26 April Friday

ഉപതെരഞ്ഞെടുപ്പിലെല്ലാം നേട്ടം എൽഡിഎഫിന്‌

വെബ് ഡെസ്‌ക്‌Updated: Saturday Sep 5, 2020


തിരുവനന്തപുരം
എൽഡിഎഫ്‌ സർക്കാർ അധികാരത്തിൽ വന്നശേഷം നടന്ന ഉപതെരഞ്ഞെടുപ്പിൽ നേട്ടം കൊയ്‌തത്‌ എൽഡിഎഫ്‌. എട്ടു മണ്ഡലത്തിലാണ്‌  ഉപതെരഞ്ഞെടുപ്പ്‌ നടന്നത്‌. ഇതിൽ നാല്‌ സീറ്റിൽവീതം എൽഡിഎഫും യുഡിഎഫും വിജയിച്ചു. എന്നാൽ, എൽഡിഎഫ്‌ ജയിച്ച മൂന്ന്‌‌ സീറ്റും യുഡിഎഫിൽനിന്ന്‌ പിടിച്ചെടുത്തു. നഷ്ടമായത്‌ ഒരു സീറ്റ്‌ മാത്രവും. യുഡിഎഫിനാകട്ടെ, മൂന്ന്‌ സീറ്റും കൈയിൽനിന്ന്‌ പോയി. പാലാ,  കോന്നി, വട്ടിയൂർക്കാവ്‌ എന്നീ കുത്തക മണ്ഡലങ്ങളാണ്‌ യുഡിഎഫിന്‌ നഷ്ടമായത്‌. അരൂരിൽ  ജയിച്ചതാകട്ടെ കഷ്ടിച്ചും.

എൽഡിഎഫ്‌ സർക്കാർ വന്നശേഷം ആദ്യ ഉപതെരഞ്ഞെടുപ്പ്‌ 2017 ഒക്ടോബറിൽ വേങ്ങരയിലായിരുന്നു. ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ മുസ്ലിംലീഗ്‌ നേതാവ്‌ പി കെ കുഞ്ഞാലിക്കുടി രാജിവച്ചതിനെ തുടർന്നായിരുന്നു ഒഴിവ്‌. ഉപതെരഞ്ഞെടുപ്പിൽ സീറ്റ്‌ ലീഗിലെ കെ എൻ എ ഖാദർ നിലനിർത്തി.

എൽഡിഎഫ്‌ അംഗം കെ കെ രാമചന്ദ്രൻനായരുടെ മരണത്തെ തുടർന്ന്‌ 2018 മേയിൽ ചെങ്ങന്നൂരിൽ ഉപതെരഞ്ഞെടുപ്പ്‌. എൽഡിഎഫ്‌ സ്ഥാനാർഥി സിപിഐ എമ്മിലെ സജി ചെറിയാൻ റെക്കോഡ്‌ ഭൂരിപക്ഷത്തിനാണ്‌ വിജയിച്ചത്‌. കേരള കോൺഗ്രസ്‌ നേതാവ്‌ കെ എം മാണിയുടെ നിര്യാണത്തെ തുടർന്ന്‌ 2019 സെപ്‌തംബറിലായിരുന്നു പാലാ ഉപതെരഞ്ഞെടുപ്പ്‌. പതിറ്റാണ്ടുകളായി യുഡിഎഫ്‌മാത്രം ജയിച്ച പാലാ മണ്ഡലത്തിൽ എൽഡിഎഫ്‌ സ്ഥാനാർഥി എൻസിപിയിലെ മാണി സി കാപ്പൻ അട്ടിമറി വിജയം നേടി.

2019 ഒക്ടോബറിൽ അഞ്ച്‌ മണ്ഡലത്തിലേക്ക്‌ ഒരുമിച്ചായിരുന്നു ഉപതെരഞ്ഞെടുപ്പ്‌.  ഇതിൽ വട്ടിയൂർക്കാവും കോന്നിയും എൽഡിഎഫ്‌ പിടിച്ചെടുത്തപ്പോൾ അരൂർ നഷ്ടമായി. മഞ്ചേശ്വരവും എറണാകുളവും യുഡിഎഫ്‌ നിലനിർത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top