26 April Friday
രോഗം കൂടുതലും ചെറുപ്പക്കാരിൽ

ലക്ഷണം നീണ്ടുനിന്നാൽ കോവിഡ്‌ രോഗികളിൽ ക്ഷയ പരിശോധനയും

വെബ് ഡെസ്‌ക്‌Updated: Monday Sep 14, 2020


സ്വന്തം ലേഖകൻ
കോവിഡ്‌ ബാധിതരിൽ രോഗലക്ഷണങ്ങൾ രണ്ട്‌ ആഴ്ചയിലധികം നീണ്ടുനിന്നാൽ ക്ഷയപരിശോധന നടത്തുമെന്ന്‌ ആരോഗ്യവകുപ്പ്‌. കോവിഡിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ ക്ഷയം നിർണയിക്കപ്പെടാതെ പോയാൽ സ്ഥിതി സങ്കീർണമാകും എന്നതിനാലാണ്‌ തീരുമാനം.

രണ്ട്‌ ആഴ്ചയിൽ കൂടുതൽ കാലം പനി, ചുമ, ഭാരക്കുറവ്‌, രാത്രി ഉറങ്ങുമ്പോൾ വിയർക്കുക എന്നീ പ്രശ്‌നങ്ങൾ നീണ്ടുനിൽക്കുന്ന രോഗികളിലാണ്‌ ക്ഷയം നിർണയിക്കാൻ സി ബി നാറ്റ്‌, ട്രൂ നാറ്റ്‌ പരിശോധന നടത്തുക. കോവിഡ്‌ നെഗറ്റീവ്‌ ആയവരിൽ 14 ദിവസത്തിൽ കൂടുതൽ നീളുന്ന ജലദോഷപ്പനി ഉണ്ടെങ്കിലും പരിശോധിക്കും.

ജലദോഷപ്പനി ഉള്ളവരെ കോവിഡ്‌ പരിശോധനയ്‌ക്ക്‌ വിധേയമാക്കാൻ ആരോഗ്യവകുപ്പ്‌ നേരത്തേ തീരുമാനിച്ചിരുന്നു. ഇനിമുതൽ ക്ഷയരോഗ ലക്ഷണമുള്ള ജലദോഷപ്പനിക്കാരെ ക്ഷയപരിശോധനയ്‌ക്കും വിധേയമാക്കും. 2025ഓടെ സംസ്ഥാനത്തുനിന്ന്‌ ക്ഷയം നിർമാർജനം ചെയ്യുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ്‌ പുതിയ നടപടി.

കോവിഡ്‌ നെഗറ്റീവായവരിൽ ക്ഷയരോഗ ലക്ഷണങ്ങൾ കണ്ടാൽ പരിശോധനയ്‌ക്കായി ടി ബി സെന്ററുകളിലേക്ക്‌ മാറ്റില്ല. പകരം, ഇവരെ നിരീക്ഷിക്കാൻ പ്രാഥമിക, കുടുംബ, സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങൾ വഴിയും താലൂക്ക്‌ ആശുപത്രികളിലൂടെയും പ്രത്യേക സംവിധാനം ഉണ്ടാക്കും.

രോഗം കൂടുതലും ചെറുപ്പക്കാരിൽ
സംസ്ഥാനത്ത്‌ കോവിഡ്‌ കൂടുതലായി ബാധിച്ചത്‌ യുവജനങ്ങളെ. ആദ്യത്തെ 1,02254 രോഗികളിൽ 73,876 പേരും 21നും 60നും ഇടയിൽ പ്രായമുള്ളവരാണെന്ന്‌ ആരോഗ്യവകുപ്പിന്റെ കണക്ക്‌‌. 43141ഉം 20നും 40നും ഇടയിൽ പ്രായമുള്ളവരാണ്. 30,735 പേർ 40നും 60നും ഇടയിലുള്ളവർ.

10നും 20നും ഇടയിലുള്ള 9395 പേർക്കും 60നും 70നും ഇടയിലുള്ള 7666 പേർക്കും 70നും 80നും ഇടയിലുള്ള 2855 പേർക്കും 10 വയസ്സിൽ താഴെയുള്ള 7378 പേർക്കും രോഗം പിടിപെട്ടു. 80നും 90നും ഇടയിലുള്ള 931 പേർ രോഗികളായി. 90നും 100നും ഇടയിൽ 147 രോഗികൾ. 100 വയസ്സിന്‌ മുകളിലുള്ള ആറുപേരും രോഗികളായി.

എന്നാൽ, കോവിഡ്‌ ബാധിച്ച്‌ മരിച്ചവരിൽ ഭൂരിഭാഗവും പ്രായമായവരാണ്‌. 69.5 ശതമാനത്തിനും അറുപതിന്‌ മുകളിൽ പ്രായം‌. 24.94 ശതമാനം പേർ 41 മുതൽ 59 വരെ പ്രായമുള്ളവരാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top