27 April Saturday

കൈറ്റ്‌ വിക്ടേഴ്‌സ്‌ ചാനൽ ഫസ്‌റ്റ്‌ ബെൽ നൂറാം ദിവസം പിന്നിട്ടു

നിമിഷ ജോസഫ്‌Updated: Monday Sep 7, 2020


തിരുവനന്തപുരം
കോവിഡ്‌ മഹാമാരിയിൽ കുട്ടികളുടെ പഠനം തളരാതിരിക്കാൻ ഏർപ്പെടുത്തിയ ഓൺലൈൻ ക്ലാസ്‌ ഫസ്‌റ്റ്‌ ബെൽ നൂറാം ദിവസം പിന്നിട്ടു. പൊതുവിദ്യാലയങ്ങളിലെ 45 ലക്ഷത്തോളം വിദ്യാർഥികളാണ്‌ കൈറ്റ്‌ വിക്ടേഴ്‌സ്‌ ചാനലിലൂടെ ഫസ്റ്റ്‌ബെൽ ക്ലാസിൽ പങ്കെടുക്കുന്നത്‌.

ജൂൺ ഒന്നിന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ‘ഫസ്റ്റ്‌ ബെല്ല’ടിച്ചാണ്‌ ക്ലാസിന്‌ തുടക്കമിട്ടത്‌. സർക്കാരിനൊപ്പം നാടും കൈകോർത്തപ്പോൾ പഠനസൗകര്യമില്ലാതിരുന്ന കുട്ടികൾക്ക്‌ ടിവിയും മൊബൈൽ ഫോണും നെറ്റ്‌ കണക്‌ഷനും ഒരുങ്ങി. എസ്‌സിഇആർടി, എസ്‌എസ്‌കെ, എസ്‌ഐഇടി തുടങ്ങിയവയുടെ നേതൃത്വത്തിലാണ്‌‌ അധ്യാപന വീഡിയോ നിർമിച്ചത്‌. ജൂൺ 14 വരെ പരീക്ഷണാടിസ്ഥാനത്തിലും പിന്നീട്‌ സിലബസ്‌ അനുസരിച്ച് കൈറ്റ്‌ വിക്ടേഴ്‌സ്‌ ചാനലിലൂടെയും യുട്യൂബിലുടെയും  സംപ്രേഷണംചെയ്‌തു.

തങ്കുപ്പൂച്ചയുടെ കഥ പറഞ്ഞ സായി ടീച്ചറും രസകരമായി പഠിപ്പിച്ച നൗഫൽ മാഷും മുതൽ മോഹൻലാലും ഗായിക ചിത്രയും ഒളിമ്പിക്‌ താരങ്ങളും വരെ അധ്യാപകരാ‌യെത്തി.

ഒന്നുമുതൽ പത്തുവരെയുള്ളവർക്കും പ്ലസ്‌ടു വിദ്യാർഥികൾക്കുമായിരുന്നു‌ ആദ്യ ഘട്ടത്തിൽ ക്ലാസ്‌‌. പിന്നീട്‌ കായികം, യോഗ, കരിയര്‍, മോട്ടിവേഷന്‍ ക്ലാസുകളും തുടങ്ങി. മാനസികാരോഗ്യ ക്ലാസും ഉടൻ ആരംഭിക്കും.ആയിരത്തിലധികം അധ്യാപകരുടെ സഹായത്തോടെ 1500 ഡിജിറ്റല്‍ ക്ലാസ്‌ പൂര്‍ത്തിയായി‌. പ്രതിമാസം 141 രാജ്യത്തുനിന്നായി 442 ടിബി ഡേറ്റ ഉപയോഗം കൈറ്റ് വിക്ടേഴ്‌സിന്റെ വെബ്-മൊബൈല്‍ പ്ലാറ്റ്‌ഫോമുകളിലൂടെ ലഭിക്കുന്നുണ്ട്. 18.1 ലക്ഷം വരിക്കാരും പ്രതിമാസം 15 കോടി കാഴ്‌ചക്കാരുമുള്ള യുട്യൂബ് ചാനലില്‍ പരസ്യങ്ങള്‍വഴി ആദ്യമാസം 15 ലക്ഷം രൂപ ലഭിച്ചു. ഈ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ നൽകി.

‘രണ്ടു പതിറ്റാണ്ടുകാലത്തെ കേരളത്തിലെ ഐടി വിദ്യാഭ്യാസ അനുഭവം പകർന്ന ഊർജത്താലാണ്‌ ഡിജിറ്റൽ വിദ്യാഭ്യാസം എല്ലാവർക്കുമെത്തിച്ച്‌ പുതുമാതൃക സൃഷ്ടിക്കാൻ നമുക്ക്‌ കഴിഞ്ഞത്‌’–- കൈറ്റ്‌ സിഇഒ കെ അൻവർ സാദത്ത്‌ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top