26 April Friday

ഹൈടെക്‌ മികവിൽ വിജയക്കുതിപ്പ‌് ; അടുത്തവർഷം ഫലം എസ‌്എംഎസ്സായി കിട്ടും

എം വി പ്രദീപ‌്Updated: Tuesday May 7, 2019


പൊതുവിദ്യാലയങ്ങളെ ഹൈടെക‌് ആക്കിയപ്പോൾ അക്കാദമി‌ക‌് മികവിലും വിജയക്കുതിപ്പ‌ിപ്പ‌്.  അഞ്ച‌് വർഷത്തെ പത്താം ക്ലാസ‌് ഫലം  വിശകലനം ചെയ‌്താൽ മൂന്നുവർഷം സംരക്ഷണയജ‌്ഞത്തിന്റെ കരുത്തിൽ പൊതുവിദ്യാഭ്യാസ മേഖല അടിസ്ഥാന സൗകര്യവികസനത്തിനൊപ്പം അക്കാദമിക‌് മുന്നേറ്റത്തിലും കുതിപ്പിന്റെ പാതയിലാണെന്ന‌് വ്യക്തമാകും. 2015 മുതൽ 2019 വരെയുള്ള വർഷങ്ങളിലും ഓരോ വർഷവും എസ‌്എസ‌്എൽസി പരീക്ഷ എഴുതുന്ന ആകെ വിദ്യാർഥികളുടെ എണ്ണം കുറയുമ്പോഴും മുഴുവൻ എ പ്ലസ‌് വിദ്യാർഥികളുടെ എണ്ണം വർധിച്ചു. 2015 ൽ 468243 വിദ്യാർഥികൾ പരീക്ഷ എഴുതിയപ്പോൾ  2019ൽ 434729 പേരാണ‌് എഴുതിയത‌്‌. 

2015ൽ  മുഴുവൻ എ പ്ലസ‌് ലഭിച്ച വിദ്യാർഥികൾ 15430 ആയിരുന്നെങ്കിൽ 2019 ൽ അത‌് 37334 ആയി. 2017ൽ എ പ്ലസുകാർ 20294 ആയിരുന്നപ്പോൾ 2018 ൽ 34313 ആയി.എ ഗ്രേഡും അതിന‌് മുകളിലും ലഭിച്ച വിദ്യാർഥികളുടെ എണ്ണത്തിലും ഉണ്ടായ വർധന പൊതുവിദ്യാർഥികളുടെ പഠനമികവ‌് വെളിപ്പെടുത്തുന്നതാണ‌്. 
2017 ൽ 41827 കുട്ടികളാണ‌് എ ഗ്രേഡും അതിന‌് മുകളിലും നേടിയതെങ്കിൽ 2019 ൽ മുഴുവൻ എ ഗ്രേഡുകാരുടെ എണ്ണം 67508 ആയി ഉയർന്നു. ബി പ്ലസ‌് ഗ്രേഡും അതിന‌് മുകളിലും ലഭിച്ചവരുടെ എണ്ണത്തിലും വർധനയുണ്ട‌്.

2017 ൽ 7237 പേർ ബി  പ്ലസും അതിനു മുകളിലും നേടിയപ്പോൾ 2018 ൽ ഇത‌് 99842 ഉം 19 ൽ അത‌് 109136 ആയി ഉയർന്നു. 2017 ൽ ഒരു വിഷയത്തിന‌് പോലും ഡി ഗ്രേഡ‌് നേടാത്ത 21 കുട്ടികൾ ഉണ്ടായിരുന്നു. ഇത്തവണ ഒരാൾ മാത്രമാണ‌് ഈ ലിസ‌്റ്റിലുള്ളത‌്. മുഴുവൻ വിദ്യാർഥികളും ഉപരിപഠനത്തിന‌്  അർഹത നേടിയ സ‌്കൂളുകളുടെ എണ്ണത്തിലും വർധന ഉണ്ടായി.

2017 ൽ 405 സർക്കാർ സ‌്കൂളുകൾ നൂറു മേനി കൊയ‌്തപ്പോൾ 2019 ൽ 599 ആയി ഉയർന്നു. എയ‌്ഡഡ‌്, അൺ–- എയ‌്ഡഡ‌് മേഖലകളിലും നുറുമേനി വിജയം വർധിച്ചിട്ടുണ്ട‌്.

എ പ്ലസില്‍ മുന്നില്‍ മലപ്പുറം
മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേട്ടം സ്വന്തമാക്കിയവരിൽ ഏറ്റവും കൂടുതൽ മലപ്പുറം ജില്ലയിൽ. മലപ്പുറത്ത് ആകെ 5970 പേരാണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് സ്വന്തമാക്കിയത്. ഇതിൽ 4204 പെൺകുട്ടികളും 1766 ആൺകുട്ടികളുമാണ് ഉൾപ്പെടുന്നത്.  തൊട്ടു പിന്നിലായി കോഴിക്കോടാണുള്ളത്. 1411 ആൺകുട്ടികളും 3025 പെൺകുട്ടികളും ഉൾപ്പെടെ 4436 വിദ്യാർഥികളാണ് കോഴിക്കോട‌് എല്ലാ വിഷയങ്ങൾക്കും  എ പ്ലസ് നേട്ടം സ്വന്തമാക്കിയത്.

പട്ടികജാതി വിഭാഗത്തില്‍ 95.77 %  പട്ടികവർഗ വിഭാഗത്തിൽ 87.20%
എസ്എസ്എൽസി പരീക്ഷയിൽ പട്ടികജാതി വിഭാഗത്തിലുള്ള വിദ്യാർഥികളിൽ 95.77 ശതമാനം പേരാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്.
 43187 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 41359 പേർ ഉപരിപഠന യോഗ്യത നേടി. വിജയശതമാനം 95.77. 1091 പേർക്ക് എല്ലാ വിഷയങ്ങൾക്കും എപ്ലസ്  ലഭിച്ചു.  പട്ടികവർഗവിഭാഗത്തിൽ പരീക്ഷയ്ക്കിരുന്ന 8103 വിദ്യാർഥികളിൽ 7066 പേരും ഉപരിപഠന യോഗ്യത നേടി.  87.20 ശതമാനമാണിത്. ഈ വിഭാഗത്തിലുള്ള 80 പേർ എല്ലാ വിഷയത്തിനും എ പ്ലസിന‌് അർഹരായി.

ഒബിസി വിഭാഗത്തിൽ പരീക്ഷയ്ക്കിരുന്ന 294280 പേരിൽ 289586 പേർ ഉന്നതപഠനത്തിന് യോഗ്യരായി. വിജയശതമാനം 98.40. 23352 പേർക്കാണ് എല്ലാ വിഷയത്തിനും എ പ്ലസ്. ഒഇസി വിഭാഗത്തിൽ 14041 പേർ പരീക്ഷ എഴുതി, 13830 പേർ വിജയം നേടി. വിജയശതമാനം 98.50 . 762 പേർക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു.

പുനർമൂല്യനിർണയം അപേക്ഷ ഇന്ന‌ുമുതൽ നൽകാം
എസ‌്എസ‌്എൽസി പുനർമൂല്യനിർണയം, സൂക്ഷ‌്മപരിശോധന, പകർപ്പ‌് എന്നിവയ‌്ക്കായുള്ള അപേക്ഷകൾ ചൊവ്വാഴ‌്ച മുതൽ 10 വരെ ഓൺലൈനായി നൽകാം.
അപേക്ഷകളുടെ പ്രിന്റൗട്ടും ഫീസും അതത‌് സ‌്കൂൾ പ്രധാനാധ്യാപകർക്ക‌് 10ന‌് വൈകിട്ട‌് അഞ്ചിന‌് മുമ്പ‌് നൽകണം. അപേക്ഷകളുടെ ഓൺലൈൻ കൺഫർമേഷൻ പ്രധാനാധ്യാപകർ നടത്തണം. പുനർമൂല്യനിർണയം, സൂക്ഷ‌്മപരിശോധന, പകർപ്പ‌് എന്നിവയ‌്ക്ക‌് പേപ്പർ ഒന്നിന‌് യഥാക്രമം 400, 50, 200 രൂപവീതമാണ‌് ഫീസ‌്. ആദ്യ രണ്ടിന്റെ ഫലം 31ന‌് പരീക്ഷാഭവൻ വെബ‌്സൈറ്റിൽ പ്രസിദ്ധീകരിക്കും. ഉത്തരക്കടലാസുകളുടെ പകർപ്പ‌് 31ന‌് ലഭിക്കും. വെബ‌്സൈറ്റ‌്: keralapareekshabhavan.in.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top