26 April Friday
ശാസ്ത്രസാഹിത്യ പരിഷത്ത് സമ്മേളനം ഇന്ന്‌ സമാപിക്കും

ഇന്ത്യന്‍ സാഹചര്യത്തിൽ കേരളം 
പ്രത്യാശയുടെ തുരുത്ത്: ഡോ. ​ഗൗഹര്‍ റാസ

വെബ് ഡെസ്‌ക്‌Updated: Sunday Jun 12, 2022


കൊച്ചി
ഇന്ത്യയിൽ നിലവിലെ സാഹചര്യത്തിൽ പ്രത്യാശയുടെ തുരുത്താണ് കേരളമെന്ന് ശാസ്ത്രജ്ഞനും കവിയുമായ ഡോ. ​ഗൗഹർ റാസ പറഞ്ഞു. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ 59–--ാം വാർഷിക പ്രതിനിധി സമ്മേളനം കടയിരുപ്പ് ശ്രീനാരായണ​ഗുരുകുലം എൻജിനിയറിങ് കോളേജിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രതിലോമകരമായ കാഴ്ചപ്പാടുകൾ നിറഞ്ഞ സമൂഹത്തിൽ പുരോഗമനാശയങ്ങളുള്ള കേരളം നിലനിൽക്കണമെങ്കിൽ, ബൂർഷ്വാ–-ഫാസിസ്റ്റ് ആശയങ്ങൾക്കെതിരെ ശക്തമായ അടിത്തറ വികസിപ്പിക്കണം.

ശാസ്ത്രബോധത്തിന്റെ നിർവചനത്തിലൂടെ ഇന്ത്യക്ക്‌ ശാസ്ത്രനയം സമ്മാനിച്ചത് ജവാഹർലാൽ നെ​ഹ്റു പ്രധാനമന്ത്രിയായിരിക്കെയാണ്. ആ ചരിത്രമുള്ള ഇന്ത്യക്ക്‌ ഇന്ന് അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കുന്ന പ്രധാനമന്ത്രിയാണുള്ളത്.   ​​പുരാതനകാലത്ത്‌ പ്ലാസ്റ്റിക് സർജറി നിലനിന്നിരുന്നെന്നും ആഗോളതാപനം തോന്നലാണെന്നുമൊക്കെ പ്രധാനമന്ത്രി പ്രസം​ഗിച്ചു. ഇതൊന്നും ചിരിച്ചുതള്ളാനാകില്ല.

കുരുങ്ങൻ മനുഷ്യനാകുന്നത് കണ്ടിട്ടില്ല എന്നതിനാൽ ഡാർവിന്റെ പരിണാമസിദ്ധാന്തത്തിൽ വിശ്വസിക്കുന്നില്ലെന്ന് ബിജെപി മന്ത്രി പറഞ്ഞതിനെതിരെ മൂന്ന് ശാസ്ത്ര അക്കാദമികൾ പ്രതിഷേധക്കുറിപ്പ്‌ ഇറക്കിയിരുന്നു. എന്നാൽ, ഇത്തരം പ്രചാരണങ്ങൾക്കെതിരെ പ്രതികരിക്കാൻ അക്കാദമികള്‍ക്ക് പരിമിതിയുണ്ട്.  ശാസ്ത്രസ്ഥാപനങ്ങളും വകുപ്പുകളും കൈയാളുന്നത് ഭരണകേന്ദ്രത്തിന്റെ ആജ്ഞാനുവർത്തികളാണ്.
കോവിഡ് കാലത്ത് ആരും ഗോമൂത്രം കൊണ്ട് കൈകഴുകിയില്ല. സാനിറ്റൈസർ ആണ് ഉപയോഗിച്ചത്. ജനകീയ ശാസ്ത്ര പ്രവർത്തകരെ ജനങ്ങൾ കാത്തിരിക്കുന്നു എന്നാണ് ഇത് കാണിക്കുന്നത്‌. ശാസ്ത്രീയമനോഭാവത്തിനെതിരായ ആക്രമണങ്ങളെ പ്രതിരോധിക്കേണ്ട ഉത്തരവാദിത്വം  പരിഷത്തുപോലുള്ള ജനകീയ ശാസ്ത്രപ്രസ്ഥാനങ്ങൾ ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

സാലിമോൻ കുമ്പളങ്ങിയുടെ നേതൃത്വത്തിൽ അവതരിപ്പിച്ച സ്വാഗതഗാനത്തോടെയാണ് ഉദ്‌ഘാടന സമ്മേളനം ആരംഭിച്ചത്.  പരിഷത്ത് സംസ്ഥാന പ്രസിഡന്റ്‌ ഒ എം ശങ്കരൻ അധ്യക്ഷനായി. ഡോ. എൻ ഷാജി, ടി ​ഗം​ഗാധരൻ, ഡോ. പ്രദീപ്‌കുമാർ, പി ആർ രാഘവൻ എന്നിവർ സംസാരിച്ചു. മുഹമ്മദ് ജാഫർ പാലോട്ട്, ജനു എന്നിവർ ചേർന്നെഴുതിയ കൊറോണക്കാലത്തെ വവ്വാൽ, സി ടി കുര്യൻ എഴുതിയ ജീവിതയാഥാർഥ്യങ്ങളുടെ അർഥശാസ്ത്രം എന്നീ പുസ്തകങ്ങൾ ഉദ്‌ഘാടനസമ്മേളനത്തിൽ പ്രകാശിപ്പിച്ചു. പരിഷത്ത് നടത്തിയ രണ്ടാം കേരള പഠനത്തിന്റെ റിപ്പോർട്ട് ചർച്ച നടത്തി.  സിൽവർ ലൈൻ പാരിസ്ഥിതികാഘാത പഠനത്തിന്റെ അവതരണം ഞായറാഴ്ച നടക്കും. തുടർന്ന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കും.500 പ്രതിനിധികൾ പങ്കെടുക്കുന്ന  സമ്മേളനം ഞായറാഴ്ച സമാപിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top