26 April Friday

നിക്ഷേപത്തട്ടിപ്പ്‌: ഖമറുദ്ദീനെതിരെ 36 കേസെടുത്തു

പി മഷൂദ്Updated: Friday Sep 11, 2020


മഞ്ചേശ്വരം എംഎൽഎ എം സി ഖമറുദ്ദീനെതിരെ പരാതികൾ പ്രവഹിക്കുന്നു. വ്യാഴാഴ്‌ച മൂന്ന് പരാതിയിൽ കൂടി ചന്തേര പൊലീസ് കേസെടുത്തു. ഇതോടെ മൊത്തം 36 കേസിൽ 74 കോടി രൂപയും 68 പവനും കബളിപ്പിച്ച വിവരം‌ പുറത്തുവന്നു‌. കാസർകോട് സ്റ്റേഷനിൽ അഞ്ചും ഹോസ്ദുർഗ് മജിസ്ട്രേറ്റ് കോടതിയിൽ രണ്ടും കേസുൾപ്പെടെയാണിത്‌. ചന്തേര സ്റ്റേഷനിൽ മാത്രം 29 കേസായി. 749 പേരിൽനിന്നായി മൊത്തം 150 കോടി രൂപയോളം വെട്ടിച്ചതായാണ്‌ കണക്ക്‌.

വ്യാഴാഴ്‌ച വെളളൂരിലെ എം ഫസീല (ഒമ്പത് ലക്ഷം), പടന്ന കടപ്പുറത്തെ ടി ഇബ്രാഹിം (65 ലക്ഷം), പടന്നയിലെ നൂറുദ്ധീൻ (15 ലക്ഷം) എന്നിവരാണ് പരാതി നൽകിയത്. തട്ടിപ്പുമായി ബന്ധപ്പെട്ട്‌ ചെറുവത്തൂരിലെ ഫാഷൻ ഗോൾഡിന്റെ പ്രധാന ഷോറൂം പൊലീസ്‌ റെയ്‌ഡ്‌ചെയ്‌ത്‌ ഹാർഡ് ഡിസ്ക് പിടിച്ചെടുത്തു. ചന്തേര ഇൻസ്പെക്ടർ പി നാരായണന്റെ നേതൃത്വത്തിലാണ്‌ പൂട്ടിയിട്ട സ്ഥാപനം വ്യാഴാഴ്‌ച പരിശോധിച്ചത്. ഓഫീസ്‌ മുറിയിലെ കംപ്യൂട്ടറിൽനിന്നുള്ള വിവരം മാത്രമാണ്‌ ലഭിച്ചത്‌. ഡയറക്ടർമാരുടെ ഫോട്ടോകളും നിക്ഷേപകരുടെ വിവരങ്ങളുമാണതിലുള്ളത്‌.

വാടക കെട്ടിടമാണിത്‌. നവീകരണത്തിനായി അടച്ചിടുന്നതായി പുറത്ത്‌ ബോർഡ്‌ വച്ചിരുന്നുവെങ്കിലും ജ്വല്ലറി പൂട്ടിയ കഴിഞ്ഞ ഡിസംബറിൽത്തന്നെ കെട്ടിടം ഉടമക്ക് തിരിച്ചുനൽകിയിരുന്നു. കഴിഞ്ഞ ദിവസം എംഎൽഎയുടെ ഇടച്ചാക്കൈയിലെ വീട്ടിലും മാനേജിങ്‌ ഡയറക്ടർ ടി കെ പൂക്കോയ തങ്ങളുടെ ചന്തേരയിലെ വീട്ടിലും പൊലീസ് റെയ്ഡ് നടത്തി രേഖകൾ പിടിച്ചെടുത്തിരുന്നു.

ബുധനാഴ്ച മാവിലാകടപ്പുറത്തെ കെ സി മുഹമ്മദ് (15 ലക്ഷം), അജാനൂരിലെ ജമാൽ പറമ്പത്ത് (10 ലക്ഷം), പടന്നക്കടപ്പുറത്തെ പി കെ സബീന (ആറ് ലക്ഷം), വടക്കേപ്പുറത്തെ ശംസുദ്ദീൻ (ഏഴ് ലക്ഷം), പിലിക്കോട് ഏച്ചികൊവ്വൽ സ്വദേശികളായ എം ടി പി നഫീസത്ത് (ആറ് ലക്ഷം), കുഞ്ഞാമി (85,000), ശബാന റഹ്മത്ത് (പത്ത് ലക്ഷം), ഇലൂമ്മുന്നിസ (പത്ത് ലക്ഷം), പടന്നകടപ്പുറത്തെ യു മുഹമ്മദ് (പത്ത് ലക്ഷം), കൈതക്കാട്ടെ വി പി അബ്ദുൾഖാദർ (അഞ്ച് ലക്ഷം), കാടങ്കോട്ടെ ബി അബ്ദുൾ ലത്തീഫ് (പത്ത് ലക്ഷം), തുരുത്തിയിലെ കെ ദൈനബി (അഞ്ച് ലക്ഷം), അജാനൂരിലെ സി കെ കുഞ്ഞാമിന (ഏഴ് ലക്ഷം), തട്ടാനിച്ചേരിയിലെ കെ സഹീദ (പത്ത് ലക്ഷം) എന്നിവർ പരാതി നൽകിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top