09 May Thursday

കോവിഡ്‌ പടര്‍ത്താന്‍ യുഡിഎഫും ബിജെപിയും : രഹസ്യാന്വേഷണ റിപ്പോര്‍ട്ട്

ശരത‌് കൽപ്പാത്തിUpdated: Saturday Jul 11, 2020


പാലക്കാട്
കോവിഡ്‌ പടരുന്ന സാഹചര്യത്തിൽ മാനദണ്ഡങ്ങള്‍ ലംഘിച്ച് ചില സംഘടനകള്‍ നടത്തുന്ന സമരങ്ങൾ രോഗവ്യാപന സാധ്യത കൂട്ടുമെന്ന്‌ പൊലീസ്‌ രഹസ്യാന്വേഷണ വിഭാഗം. രോ​ഗ വ്യാപനത്തോതുയർത്താൻ മനഃപൂർവം ചില ഇടപെടലുകൾ നടക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. യുഡിഎഫും ബിജെപിയും ജില്ലയിൽ നടത്തിയ സമരങ്ങളെല്ലാം കോവിഡ്‌ മാനദണ്ഡം അട്ടിമറിച്ചായിരുന്നു. കേന്ദ്രസംസ്ഥാന സർക്കാരുകളുടെ കോവിഡ് സുരക്ഷാ നിർദേശങ്ങൾ പാലിക്കാതെയാണ്‌ നേതാക്കളുൾപ്പെടെ പങ്കെടുക്കുന്നത്. സംസ്ഥാനം ഏക മനസ്സോടെ ഏറ്റെടുത്ത ബ്രേക്ക് ദ ചെയിൻ ക്യാമ്പയിന്റെ കണ്ണി മുറിക്കുന്നതാണ്‌ ഇത്തരം സമരങ്ങൾ. സമരത്തിൽ കോവിഡ്‌ രോഗികളുണ്ടെങ്കിൽ പങ്കെടുത്തവർ വഴിയും സമരക്കാർ വീടുകളിലേക്ക്‌ മടങ്ങുമ്പോഴുമുണ്ടാകുന്ന രോഗ വ്യാപനത്തോതും ‌വലുതായിരിക്കും. ഇത്‌ പിടിച്ചുനിർത്താൻ കഴിയില്ല.

പൊലീസിന് ഗ്ലൗസും മാസ്‌ക്കും ഫെയ്‌സ് ഷീൽഡുമാണ് ആകെയുള്ള പ്രതിരോധമാർഗം. അതിർത്തിയിൽ പാസില്ലാതെ വരുന്നവരെ കടത്തിവിടണം എന്നാവശ്യപ്പെട്ട്‌ കോൺഗ്രസ്‌ ജനപ്രതിനിധികൾ നടത്തിയ സമരത്തിൽനിന്ന്‌ കോവിഡ് പടരാനുള്ള സാധ്യതയുണ്ടെന്ന് ജില്ലാ പൊലീസ്‌ മേധാവിക്ക് മുമ്പ് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്‌ നൽകിയിരുന്നു. ജില്ലയിലെ കോൺഗ്രസ്‌ എംപി, എംഎൽഎമാർ, നേതാക്കൾ എന്നിവർക്കെതിരെ പകർച്ചവ്യാധി പ്രതിരോധ നിയമപ്രകാരം അന്ന്‌ കേസെടുത്തു. തുടർന്ന്‌ യുഡിഎഫ്‌ നേതാക്കൾ നിരീക്ഷണത്തിൽ പോകേണ്ടിവന്നു.

കോവിഡ്‌ മാനദണ്ഡങ്ങൾ ലംഘിക്കും‌: ‌‌ബിജെപി 
കോവിഡ്‌ മാനദണ്ഡങ്ങൾ ലംഘിക്കുമെന്ന ഭീഷണിയുമായി ബിജെപി കോഴിക്കോട്‌ ജില്ലാ പ്രസിഡന്റ്‌. ശനിയാഴ്‌ച നടത്തുന്ന കമീഷണർ ഓഫീസ്‌ മാർച്ചിനെക്കുറിച്ച്‌ പറയാൻ വിളിച്ച വാർത്താ സമ്മേളനത്തിലാണ്‌  ബിജെപി ജില്ലാ പ്രസിഡന്റ്‌ വി കെ സജീവന്റെ വെല്ലുവിളി. ആയിരക്കണക്കിന്‌ ആളുകളെ പങ്കെടുപ്പിച്ച്‌ പ്രതിഷേധം സംഘടിപ്പിക്കാനാണ്‌ തീരുമാനമെന്ന്‌ സജീവൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top