02 May Thursday

പാലിയം സമരം പുതുതലമുറ 
മനസ്സിലാക്കേണ്ട ചരിത്രം: പി രാജീവ്‌

വെബ് ഡെസ്‌ക്‌Updated: Sunday Aug 7, 2022


കൊച്ചി
പാലിയം സമരനായകൻ എ ഐ ജലീലിനെക്കുറിച്ചുള്ള രചനകൾ സമാഹരിച്ച ‘പലരായിരുന്ന ഒരാൾ’ പുസ്തകം മന്ത്രി പി രാജീവ്‌ പ്രകാശിപ്പിച്ചു. പുതുതലമുറ മനസ്സിലാക്കേണ്ട ചരിത്രമാണ് പാലിയത്തിന്റേതെന്ന്‌ അദ്ദേഹം പറഞ്ഞു. ചരിത്രത്തെ പലരീതിയിൽ വളച്ചൊടിക്കാൻ ശ്രമിക്കുന്ന കാലഘട്ടമാണിത്‌.  പ്രതീതിയേത് യാഥാർഥ്യമേതെന്ന് തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലേക്ക്‌ കാലംമാറുന്നു. എല്ലാത്തിനെയും ചരിത്രവൽക്കരിക്കുകയും സിദ്ധാന്തവൽക്കരിക്കുകയും ചെയ്യണം. വസ്തുതകൾ സമൂഹത്തിലേക്ക്‌ എത്തിക്കുകയെന്ന ദുഷ്കരമായ ഉത്തരവാദിത്വം ഏറ്റെടുക്കാൻ എല്ലാവരും തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു. ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിലെ ചടങ്ങിൽ സംഘാടകസമിതി ചെയർമാൻ സി എം ദിനേശ്‌മണി അധ്യക്ഷനായി. പുസ്തകം പി രാജീവിൽനിന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ ഏറ്റുവാങ്ങി. മുതിർന്ന പത്രപ്രവർത്തകൻ രവി കുറ്റിക്കാട്‌ എഡിറ്റ്‌ ചെയ്‌ത പുസ്തകം പ്രണത ബുക്സാണ്‌ പ്രസിദ്ധീകരിച്ചത്‌. സിപിഐ ജില്ലാ സെക്രട്ടറി പി രാജു, മേയർ എം അനിൽകുമാർ, കെ വി അനിൽകുമാർ, രവി കുറ്റിക്കാട്, ഷാജി ജോർജ് പ്രണത, കെ പി സദാനന്ദൻ എന്നിവർ സംസാരിച്ചു. സമരനായകൻ എ ഐ ജലീലിന്റെ മകൾ സിൻസിൽ, ടി എ പീറ്ററിന്റെ മകൻ ജോയി പീറ്റർ എന്നിവർ പങ്കെടുത്തു. രാജേന്ദ്രൻ തൃപ്പൂണിത്തുറ പാലിയം സമരഗാനം ആലപിച്ചു.

പാലിയത്ത്‌ വഴിനടക്കാനുള്ള അവകാശത്തിനായി നടത്തിയ ഐതിഹാസികപ്രക്ഷോഭത്തിന്റെ 75–-ാം വാർഷികത്തോടനുബന്ധിച്ചാണ്‌ പുസ്തകം പ്രകാശിപ്പിച്ചത്‌. സമരത്തിന്‌ നേതൃത്വം നൽകിയ എ ഐ ജലീലിനെക്കുറിച്ചുള്ള കുറിപ്പുകൾ, ജലീൽ എഴുതിയ ആത്മകഥാംശമുള്ള നോവൽ, കത്തുകൾ തുടങ്ങിയവ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top