26 April Friday

ആരോഗ്യ സേവനങ്ങൾ ഇനി വാർഡുതലത്തിൽ

വെബ് ഡെസ്‌ക്‌Updated: Friday Sep 11, 2020


കൊച്ചി
തദ്ദേശസ്ഥാപനങ്ങളിൽ ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കുന്നതിനായി വാർഡ് ഫെസിലിറ്റേഷൻ സെന്ററുകൾ രൂപീകരിക്കുന്ന പദ്ധതിക്ക് സംസ്ഥാനത്ത്‌ തുടക്കമായി. കാലടി പഞ്ചായത്തിൽ മന്ത്രി കെ കെ ശൈലജ വീഡിയോ കോൺഫറൻസിലൂടെ സംസ്ഥാനതല ‌ഉദ്‌ഘാടനം നിർവഹിച്ചു. ആരോഗ്യവകുപ്പും ദേശീയ ആരോഗ്യദൗത്യവും തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

ജനങ്ങൾക്കാവശ്യമായ ആരോഗ്യ,- സാമൂഹ്യ സേവനങ്ങൾ വാർഡുതലത്തിൽ ഫെസിലിറ്റേഷൻ സെന്ററുകളിലൂടെ ലഭ്യമാക്കും. ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ഫണ്ട്‌ ഉപയോഗിച്ച് സെന്ററിന് ആവശ്യമായ ഫർണിച്ചർ, മെഡിക്കൽ ഉപകരണങ്ങൾ, കിടപ്പുരോഗികൾക്ക് ആവശ്യമായ ഉപകരണങ്ങൾ എന്നിവ ഒരുക്കും. വാർഡ് അംഗം, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, ആശാ പ്രവർത്തക, കുടുംബശ്രീ എഡിഎസ്, അങ്കണവാടി അധ്യാപിക എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക. ഫെസിലിറ്റേഷൻ സെന്ററുകൾ വരുന്നതോടെ തദ്ദേശസ്ഥാപനതലത്തിൽ ലഭിച്ചിരുന്ന പല സേവനങ്ങളും വാർഡുകളിലേക്ക്‌ ലഭ്യമാകും.

കാലടി പഞ്ചായത്ത്‌ ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ്‌ കെ തുളസി അധ്യക്ഷയായി. ഡിപിഎം ഡോ. മാത്യൂസ് നുമ്പേലി റിപ്പോർട്ട് അവതരിപ്പിച്ചു. ഡിഎംഒ എം കെ കുട്ടപ്പൻ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്തിലെ 17 വാർഡുകളിലെയും ഫെസിലിറ്റേഷൻ സെന്ററുകളുടെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top