27 April Saturday

യുവാക്കളെ കൊന്നൊടുക്കാൻ കോൺഗ്രസ് ബിജെപി ഗഡ്‌ ബന്ധൻ: എ എ റഹിം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 7, 2020


കൊച്ചി
യുവാക്കളെ കൊന്നൊടുക്കി പ്രകോപനമുണ്ടാക്കി സമാധാനാന്തരീക്ഷം തകർത്ത്‌ എൽഡിഎഫ്‌ സർക്കാരിനെ അട്ടിമറിക്കാൻ ‘കോൺഗ്രസ്–-ബിജെപി ഗഡ്‌ ബന്ധൻ’ രൂപപ്പെട്ടുവെന്ന്‌ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹിം. കോൺഗ്രസും ബിജെപിയും ആസൂത്രിതമായി കൊലപാതകം നടത്തി ഒരുമിച്ച്‌ ന്യായീകരിക്കുകയാണെന്നും റഹിം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

തെരഞ്ഞെടുപ്പിനുമുന്നോടിയായുള്ള കോൺഗ്രസ്–-ബിജെപി വിശാലസഖ്യം പരസ്യമാണ്‌. വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിനെതിരെ ഒരു വാക്കുപറയാൻ ബിജെപിയോ തൃശൂർ സംഭവത്തിൽ ഒരു വാക്ക് മിണ്ടാൻ കോൺഗ്രസോ തയ്യാറായിട്ടില്ല. ബിജെപിക്കുവേണ്ടി വാദിക്കുന്ന കെപിസിസി നേതാക്കളെയാണ് ചാനൽ ചർച്ചകളിൽ കാണുന്നത്‌.

തിരുവനന്തപുരത്ത് ആർഎസ്എസ് പ്രവർത്തകൻ കൊല്ലപ്പെട്ടപ്പോൾ അക്രമരാഷ്ട്രീയത്തിനെതിരെ നിരാഹാരമിരുന്നയാളാണ് പ്രതിപക്ഷനേതാവ്. കോൺഗ്രസ് നേതാവ്‌ കെ സുധാകരന്റെ സമരപ്പന്തലിൽ ഐക്യദാർഢ്യവുമായി എത്തിയത് ആർഎസ്‌എസ്‌ നേതാവ് വത്സൻ തില്ലങ്കേരിയായിരുന്നു.  ചാനൽ ചർച്ചയിൽ കോൺഗ്രസ് നേതാക്കൾ ആർഎസ്എസ് ക്രിമിനലുകളെ ന്യായീകരിക്കരുതെന്നെങ്കിലും പറയാൻ ചെന്നിത്തല തയ്യാറാകണമെന്നും എ എ റഹിം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ്‌ എസ്‌ സതീഷ്‌, ജില്ലാ സെക്രട്ടറി എ എ അൻഷാദ്‌, സംസ്ഥാന കമ്മിറ്റി അംഗം സോളമൻ സിജു എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

14ന് കാൽലക്ഷം യൂണിറ്റുകളിൽ പ്രതിഷേധം
കേരളത്തിലെ കോൺഗ്രസ്‌–-ബിജെപി ഗഡ്‌ ബന്ധൻ തുറന്നുകാണിക്കുന്നതിന്‌ ഡിവൈഎഫ്ഐ ഒരാഴ്‌ചത്തെ ക്യാമ്പയിൻ സംഘടിപ്പിക്കും. കൊലപാതകരാഷ്‌ട്രീയത്തിനെതിരെ സമൂഹമനസ്സാക്ഷി ഉണർത്തുന്നതിന്റെ ഭാഗമായി പ്രവർത്തകർ സാംസ്‌കാരികനായകരെയും സാമൂഹ്യപ്രവർത്തകരെയും സന്ദർശിക്കും. ഈ വിഷയം പൊതുസമൂഹത്തിൽ ചർച്ചയ്‌ക്ക്‌ വയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് എല്ലാ മാധ്യമങ്ങളുടെ എഡിറ്റർമാർക്കും കത്തയക്കും.   14ന് കേരളത്തിലെ കാൽലക്ഷം യൂണിറ്റ് കേന്ദ്രങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കും. കോവിഡ് മാനദണ്ഡങ്ങളുടെ ഭാഗമായി അഞ്ചുപേർമാത്രം പങ്കെടുത്ത്‌ ഒരു യൂണിറ്റിൽ അഞ്ചിടത്തുവീതമാകും പ്രതിഷേധം.

കൊല്ലപ്പെട്ടവരോട് ചില മാധ്യമങ്ങൾക്ക്‌ അയിത്തം
കോൺഗ്രസ്‌–-ബിജെപി ക്രിമിനലുകൾ കൊലപ്പെടുത്തിയ ഡിവൈഎഫ്‌ഐ പ്രവർത്തകരോട്‌ ചില മാധ്യമങ്ങൾക്ക്‌ അയിത്തമാണെന്ന്‌ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹിം. തൃശൂർ സംഭവത്തിൽ ഒരു ചിത്രം കൊടുക്കാൻപോലും മനോരമയും മാതൃഭൂമിയും തയ്യാറായില്ല. സെലക്ടീവായിട്ടാണ് ചില മാധ്യമങ്ങൾ ഇടപെടുന്നത്. പ്രതിസ്ഥാനത്ത് ഇടതുപക്ഷപ്രവർത്തകർ ആയിരുന്നെങ്കിൽ ഒന്നാംപേജിൽ വാർത്തയും ചിത്രവും വരുമായിരുന്നു. ചില ദൃശ്യമാധ്യമങ്ങൾ ഈ വിഷയം ചർച്ചയ്‌ക്കെടുത്തത്‌ സ്വാഗതാർഹമാണെന്നും റഹിം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top