02 May Thursday

കെ ഫോണിലും തൃക്കാക്കര തിളങ്ങും

വെബ് ഡെസ്‌ക്‌Updated: Wednesday May 11, 2022

 

കൊച്ചി
സംസ്ഥാന സർക്കാരിന്റെ അഭിമാനപദ്ധതിയായ കെ ഫോൺ സൗജന്യ ഇന്റർനെറ്റ് കണക്‌ഷൻ വീടുകളിലേക്ക് എത്തുമ്പോൾ തൃക്കാക്കരയ്‌ക്കും അഭിമാനിക്കാം. മണ്ഡലത്തിൽ ഉൾപ്പെട്ട ഇൻഫോപാർക്കിലെ തപസ്യയിലാണ്‌ സംസ്ഥാനത്തെയാകെ ബന്ധിപ്പിക്കുന്ന കെ ഫോൺ ശൃംഖലയുടെ ഏകോപനസംവിധാനമായ നെറ്റ്‌വർക് ഓപ്പറേഷൻ സെന്റർ (നോക്‌) പ്രവർത്തിക്കുന്നത്‌. ഇന്റർനെറ്റ്‌ പൗരന്റെ അടിസ്ഥാനാവകാശമെന്ന പ്രഖ്യാപനത്തോടെ അടുത്തമാസം മണ്ഡലത്തിലെ 500 കുടുംബങ്ങൾക്ക്‌ ആദ്യഘട്ടമായി കെ ഫോണിലൂടെ സൗജന്യ ഇന്റർനെറ്റ്‌ എത്തും.

കേരളത്തിന്റെ സിലിക്കൺ വാലിയെന്ന്‌ അറിയപ്പെടുന്ന ഇൻഫോപാർക്കിനെ കെ ഫോണിന്റെ ആസ്ഥാനമായി തെരഞ്ഞെടുത്തത്‌ യാദൃച്ഛികമല്ല. 2019ലാണ്‌ തപസ്യ ബിൽഡിങ്ങിൽ ആസ്ഥാനം തുറന്നത്‌.   14 ജില്ലകളെയും ബന്ധിപ്പിച്ചുള്ള കോർ റിങ്ങിന്റെയും ജില്ലകളിലെ നെറ്റ്‌വർക്കിനെ ബന്ധിപ്പിക്കുന്ന കോർ പോപിന്റെയും ഗുണഭോക്താക്കളെ ബന്ധിപ്പിക്കുന്ന പോയിന്റ്‌ ഓഫ്‌ പ്രസൻസിന്റെയും (പോപ്‌) നിയന്ത്രണം തപസ്യയിലെ നെറ്റ്‌വർക് ഓപ്പറേഷൻ സെന്ററിലാണ്‌. കൂറ്റൻ ഡിജിറ്റൽ ഡിസ്‌പ്ലേയും ഉയർന്ന പ്രവർത്തനശേഷിയുള്ള കംപ്യൂട്ടറുകളും അനുബന്ധ ഇലക്‌ട്രോണിക്‌ ഉപകരണങ്ങളും ഇവിടെ സജ്ജീകരിച്ചിരിക്കുന്നു. സാങ്കേതികവിദഗ്‌ധരുടെ വൻ സംഘത്തിന്റെ നേതൃത്വത്തിൽ 24 മണിക്കൂറും ഇവിടം സജീവം.

ആദ്യഘട്ടത്തിൽ ഓരോ നിയോജകമണ്ഡലത്തിലെയും ദാരിദ്ര്യരേഖയ്‌ക്കുതാഴെയുള്ള 500 വീതം കുടുംബങ്ങൾക്കാണ്‌ സൗജന്യ ഇന്റർനെറ്റ് എത്തുക. അതിനുള്ള സേവനദാതാക്കളെ കണ്ടെത്താൻ ടെൻഡർ ക്ഷണിച്ചു. 16 വരെ ടെൻഡർ സമർപ്പിക്കാം. 17ന്‌ ടെക്‌നിക്കൽ ബിഡ്‌ തുറക്കും.  കരാർ നൽകുന്നതോടെ  സെക്കൻഡിൽ 10 മുതൽ 15 വരെ എംബിവരെ വേഗത്തിൽ ദിവസം ഒന്നര ജിബി ഡാറ്റ സംസ്ഥാനത്തെ ഏഴായിരം വീടുകളിൽ സൗജന്യമായി ലഭിക്കും. 20 ലക്ഷം ബിപിഎൽ കുടുംബങ്ങൾക്കാണ്‌ സൗജന്യ ഇന്റർനെറ്റ്‌ നൽകുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top