു.

കേരളത്തിലെ സർവകലാശാലകളിലേത്‌ ചട്ടവിരുദ്ധമായ നിയമനങ്ങളാണെന്ന്‌ ആരോപിച്ച ഗവർണർ ചാൻസലർ പദവിയിൽനിന്ന്‌ മാറ്റുന്ന ഓർഡിനൻസിൽ ഒപ്പുവയ്‌ക്കുമോ എന്ന ചോദ്യത്തിന്‌ വ്യക്തമായ ഉത്തരം നൽകിയില്ല. ഓർഡിനൻസ്‌ മുന്നിൽ എത്തിയിട്ടില്ലെന്നും പരിശോധിക്കാതെ ഒന്നുംപറയാനാകില്ലെന്നും ഗവർണർ പറഞ്ഞു.

ആരോടും വ്യക്തിപരമായ വൈരാഗ്യമില്ല. സർവകലാശാലകളെ നയിക്കേണ്ടത്‌ ചാൻസലറുടെ ജോലിയാണെന്നും വിസി നിയമനങ്ങളിൽ സംസ്ഥാന സർക്കാരിന്‌ പങ്കില്ലെന്ന്‌ സുപ്രീംകോടതി വിധിയുണ്ടെന്നും ഗവർണർ അവകാശപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top